Pages

Search This Blog

Friday, July 16, 2010

പ്രവാചകവിമര്‍ശം തുടരുന്ന ചരിത്രം

വിമര്‍ശനങ്ങളുടെ അതിരും പരിധിയും കേരളത്തില്‍ സജീവമായ ചര്‍ച്ചക്ക്‌ വിഷയീഭവിച്ചിരിക്കുകയാണ്‌. പ്രവാചകന്‍ മുഹമ്മദിനെ(സ) അപഹസിച്ച്‌ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളെജ്‌ അധ്യാപകന്‍ ജോസഫിന്റെ വലതു കൈ ചിലര്‍ അറുത്ത്‌ മാറ്റിയതാണ്‌ പുതിയ ചര്‍ച്ചക്ക്‌ കാരണമായിട്ടുള്ളത്‌.

ചോദ്യപേപ്പറിലെ അബദ്ധം അത്‌ അച്ചടിക്കുന്നതിന്‌ മുമ്പേതന്നെ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറാകാതെ ധാര്‍ഷ്‌ട്യം കാണിച്ചത്‌ ജോസഫ്‌ ചെയ്‌ത കുറ്റമാണെന്നതില്‍ സംശയമില്ല. എന്നാല്‍ നിയമവും നിയമവാഴ്‌ചയുമുള്ള ഒരു സ്റ്റേറ്റില്‍ ഇത്തരം കൈയേറ്റങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്‌. ഇസ്‌ലാമിനോടും പ്രവാചകനോടുമുള്ള സ്‌നേഹം കൊണ്ടാണ്‌ അവര്‍ ഇത്‌ ചെയ്‌തതെങ്കില്‍ വിമര്‍ശനങ്ങള്‍ക്കും അപഹാസങ്ങള്‍ക്കും പ്രവാചക മാതൃകയില്‍ തന്നെയായിരുന്നു മറുപടി പറയേണ്ടിയിരുന്നത്‌.

മുഹമ്മദ്‌നബി(സ)ക്കെതിരെയുള്ള ആദ്യ വിമര്‍ശനമൊന്നുമല്ലയിത്‌. അദ്ദേഹത്തിന്റെ ജീവിതകാലത്ത്‌ തന്നെ ആരംഭിച്ച അധിക്ഷേപങ്ങള്‍ക്ക്‌ പതിനഞ്ച്‌ നൂറ്റാണ്ടോളം പഴക്കമുണ്ട്‌. പ്രതിപക്ഷ ബഹുമാനമോ സഹിഷ്‌ണുതയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത വിമര്‍ശകരും വിമര്‍ശനങ്ങളും അദ്ദേഹത്തിനെതിരെ ആദ്യകാലം മുതലേ ഉണ്ടായിട്ടുണ്ട്‌. ഇസ്‌ലാമിക സമൂഹത്തെ പ്രകോപിതരാക്കുകയും അവരുടെ ചിന്തകളെ ഇത്തരം വിമര്‍ശനങ്ങളുടെ മറുപടിയില്‍ ഒതുക്കി നിര്‍ത്തുകയും ചെയ്യുകയെന്ന കുടിലതന്ത്രമാണ്‌ ഇതെന്ന്‌ തിരിച്ചറിയാതെ പോകരുത്‌. അവയില്‍ ഒന്നുകൂടി മാത്രമാണിത്‌. അതിനെ തിരിച്ചറിഞ്ഞ്‌ വിവേകപൂര്‍വം നേരിടാനുള്ള മനോബലം ഇസ്‌ലാമിക സമൂഹത്തിന്‌ നഷ്‌ടപ്പെടുന്നത്‌ ഭയപ്പാടോടു കൂടി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.

പ്രവാചക വിമര്‍ശനങ്ങളുടെ ചരിത്രത്തില്‍ പ്രധാനമാണ്‌ ഓറിയന്റലിസ്റ്റുകളുടെ അപവാദ പ്രചാരണങ്ങള്‍. കിഴക്കിനെ കുറിച്ചും അവിടുത്തെ മതം, ഭാഷ, കല, സംസ്‌കാരം തുടങ്ങിയവയെക്കുറിച്ചുമുള്ള പഠനങ്ങള്‍ക്കാണല്ലോ ഓറിയന്റലിസം എന്ന്‌ പറയുന്നത്‌. ഇസ്‌ലാമിക നാഗരികതയും അത്‌ കൊണ്ടുവന്ന പ്രവാചകനും ഓറിയന്റല്‍ സ്റ്റഡീസിന്റെ അവിഭാജ്യ ഘടകമാണ്‌. ഇത്തരം പഠനങ്ങള്‍ നടത്തിയ പാശ്ചാത്യര്‍ പ്രവാചകജീവിതത്തെ തികഞ്ഞ മുന്‍ധാരണയോടെ മാത്രമാണ്‌ സമീപിച്ചത്‌. ഇസ്‌ലാമിന്റെ വന്‍തോതിലുള്ള വളര്‍ച്ച കൊണ്ടും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത കൊണ്ടും സ്ഥാനമാനങ്ങള്‍ നഷ്‌ടപ്പെട്ട അക്കാലത്തെ മതസ്ഥാപനങ്ങളും രാഷ്‌ട്രീയ മേലാളന്മാരും വിരോധഭാവമുണ്ടാക്കുന്ന കാഴ്‌ചപ്പാടുകളാണ്‌ ഇസ്‌ലാമിനെയും പ്രവാചകനെയും കുറിച്ച്‌ പുറത്തുവിട്ടിരുന്നത്‌ എന്നതാണ്‌ ഇതിന്‌ പ്രധാന കാരണം. ഇസ്‌ലാം സ്വീകരണത്തില്‍ നിന്ന്‌ പൊതുജനങ്ങളെ അകറ്റി നിര്‍ത്തുകയെന്നതാണ്‌ ഇത്തരക്കാരുടെ ഗൂഢലക്ഷ്യം. അതിനായി അവര്‍ പ്രവാചകനെ ചിത്തഭ്രമം ബാധിച്ചവന്‍, കളവ്‌ പറയുന്നവന്‍, കള്ള പ്രവാചകന്‍, ക്രിസ്‌തു വിരോധി എന്നിങ്ങനെയായിരുന്നു പരിചയപ്പെടുത്തിയിരുന്നത്‌. പ്രശസ്‌തനായ ഓറിയന്റലിസ്റ്റ്‌ എഴുത്തുകാരന്‍ മോണ്ട്‌ഗോമെറി വാട്ട്‌ പറയുന്നു: ``ചരിത്രത്തിലെ പ്രശസ്‌തരായ വ്യക്തികളില്‍ പ്രവാചകന്‍ മുഹമ്മദിനോളം മറ്റൊരാളെയും കരിതേച്ചു കാണിച്ചിട്ടുണ്ടായിരിക്കില്ല'' (Muhammad at Madina,�p. 324).

പ്രവാചക വിമര്‍ശനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച വ്യക്തികളിലൊരാളായിരുന്നു ദമാസ്‌കസുകാരനായ ജോണ്‍ (750 എ ഡി). De haeresibus എന്ന തന്റെ പുസ്‌തകത്തിന്റെ അവസാനഭാഗത്ത്‌ പ്രവാചകനെ ദൈവവിരോധിയും കള്ളനുമായാണ്‌ ക്രിസ്‌തീയ പുരോഹിതനായ ജോണ്‍ പരിചയപ്പെടുത്തുന്നത്‌. അദ്ദേഹത്തെ പിന്തുടര്‍ന്ന മധ്യകാല ഓറിയന്റലിസ്റ്റുകള്‍ പ്രവാചകനെക്കുറിച്ച്‌ ഇതേ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നതായി കാണാം. പ്രവാചകന്റെ വിവാഹങ്ങളും അദ്ദേഹം നടത്തിയ യുദ്ധങ്ങളും വളരെയേറെ തെറ്റിദ്ധാരണകള്‍ വളര്‍ത്തുന്ന രീതിയിലാണ്‌ ജോണ്‍ തന്റെ രചനകളില്‍ പ്രതിപാദിച്ചിരിക്കുന്നത്‌. ഈ മുന്‍വിധികളും പക്ഷപാതചിന്തകളും അദ്ദേഹത്തെ ഉദ്ധരിച്ച്‌ പില്‍ക്കാലത്ത്‌ നിരന്തരം ആവര്‍ത്തിക്കപ്പെട്ടു. അത്‌ ഇന്നും നിലനില്‍ക്കുന്നുവെന്നതാണ്‌ സത്യം.

പ്രവാചകനെ കുറിച്ച്‌ വളരെ മോശപ്പെട്ട അഭിപ്രായം പാശ്ചാത്യ ലോകത്ത്‌ പ്രചരിപ്പിക്കുന്നതില്‍ സ്‌പെയിനിലെ ക്രിസ്‌ത്യാനികളും ജൂതന്മാരും നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഇസ്‌ലാമിക ഭരണ സംവിധാനത്തിന്‌ കീഴില്‍ ജീവിച്ച്‌ പ്രവാചകനെയും ഇസ്‌ലാമിനെയും കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കിയ ഇവര്‍ വലിയ നുണകള്‍ പ്രചരിപ്പിച്ചത്‌ മുസ്‌ലിം ഭരണാധികാരികളോടുള്ള വിദ്വേഷത്തിന്റെ ഭാഗമായിട്ടാണെന്ന്‌ കരുതാം. ഒമ്പതാം നൂറ്റാണ്ടില്‍ ലാറ്റിന്‍ ഭാഷയില്‍ എഴുതപ്പെട്ട Liber Apologeticus Martyrum അത്തരത്തിലൊരു കൃതിയാണ്‌.

പാശ്ചാത്യര്‍ക്കിടയില്‍ പ്രവാചകനും ഇസ്‌ലാമിനുമെതിരില്‍ കൂടുതലായി തെറ്റിദ്ധാരണകള്‍ പ്രചരിക്കാന്‍ കാരണം കുരിശ്‌ യുദ്ധങ്ങളാണ്‌. നിലവിലുണ്ടായിരുന്ന ചട്ടക്കൂടില്‍ ഒതുങ്ങി നിന്ന്‌ കൊണ്ട്‌ വിമര്‍ശനത്തിന്‌ വിപുലവും ശക്തവുമായ അടിത്തറയിടാന്‍ കുരിശുയുദ്ധക്കാലയളവില്‍ ക്ലനിയിലെ ബിഷപ്പായ പെട്രസ്‌ വെനറബ്ലിസിന്‌ സാധിച്ചു. ഈ കാലഘട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്റെ വികലമായ പരിഭാഷ ലാറ്റിന്‍ ഭാഷയില്‍ ഇറക്കുകയും ചെയ്‌തിരുന്നു.

12-ാം നൂറ്റാണ്ടിന്റെ മധ്യകാലത്ത്‌ പുരോഹിതനായ കൊന്‍റാഡ്‌ എഴുതിയ സോങ്‌ ഓഫ്‌ റൊണാള്‍ഡ്‌ യൂറോപ്പിന്റെ സാംസ്‌കാരിക ചരിത്രം വിവരിക്കുന്ന പ്രധാനപ്പെട്ട ഒരു കൃതിയാണ്‌. ആയിരത്തോളം വരികളുള്ള ഈ സുദീര്‍ഘ കവിതയില്‍ അസത്യങ്ങള്‍ നിറഞ്ഞ ധാരാളം പരാമര്‍ശങ്ങള്‍ മുസ്‌ലിംകളെ കുറിച്ച്‌ കാണാന്‍ സാധിക്കും. പ്രശസ്‌തനായ ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഡാന്റെ അല്‌ഗിയരിയുടെ ദ ഡിവൈന്‍ കോമഡിയെന്ന പ്രശസ്‌ത കൃതിയില്‍ മുഹമ്മദ്‌ നബി(സ)യെ നരകത്തിന്റെ ഒമ്പതാം നിലയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. സ്‌പെയിനിനെ ഉമയ്യാ ഭരണകൂടത്തിന്റെ തകര്‍ച്ചക്ക്‌ ശേഷം ആരംഭിച്ച വീണ്ടെടുപ്പ്‌ (reconquista) മുന്നേറ്റങ്ങളുടെ ഭാഗമായി പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന രചനകള്‍ അവിടങ്ങളില്‍ സജീവമായിരുന്നു. മുസ്‌ലിംകളെ ബഹുദൈവാരാധകരായി ചിത്രീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ ഈ കാലഘട്ടത്തില്‍ പുറത്തുവന്നിട്ടുണ്ട്‌. മുസ്‌ലിംകളെ വധിക്കുന്നതും അവരുടെ സ്വത്തുകള്‍ കൈയടക്കുന്നതും മതപരമായി തന്നെ സല്‍പ്രവര്‍ത്തനങ്ങളായാണ്‌ ന്യായീകരിച്ചിരുന്നത്‌. ത്വരിതവേഗത്തിലുള്ള ഇസ്‌ലാമിന്റെ വളര്‍ച്ച ക്രൈസ്‌തവ പൗരോഹിത്യത്തെ അത്യധികം പ്രകോപിതരാക്കിയിരുന്നുവെന്നതാണ്‌ ഇത്തരം കുത്സിത നീക്കങ്ങളുടെ പ്രധാന പ്രചോദകം.

നവോത്ഥാന കാലഘട്ടത്തില്‍ യൂറോപ്പിലിറങ്ങിയിരുന്ന സാഹിത്യങ്ങള്‍ (European Renaissance literature) ഇസ്‌ലാമിനെ തുര്‍ക്കികളുടെ മതമായാണ്‌ പരിചയപ്പെടുത്തുന്നത്‌. ഈയൊരു സാഹചര്യത്തില്‍ പ്രതിഷ്‌ഠിച്ചുകൊണ്ടാണ്‌ മുഹമ്മദ്‌നബിയെയും അവര്‍ അവതരിപ്പിച്ചത്‌. പ്രൊട്ടസ്റ്റന്റിസത്തിന്റെ പിതാവായി അറിയപ്പെടുന്ന മാര്‍ട്ടിന്‍ ലൂഥര്‍ ഈയൊരു തുര്‍ക്കി പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ മുസ്‌ലിംകളെ അക്രമിക്കുന്നതായി കാണാം. സാത്താന്റെ പൂജകരായ തുര്‍ക്കികളെ പോപുമാരെ ശിക്ഷിക്കാന്‍ വേണ്ടി ശപിച്ചുകൊണ്ട്‌ ദൈവം സൃഷ്‌ടിച്ചതാണെന്ന്‌ ലൂഥര്‍ അവകാശപ്പെടുന്നു. മുഹമ്മദ്‌ തുര്‍ക്കികളിലേക്ക്‌ അയക്കപ്പെട്ട പ്രവാചകനാണെന്നും ഖുര്‍ആന്‍ അദ്ദേഹം രചിച്ചതാണെന്നും ഇക്കാലഘട്ടത്തില്‍ എഴുതിയ മിക്ക പുസ്‌തകങ്ങളിലും കാണാന്‍ സാധിക്കും.

പ്രവാചകനെയും ഇസ്‌ലാമിനെയും കുറിച്ചുള്ള പുസ്‌തകങ്ങളുടെ എണ്ണത്തില്‍ വന്‍ പെരുപ്പം 17,18 നൂറ്റാണ്ടുകളിലെ യൂറോപ്പില്‍ കാണാം. ഇവയില്‍ ഭൂരിഭാഗവും മുമ്പേ നടത്തിവന്നിരുന്ന ബാലിശമായ വിമര്‍ശങ്ങളുടെ കേവല ആവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഓറിയന്റലിസ്റ്റുകള്‍ ഇസ്‌ലാമിക ക്ലാസിക്കുകളായ സീറ (പ്രവാചക ചരിത്രം), ഹദീസ്‌, തഫ്‌സീര്‍ തുടങ്ങിയവകളെ സ്വതന്ത്രമായി വിശദീകരിക്കുകയും ക്രിട്ടിസിസമെന്ന പേരില്‍ അവയുടെ ആധികാരികത ചോദ്യംചെയ്യുകയും ചെയ്‌തു. വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനാല്‍ വിരചിതമാണെന്നും ഹദീസ്‌ അദ്ദേഹത്തിന്റെ ജീവിത കാലത്തിന്‌ ശേഷം വ്യക്തികളും ഗ്രൂപ്പുകളും െകട്ടിയുണ്ടാക്കിയതാണെന്നും ക്രിട്ടിസിസത്തിന്‌ ശേഷം അവര്‍ സ്വയം നിഗമനത്തിലെത്തിച്ചേര്‍ന്നു.

ജൂതായിസം, ക്രിസ്റ്റ്യാനിറ്റി തുടങ്ങിയ മറ്റു മതങ്ങളിലെ മൂല്യങ്ങളെ അടര്‍ത്തി മാറ്റി മുഹമ്മദ്‌ സൃഷ്‌ടിച്ചെടുത്ത ഒരു സങ്കരമതമാണ്‌ ഇസ്‌ലാമെന്നതാണ്‌ ഓറിയന്റലിസ്റ്റുകളുടെ പ്രവാചകനെ കുറിച്ചുള്ള പ്രധാന ആക്ഷേപം. What has Muhammad Received from Judaism? എന്ന പുസ്‌തകത്തില്‍ എബ്രഹാം ഗീഗര്‍ വാദിക്കുന്നത്‌ ചില പ്രധാന ആശയങ്ങളും വിശ്വാസങ്ങളും കഥകളും അടക്കം പ്രവാചകന്‍ മുഹമ്മദ്‌ ജൂതായിസത്തില്‍ നിന്ന്‌ ധാരാളം കാര്യങ്ങള്‍ മോഷ്‌ടിച്ചിട്ടുണ്ടെന്നാണ്‌. ഖുര്‍ആനും ജൂതഗ്രന്ഥങ്ങളും മുന്‍നിര്‍ത്തികൊണ്ട്‌ ഇത്‌ സ്ഥാപിച്ചെടുക്കാന്‍ ഈ പുസ്‌തകത്തിലൂടെ അദ്ദേഹം ശ്രമിക്കുന്നതായി കാണാം. അലോയിസ്‌ സ്‌പെന്‍ജറിന്റെ വാദം മദീനയിലേക്കുള്ള പാലായനത്തിന്‌ ശേഷമാണ്‌ പ്രവാചകന്‍ മുഹമ്മദെന്ന നാമം സ്വീകരിക്കുന്നത്‌. ദൈവിക വെളിപ്പാടുകളെന്ന്‌ പറയുന്നത്‌ അദ്ദേഹത്തിന്റെ ചുഴലി ദീനമാണെന്നും ഇയാള്‍ തട്ടിവിടുന്നുണ്ട്‌.

ഓറിയന്റലിസ്റ്റ്‌ സാഹിത്യങ്ങളിലെ വളരെ പ്രശസ്‌തമായ രചനയാണ്‌ സര്‍ വില്ല്യം മൂറിന്റെ പ്രവാചക ജീവചരിത്ര ഗ്രന്ഥങ്ങള്‍. ബ്രിട്ടീഷ്‌ ഇന്ത്യയിലെ മുസ്‌ലിംകളെ ക്രിസ്‌തു മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യാനായി നിയോഗിക്കപ്പെട്ട മൂര്‍ മുന്‍കാലങ്ങളിലെ ഓറിയന്റലിസ്റ്റുകളുടെ ഇസ്‌ലാം വിമര്‍ശനങ്ങളെ നിര്‍ലജ്ജം പിന്തുടര്‍ന്നതായി കാണാം. വിശ്വസ്‌തത, നീതിയിലെ കാര്‍ക്കശ്യം, അറേബ്യന്‍ ഉപദ്വീപില്‍ നിലനിന്നിരുന്ന ബഹുദൈവാരാധനാ മൂല്യങ്ങളോടുള്ള ഏറ്റുമുട്ടലുകള്‍ തുടങ്ങി പ്രവാചകന്റെ ജീവിതത്തിലെ നല്ലവശങ്ങളെ മൂര്‍ തന്റെ രചനയില്‍ പ്രശംസിച്ചിട്ടുണ്ടെന്നത്‌ ഇവിടെ മറച്ചുവെക്കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ പ്രവാചക രചനയാണെന്ന ഓറിയന്റലിസ്റ്റുകളുടെ ബാലിശ വാദങ്ങള്‍ ഇതിനിടയിലൂടെ പ്രചരിപ്പിക്കാനും അദ്ദേഹം ഇടം കണ്ടെത്തുന്നുണ്ട്‌. മൂറും സ്‌പെന്‍ജറും ഇസ്‌ലാമിനെയും മുഹമ്മദ്‌ നബി(സ)യെക്കുറിച്ച്‌ എഴുതിയതെല്ലാം തെറ്റായ വീക്ഷണങ്ങളാണെന്ന്‌ ധരിക്കരുത്‌. നന്മകളെ പരിചപ്പെടുത്തുന്നതോടൊപ്പം ചില വികലമായ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കാന്‍ ബോധപൂര്‍വം തങ്ങളുടെ രചനകളില്‍ സ്ഥലം അനുവദിച്ചിട്ടുണ്ടെന്ന്‌ മാത്രം.

പ്രവാചകനെ വളരെ നന്നായി പാശ്ചാത്യ ലോകത്ത്‌ അവതരിപ്പിച്ച ഓറിയന്റലിസ്റ്റ്‌ രചനകളും ഉണ്ടായിട്ടുണ്ട്‌. ഹെന്‍റി സ്റ്റബിന്റെ An Account of the Rise and Progress of Mahometanism with the Life of Mahomet and a Vindication of Him and His Religion from the Calumnies of the Christians, പ്രശസ്‌ത ജര്‍മന്‍ കവി ജോഹന്‍ ഗോഥെയുടെ West - East Diwan�(West - �stliche Diwan), തോമസ്‌ കാര്‍ലെയുടെ On Heroes and Hero Worship and the Heroic in History തുടങ്ങിയ രചനകള്‍ അവയില്‍ ചിലതാണ്‌.

വിമര്‍ശകരുടെ വാള്‍തലപ്പില്‍ നിന്ന്‌ ഇസ്‌ലാമും പ്രവാചകനും രക്ഷപ്പെട്ട കാലം/സമയം ചരിത്രത്തിലില്ലായെന്ന്‌ തന്നെ പറയാം. അത്‌ ആ മതത്തിന്റെ അന്യൂനതയും ദൈവികതയും കൊണ്ട്‌ മാത്രമാണ്‌. ആ പ്രവാചകന്‍ കൊണ്ടുവന്നിട്ടുള്ള പ്രമാണങ്ങളെ നേരിടാനുള്ള കഴിവില്ലായ്‌മ കൊണ്ടുകൂടിയാണ്‌. പ്രവാചകന്റെ ബഹുഭാര്യാത്വവും യുദ്ധങ്ങളും ഇസ്‌ലാമിക ചരിത്രത്തില്‍ നിന്ന്‌ സുതാര്യമായി പഠിച്ചെടുക്കാന്‍ സാധിക്കുമെങ്കിലും മറയിട്ട കണ്ണുകളോടെ അവ വായിച്ചെടുക്കാനാണ്‌ വിമര്‍ശകര്‍ പലപ്പോഴും ശ്രമിക്കാറുള്ളത്‌. ചീപ്പ്‌ പോപ്പുലാരിറ്റിക്കും തങ്ങളുടെ രചനകള്‍ വിറ്റഴിക്കപ്പെടണമെന്ന കച്ചവട താല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ്‌ ആധുനിക കാലഘട്ടത്തില്‍ പ്രവാചക വിമര്‍ശകര്‍ ശ്രമിച്ചിട്ടുള്ളത്‌. സല്‍മാന്‍ റുഷ്‌ദി, തസ്‌ലീമ നസ്‌റിന്‍, ഇടമറുക്‌ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.

പുരാതന-മധ്യ കാലഘട്ടങ്ങളിലെ ചര്‍ച്ച്‌ അധികാരികളുടെ ഇസ്‌ലാമോ ഫോബിയയോ അല്ലെങ്കില്‍ ആധുനിക വിമര്‍ശകരുടെ കൈയ്യടി താല്‍പര്യമോ എന്താണ്‌ ജോസഫ്‌ മാഷിന്റെ പ്രചോദനമെന്നറിയില്ല. ഒരു ബഹുമത സമൂഹത്തില്‍ പാലിക്കേണ്ട സാമാന്യ വിമര്‍ശന മര്യാദ അദ്ദേഹം പാലിച്ചില്ലെന്നത്‌ സത്യം. ആശയസംവാദമാകേണ്ടിയിരുന്ന ഒരു വിഷയത്തെ ആയുധത്തിലൂടെ നേരിട്ട്‌ ഇസ്‌ലാമിനും പ്രവാചകനും കളങ്കമാക്കി മാറ്റിയ പ്രതിരോധക്കാര്‍ തങ്ങളുടെ ചെയ്‌തികളുടെ ദൂരവ്യാപകമായ ഫലങ്ങളെ കുറിച്ച്‌ ചിന്തിച്ചില്ലെന്നത്‌ അതിലേറെ ഖേദകരം.


(2010 ജൂലൈ 16ന് ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നത്)

No comments:

Post a Comment