Pages

Search This Blog

Tuesday, July 6, 2010

വിമര്‍ശനത്തിന്‍റെ പ്രവാചക മാതൃക

പ്രവാചകനെ അപമാനപ്പെടുത്തുന്ന വിധത്തില്‍ പരീക്ഷാചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍റെ കൈകള്‍ മുറിച്ചു ഒരു കൂട്ടമാളുകള്‍ തങ്ങളുടെ മതസ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ്. മുസ്‌ലിം സംഘടനകളും സാംസ്കാരിക ബു ജി കളും അക്രമത്തെ ശക്തമായി അപലപിക്കുകയും മനുഷ്യത്വ രഹിത പ്രവര്‍ത്തനമായി അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അവസരം പതിവുപോലെ ഇസ്ലാം വിരോധികള്‍ മഹാമഹം ആഘോഷിക്കുകയും ചെയ്യുന്ന ഒരവസരത്തില്‍ വിമര്‍ശനത്തിന്‍റെ പ്രവാചക മാതൃക പരിശോധിക്കുന്നത്തില്‍ സാംഗത്യമുണ്ട്.

ഏകദൈവ വിശ്വാസത്തിലേക്ക് തന്‍റെ ജനങ്ങളെ ക്ഷണിക്കുന്നതിന് മുന്‍പ് നാട്ടുകാരുടെ സ്നേഹഭാജനമായിരുന്നു പ്രവാചകന്‍ മുഹമ്മദ്‌. അവര്‍ക്കിടയിലെ വഴക്കും വക്കാണവും പരിഹരിക്കുന്നതില്‍ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹം വിശ്വസ്തന്‍ എന്ന അപരനാമത്താല്‍ പ്രശ്സ്തനുമായിരുന്നു. ഇസ്ലാമിക പ്രബോധനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ അവര്‍ക്കദ്ദേഹം ശത്രുവായി തീര്‍ന്നു. അവരുടെ ശത്രുതാപരമായ സമീപനങ്ങള്‍ പലപ്പോഴും പരിധികള്‍ ലംഘിക്കുന്നതായിരുന്നു.

നിത്യേന തന്‍റെ വീട്ടില്‍ അടിച്ചുകൂട്ടുന്ന അഴുക്കുകളും ചണ്ടിയും പ്രവാചക ശരീരത്തിലേക്ക് വലിച്ചെറിയാന്‍ കാത്തിരുന്നൊരു അയല്‍ക്കാരിയുണ്ടായിരുന്നു അദ്ദേഹത്തിന്. തന്‍റെ മതവിശ്വാസത്തെ ചോദ്യം ചെയ്ത മുഹമ്മദിനെ ശാരീരികമായി കൈകാര്യം ചെയ്ത ഒരു സ്ത്രീ. അവരുടെ അമര്‍ഷവും വിദ്വേഷവും അവര്‍ പ്രകടിപ്പിച്ചത് പ്രവാചക ശരീരം മലീമസമാക്കിയായിരുന്നു. അവരുടെ കൈകള്‍ അറുത്തുമാറ്റാനോ സമാനരീതിയില്‍ കൈയേറ്റം ചെയ്യാനോ ആയിരുന്നില്ല പ്രവാചകന്‍ ശ്രമിച്ചത്. മറിച്ച്, ഒരു ദിവസം ചണ്ടിയഭിഷേകം കാണാതിരുന്നപ്പോള്‍ തന്‍റെ അയല്‍ക്കാരിയെ കുറിച്ച് അന്വേഷിക്കുകയും രോഗിയായ അവരെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുകയുമാണ് അദ്ദേഹം ചെയ്തത്.

ഒരിക്കല്‍ കഅബയ്ക്ക് സമീപം ആരാധിക്കാന്‍ ചെന്ന പ്രവാചകന്‍ അതിന്‍റെ സൂക്ഷിപ്പുകാരനായ ഉസ്മാന്‍ ബ്നു ത്വല്‍ഹയോട് അതിനുള്‍വശം കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ക്രുദ്ധനായ അയാള്‍ പ്രവാചക മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി. മറുത്തൊന്നും പറയാതെ പ്രവാചകന്‍ അവിടെനിന്നു പിരിഞ്ഞുപോന്നു. പിന്നീട് പ്രവാചകന്‍ മക്ക കീഴടക്കിയപ്പോള്‍ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഉസ്മാനെ അന്വേഷിച്ചു. അധികാരം നേടിയ അദ്ദേഹം തിരിച്ചടിക്കാന്‍ വേണ്ടിയാണു ഉസ്മാനെ തിരക്കുന്നതെന്ന് എല്ലാവരും കരുതി. മരണം മുന്നില്‍ കണ്ടു ഭയപ്പാടോടെ ഉസ്മാന്‍ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി കടന്നു വന്നു. താക്കോല്‍ വാങ്ങിയ പ്രവാചകന്‍ കഅബ തുറന്ന് അതിനകത്തുള്ള വിഗ്രഹങ്ങളെ നീക്കിയശേഷം വീണ്ടും ഉസ്മാനെ അന്വേഷിച്ചു. ഉസ്മാന്‍റെ ശിക്ഷ എല്ലാവരും പ്രതീക്ഷിച്ചു. പ്രവാചകന്‍ താക്കോല്‍ തിരികെ നല്‍കി അതു തുടര്‍ന്നും സൂക്ഷിക്കാന്‍ അധികാരം നല്‍കി. പ്രവാചക ശിഷ്യരിലെ പ്രമുഖരായ അബൂബക്കറും ഉമറും ഉസ്മാനും അലിയും ആ താക്കോല്‍ സൂക്ഷിക്കാനുള്ള ബഹുമതിക്കായി കാത്തിരിക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ അധികാരവും കഴിവും ഉണ്ടായിരുന്നിട്ടും വിട്ടുവീഴ്ച കാണിച്ച മഹാ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റെത്.

പ്രവാചകനെ നിരന്തരം ഉപദ്രവിച്ചിരുന്ന അബൂസുഫ്യാനോട് എങ്ങനെ പെരുമാറിയെന്നതിനു ചരിത്രം സാക്ഷിയാണ്. ആശയസംഘട്ടനത്തെ ആയുധ സംഘട്ടനമാക്കുന്നവര്‍ക്ക് എക്കാലത്തും ഉത്തമ മാതൃകയാണ് പ്രവാചകന്‍ മുഹമ്മദ്‌. കാള പെറ്റെന്ന് കേള്‍ക്കും പോഴേക്കും കയറെടുക്കുന്ന ഇസ്ലാം വിരോധികള്‍ മതത്തെ അതിന്‍റെ പ്രമാണങ്ങള്‍ ഉദ്ധരിച്ച് വിമര്‍ശിക്കാന്‍ പഠിക്കുന്നത് നല്ലതാണ്. അവിവേകികളായ വ്യക്തികളുടെ എടുത്തുചാട്ടങ്ങളെ അന്യൂനമായ ദൈവികമതത്തെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നത് ശരിയല്ലായെന്നു മാത്രം സൂചിപ്പിക്കുന്നു. പ്രമാണങ്ങള്‍ ഉദ്ധരിച്ച് ഇസ്ലാമിനെ വിമര്‍ശിക്കാനും ആരോഗ്യപരമായ സംവാദങ്ങള്‍ക്കും ഏവര്‍ക്കും സ്വാഗതം.

1 comment:

  1. രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്‌' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

    മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .


    ഇവിടെ കാണുന്ന പ്രതിഷേധ ബ്ലോഗുകള്‍ കൂടി വായിക്കുമല്ലോ ..

    ReplyDelete