Pages

Search This Blog

Sunday, September 30, 2012

ഇസ്‌ലാമോഫോബിയ ഹോളിവുഡ്‌ സിനിമകളില്‍


ഇന്നസെന്‍സ്‌ ഓഫ്‌ മുസ്‌ലിംസ്‌ എന്ന ഹോളിവുഡ്‌ സിനിമയുടെ ട്രയിലര്‍ ലോകമെമ്പാടും കടുത്ത പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കിയിരിക്കുകയാണ്‌. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വ്യക്‌തിഹത്യകളും ഭര്‍ത്സനങ്ങളും പുറംതള്ളുന്ന പാശ്ചാത്യലോകത്ത്‌ നിന്ന്‌ തന്നെയാണ്‌ വിവാദ സിനിമയും പിറവിയെടുത്തിരിക്കുന്നത്‌. പ്രവാചകനെതിരെ കേവല വിമര്‍ശനമോ നിന്ദയോ അല്ല ഈ സിനിമയില്‍ അടങ്ങിയിരിക്കുന്നത്‌; വളരെ മ്ലേച്ഛമായ രീതിയിലുള്ള വ്യക്‌തിഹത്യയ്‌ക്കാണ്‌ `ഇന്നസെന്‍സ്‌ ഓഫ്‌ മുസ്‌ലിംസ്‌' ന്റെ ശില്‍പി പ്രവാചകനെ വിധേയനാക്കിയിരിക്കുന്നത്‌. എല്ലാ ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്നിലും ഒളിച്ചിരിക്കുന്ന രാഷ്‌ട്രീയ അജണ്ട ഒരു വര്‍ഷം മുമ്പ്‌ പുറത്തിറങ്ങിയ ഈ സിനിമയുടെ ഇപ്പോഴെത്തിയ ട്രയിലറിന്‌ പിന്നിലുമുണ്ടെന്നത്‌ ഒരു വസ്‌തുതയാണ്‌.
അല്‍ഹയാത്ത്‌ പത്രത്തിന്റെ ലേഖകന്‍ ജമാല്‍ ഖഷോഗി എഴുതിയത്‌ പോലെ `ഇന്നസെന്‍സ്‌ ഓഫ്‌ മുസ്‌ലിംസ്‌' ന്റെ പിന്നിലുള്ളവരാരും ഇന്നസെന്‍സ്‌ അല്ല (നിഷ്‌കളങ്കരല്ല). അക്രമങ്ങള്‍ അഴിച്ചുവിട്ട്‌ ഈ നിലവാരമില്ലാത്ത സിനിമക്കെതിരെ പ്രതികരിച്ചവരും ഇന്നസെന്‍സല്ല; അവര്‍ക്കും ചില രാഷ്‌ട്രീയ അജണ്ടകള്‍ ഇതിലൂടെ നടപ്പില്‍ വരുത്താനുണ്ട്‌.
സിനിമയുടെ അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള സംശയങ്ങള്‍ക്ക്‌ ഇതുവരെ അറുതി വന്നിട്ടില്ല. സാം ബാസില്‍ എന്ന പേരില്‍ യൂടൂബില്‍ വന്നയാള്‍ അപരനാണെന്നാണ്‌ കരുതപ്പെടുന്നത്‌. നകൗല ബാസിലി നകൗലയെന്ന ആളാണ്‌ സിനിമയുടെ പ്രധാന അണിയറ പ്രവര്‍ത്തകനെന്ന്‌ അസോസിയേറ്റഡ്‌ പ്രസ്‌ (എ പി) റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കോപിറ്റിക്‌ ക്രിസ്‌റ്റിയനാണ്‌ നകൗല. സാമ്പത്തിക തട്ടിപ്പുകളുടെ പേരില്‍ പിടിക്കപ്പെട്ട നകൗല അതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണെന്നും എ പി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.
കള്ളപ്പേരുകളില്‍ പതിമൂന്നോളം തിരിച്ചറിയല്‍ രേഖകള്‍ ഉള്ളയാളാണ്‌ ഇയാളെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. എണ്‍പതോളം അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഈ ചിത്രത്തിന്‌ വേണ്ടി സഹകരിച്ചിട്ടുണ്ട്‌. തങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ സിനിമയുമായി ബന്ധപ്പെടുത്തിയതാണെന്നാണ്‌ അവരെല്ലാം ഇപ്പോള്‍ വ്യക്‌തമാക്കുന്നത്‌. നിരവധി തവണ തിരക്കഥ മാറ്റിയെഴുതിയാണ്‌ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നാണ്‌ ഇവരുടെ പ്രസ്‌താവനകളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ സാധിക്കുന്നത്‌.
അറബ്‌ സമൂഹത്തെ പ്രാകൃതരും ഭീകരരുമായി ചിത്രീകരിക്കുന്ന ആദ്യത്തെ ഹോളിവുഡ്‌ സിനിമയൊന്നുമല്ലയിത്‌. അവസാനത്തേതുമാകില്ല. അറബികളെ മൂന്ന്‌ `ബി' കളായാണ്‌ (ബോംബേര്‍സ്‌, ബെല്ലി ഡാന്‍സേര്‍സ്‌, ബില്ല്യനെയേര്‍സ്‌) ഹോളിവുഡ്‌ ചിത്രങ്ങളും പാശ്ചാത്യ ടിവി ഷോകളും പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത്‌. 1897ല്‍ തോമസ്‌ എഡിസണ്‍ പുറത്തിറക്കിയ ഫാത്തിമ ഡാന്‍സെസ്‌ എന്ന ചിത്രത്തില്‍ പുരുഷനെ വശീകരിക്കുന്ന രീതിയില്‍ വസ്‌ത്രങ്ങള്‍ ധരിച്ച ബെല്ലി ഡാന്‍സറായാണ്‌ അറബ്‌ സ്‌ത്രീ കടന്നു വരുന്നത്‌. ഇതൊരു ട്രെന്റിന്‌ തുടക്കമിടുകയായിരുന്നു.
എണ്ണ കണ്ടെത്തിയതിന്‌ ശേഷം സാമ്പത്തിക അഭിവൃദ്ധി നേടിയ അറബികളെ, പിന്നീട്‌ ബില്ല്യനെയേഴ്‌സായാണ്‌ ഹോളിവുഡ്‌ ചിത്രങ്ങള്‍ അവതരിപ്പിക്കുന്നത്‌. ഫലസ്‌തീന്‍ പോരാട്ടങ്ങളുടെ തുടക്കത്തിന്‌ ശേഷം പിന്നീട്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണങ്ങള്‍ക്ക്‌ ശേഷവും ബോംബര്‍മാരായ അറബ്‌ യുവതയാണ്‌ ഹോളിവുഡ്‌ ചിത്രങ്ങളില്‍ അധികവും.
വര്‍ഷങ്ങളുടെ അന്വേഷണങ്ങള്‍ക്കും പഠനത്തിനും ശേഷം ജാക്‌ ഷഹീന്‍ ദ ടിവി അറബ്‌ എന്ന പേരില്‍ ഒരു പുസ്‌തകം രചിച്ചിട്ടുണ്ട്‌. ഹോളിവുഡില്‍ അറബികളെ ചിത്രീകരിക്കുന്നതില്‍ വരുന്ന പുതിയ മാറ്റങ്ങളെ അദ്ദേഹം ഈ പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇറങ്ങിയിട്ടുള്ള 21ലധികം പ്രധാന സിനിമകളില്‍ അറബികളെ അമേരിക്കന്‍ പട്ടാളക്കാര്‍ കൊന്നൊടുക്കുന്നതായി കാണിക്കുന്നുണ്ടെന്ന്‌ അദ്ദേഹം നിരീക്ഷിക്കുന്നു. അയേണ്‍ ഈഗിള്‍, ഡെത്ത്‌ ബിഫോര്‍ ഡിസ്‌ഓണര്‍, നേവി സീല്‍സ്‌, പാട്രിയോട്ട്‌ ഗെയിംസ്‌, ദ അമേരിക്കന്‍ പ്രസിഡന്റ്‌, ഡെല്‍റ്റാ ഫോഴ്‌സ്‌- ത്രീ, എക്‌സികുട്ടീവ്‌ ഡിസിഷന്‍ തുടങ്ങിയവ അവയില്‍ ചിലത്‌ മാത്രമാണ്‌.
അറബികളെ ആക്ഷേപിച്ച്‌ കൊണ്ടിറങ്ങുന്ന പല സിനിമകളും ഡിസ്‌നി പ്രൊഡക്ഷന്‍സിന്റേതാണെന്നതാണ്‌ മറ്റൊരു യാഥാര്‍ഥ്യം. `ഓപറേഷന്‍ കോന്‍ഡോര്‍' എന്ന സിനിമയും ഡിസ്‌നി പ്രൊഡക്ഷന്‍സും അമേരിക്കന്‍ അറബ്‌ ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഡിസ്‌ഓണര്‍ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌.
പ്രവാചകനോളം പഴക്കമുള്ളതാണ്‌ പ്രവാചക വിമര്‍ശനത്തിന്റെ ചരിത്രവും. അദ്ദേഹത്തിന്റെ പ്രബോധിതരായിരുന്ന ബഹുദൈവവിശ്വാസികളില്‍ തുടങ്ങി ആ ചങ്ങല കണ്ണി പൊട്ടാതെ തുടരുന്നുവെന്ന്‌ മാത്രം. ജൂത ക്രിസ്‌തീയ ലോബികളുടെ പ്രവാചക വിമര്‍ശന ചരിത്രം ഒരുമുഴു പിഎച്ച്‌ഡി തിസീസായി അവതരിപ്പിക്കാന്‍ മാത്രമുണ്ട്‌.
ക്രിസ്‌തീയ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കര്‍ത്താവെന്ന്‌ അറിയപ്പെടുന്ന മാര്‍ട്ടിന്‍ ലൂഥറും, ഡിവൈന്‍ കോമഡിയുടെ കര്‍ത്താവായ ഇറ്റാലിയന്‍ കവി ഡാന്റെയുമെല്ലാം തന്നെ ഇസ്‌ലാം മുന്നോട്ടുവെച്ച ആശയത്തെ പ്രതിരോധിക്കാന്‍ സാധിക്കാത്തതിനാല്‍ ബാലിശങ്ങളായ വിമര്‍ശനങ്ങളുമായി രംഗത്തുവന്നവരാണ്‌.
എ ഡി 749 ല്‍ ഡമാസ്‌കസ്‌കാരനായ ക്രിസ്‌ത്യന്‍ പുരോഹിതന്‍ ജോണ്‍ പുസ്‌തകമായി പുറത്തിറക്കിയ വിമര്‍ശന കൃതി ആധുനിക സിനിമയുടെ രൂപത്തില്‍ ഇപ്പോള്‍ പുറത്തുവന്നുവെന്ന്‌ മാത്രം. ആരോപണങ്ങളെ വിവര സാങ്കേതിക ലോകത്തിലെ പുതിയ കണ്ടെത്തലുകള്‍ ഒട്ടും വളര്‍ത്തിയിട്ടില്ല എന്നതില്‍ നമുക്ക്‌ ആശ്വസിക്കാം. എല്ലാം പഴയ ആരോപണങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍. പക്ഷേ, ഇതൊന്നും തന്നെ പ്രവാചകന്റെ വ്യക്‌തി പ്രഭാവത്തിന്‌ മങ്ങലേല്‍പ്പിക്കുകയോ അദ്ദേഹം പ്രബോധനം ചെയ്‌ത തത്വങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന്‌ ജനങ്ങളെ തടയുകയോ ചെയ്‌തില്ലെന്നത്‌ ഇസ്‌ലാമിന്റെ വളര്‍ച്ചയുടെ ചരിത്രം സാക്ഷ്യംവഹിക്കുന്നു.

Friday, August 17, 2012

അസം: കുരുതിനിലങ്ങളിലെ കണ്ണീര്‍ക്കാഴ്‌ചകള്‍


ലക്ഷ്യം നേടാനായി സര്‍വ്വ സന്നാഹങ്ങളുമായി ഒരുപറ്റം അക്രമികള്‍ തുനിഞ്ഞിറങ്ങിയാല്‍ നിരാലംബരായവര്‍ എന്തുചെയ്യും? മുന്നില്‍ കണ്ടെതെല്ലാം വെട്ടിവീഴ്‌ത്തി അക്രമികള്‍ തേര്‍വാഴ്‌ച നടത്തുകയായിരുന്നു. കുറേ മനുഷ്യക്കോലങ്ങളെ ആ നരാധമന്‍മാര്‍ അരിഞ്ഞുതള്ളി, വെടിവെച്ചിട്ടു. അവരുടെ കുടിലുകള്‍ ഒരു കൂമ്പാരം ചാരമാക്കി തീര്‍ത്തു. ശക്‌തരായ രാഷ്‌ട്രീയ മേലാളന്‍മാരുടെ പിന്തുണയുമുണ്ടായിരുന്നു ആ അക്രമികള്‍ക്ക്‌. ഒടുവില്‍ ബലഹീനരായ ആ ജനങ്ങള്‍ക്ക്‌ അഭയംതേടി പലായനം ചെയ്യേണ്ടിവന്നു. ദുരിതാശ്വാസ ക്യാമ്പുകളുടെ ദുരിതപൂര്‍ണ്ണമായ അതിരുകളിലേക്ക്‌ നാലു ലക്ഷത്തോളം മുസ്‌ലിംകള്‍ വലിച്ചെറിയപ്പെട്ടതിങ്ങനെയാണ്‌. വിളറിപൂണ്ട സൂനാമിതിരകള്‍ നക്കിയെടുത്ത തീരങ്ങളെ പോലെ, വിളവെടുപ്പ്‌ കഴിഞ്ഞ നെല്‍പാടങ്ങളെ പോലെ കലാപം അവരെയും അവരുടെ ജീവിതത്തെയും മാറ്റിയിരിക്കുന്നു. 
വലിഞ്ഞുവന്നവര്‍/ നുഴഞ്ഞുകയറ്റക്കാര്‍/ പുറത്തുനിന്നു വന്നവര്‍/ വിദേശികള്‍ എന്നൊക്കെ കാലങ്ങളായി പഴികേള്‍ക്കുന്നവരാണ്‌ അക്രമത്തിന്‌ ഇരയായവര്‍. ധരിക്കാന്‍ മെച്ചപ്പെട്ട വസ്‌ത്രങ്ങളോ മറ്റ്‌ ജീവിതവിഭവങ്ങളോ അവരില്‍ കാണാന്‍ സാധിക്കില്ല. അക്രമം നടന്നപ്പോള്‍ ധരിച്ച വസ്‌ത്രങ്ങളുമായി മറ്റ്‌ യാതൊന്നും കയ്യില്‍ കരുതാതെ ജീവനുംകൊണ്ട്‌ ഓടിവന്നവരാണിവര്‍. സൈ്വര്യമായി കിടക്കാന്‍ സുരക്ഷിതമായ വീടുകള്‍ ആദ്യമേ ഇവര്‍ക്കുണ്ടായിരുന്നില്ല. മുളകള്‍കൊണ്ട്‌ മറച്ച്‌ ഓലവിരിച്ച മേല്‍ക്കുരകള്‍; അതായിരുന്നു ഇവരുടെ പാര്‍പ്പിടം. ഇപ്പോള്‍ പ്ലാസ്റ്റിക്‌ ഷീറ്റുകളുടെ ടെന്റുകളില്‍ പൊരിയുന്ന വെയിലിന്റെ ഉഷ്‌ണവും ഏറ്റുവാങ്ങി ഇവര്‍ നിമിഷങ്ങള്‍ തള്ളി നീക്കുന്നു. വിശുദ്ധ റമദാന്‍ മാസത്തില്‍ ഉപവാസത്തിലും ഉപാസനകളിലും കഴിഞ്ഞുകൂടേണ്ടവര്‍ അഭിമുഖീകരിക്കേണ്ടി വന്ന ഭീകരതകള്‍ പരസ്‌പരം പങ്കുവെച്ചിരിക്കുകയാണ്‌. തങ്ങളോട്‌ ഈ ക്രൂരതകള്‍ ചെയ്‌തവരോടുള്ള അമര്‍ഷമാണ്‌ ഇവരുടെ വാക്കുകളില്‍. തുടക്കത്തില്‍ കലാപത്തെ നിസ്സംഗതയോടെ നേരിട്ട ഭരണകൂടത്തോടുള്ള വെറുപ്പും ഇവര്‍ മറച്ചുവെക്കുന്നില്ല.

ആള്‍ ഇന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റിന്റെ പ്രതിനിധി സംഘത്തോടൊപ്പം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ഞങ്ങള്‍. ബോന്‍ഗോയ്‌ഗാവ്‌, ചിരാംങ്‌ ജില്ലകളിലുള്ള മൂന്ന്‌ ക്യാമ്പുകളാണ്‌ സന്ദര്‍ശിക്കാന്‍ സാധിച്ചത്‌. കലാപം തീവ്രമായി നടന്നിട്ടുള്ള കൊക്രജാറില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ അവിടം സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ചിരാങിന്റെ ഉള്‍പ്രദേശങ്ങളും ധുബ്‌രി ജില്ലയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അവിടങ്ങളിലുള്ള ക്യാമ്പുകളുടെയും മുസ്‌ലിംകളുടെയും അവസ്ഥ ഞങ്ങള്‍ കണ്ടെതിനേക്കാള്‍ ഭയാനകമായിരിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ. 
കുഴിഞ്ഞ്‌ അല്‍പം ഉള്ളോട്ട്‌ പോയ സജലങ്ങളായ മിഴികളുമായി നേരിട്ട ഭീകരത വിവരിച്ച അവരില്‍ നിന്നും ഗദ്‌ഗദങ്ങള്‍ മാത്രമാണ്‌ പലപ്പോഴും പുറത്തേക്ക്‌ വന്നത്‌. ഏതുനേരവും പൊട്ടിക്കരഞ്ഞേക്കുമെന്ന്‌ തോന്നിപ്പോയി. ``രണ്ടു ബൈക്കുകളില്‍ വന്ന ആറ്‌ ബോഡോ തീവ്രവാദികളാണ്‌ എന്റെ ഉമ്മയെ കൊന്നത്‌. അവര്‍ ആദ്യം വെടിവെച്ചു. വെടികൊണ്ടിട്ടും ഉമ്മ മരിച്ചില്ല. പിന്നീടവര്‍ കഴുത്തറുത്ത്‌ കൊല്ലുകയായിരുന്നു.'' എഴുപത്‌കാരിയായ ശുബ്‌ജാ ബേവയെ കൊന്ന വിവരം മകന്‍ സബൂ മണ്‌ഡല്‍ വിവരിക്കുകയായിരുന്നു. പിന്നീടയാള്‍ക്ക്‌ ഒന്നും പറയാന്‍ സാധിച്ചില്ല. കാട്ടാളത്തത്തിന്റെ കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകള്‍ ഞങ്ങളുടെ മനസ്സിനെ വല്ലാതെ നോവിച്ചു. 
``ഞങ്ങള്‍ ചെയ്‌ത അപരാധമെന്താണ്‌? ഞങ്ങളുടെ താമസസ്ഥലങ്ങള്‍, പശുക്കള്‍, കൃഷിയിടങ്ങള്‍ എല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇനി എപ്പോള്‍ തിരിച്ചു പോകാനാകുമെന്നറിയില്ല. അവര്‍ എല്ലാം നശിപ്പിച്ചു. ഞങ്ങള്‍ നോമ്പുകാരാണ്‌. അത്താഴത്തിനും നോമ്പ്‌ തുറക്കാനും പല ദിവസങ്ങളിലും ഭക്ഷണം ലഭിച്ചിട്ടുണ്ടായിരുന്നില്ല.'' വിതുമ്പലുകള്‍ക്കിടയില്‍ നിന്നും പൊട്ടിവീണ വാക്കുകള്‍. ഇത്രമാത്രം പറഞ്ഞ്‌ പ്രതിനിധി സംഘത്തെ നയിക്കുന്ന ഡോ. ഹുസൈന്‍ മടവൂരിന്റെ കാലുകളിലേക്കാണ്‌ അറുപതുകാരനായ അംജദ്‌ അലി വീണത്‌. മൊജോബാരി എം ഇ മദ്‌റസാ സ്‌കൂള്‍ ക്യാമ്പിലാണ്‌ അംജദ്‌ അലി താമസിക്കുന്നത്‌. 2860 പേര്‍ ഇവിടുത്തെ അന്തേവാസികളാണ്‌. 
``എം എല്‍ എ കൂടെയുണ്ടാകുമ്പോഴാണ്‌ അവര്‍ ഞങ്ങളുടെ വീട്‌ കത്തിച്ചത്‌. ഭവാനിപൂര്‍ പഞ്ചായത്ത്‌ ചെയര്‍മാന്‍ പൂര്‍ണ്ണവ്‌ ബിസ്‌നു, മെമ്പര്‍മാരായ റാഗിബ്‌, രാജര്‍ എന്നിവര്‍ അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ ഞങ്ങള്‍ക്ക്‌ നേരെ വെടിയുതിര്‍ത്തിട്ടുണ്ടായിരുന്നു.'' ഭരണകൂട ഭീകരതയുടെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ്‌ ഹപചാര ക്യാമ്പിലുള്ള രാജു അലിക്ക്‌ പറയാനുണ്ടായിരുന്നത്‌. ഹഗ്രാമയാണ്‌ ഇവര്‍ക്ക്‌ ആയുധങ്ങള്‍ നല്‍കിയത്‌. അവരുടെ എല്ലാവരുടെയും കയ്യില്‍ ആയുധങ്ങള്‍ ഉണ്ട്‌. അത്‌ തിരിച്ചുവാങ്ങാതെ ഞങ്ങള്‍ എങ്ങനെയാണ്‌ തിരിച്ചു പോകുകയെന്ന്‌ മുഹിബ്ബുറഹ്‌മാന്‍ ചോദിക്കുന്നു. ബോഡോ ലിബറേഷന്‍ ടൈഗേര്‍സ്‌ ഫോര്‍സിന്റെ മുന്‍ ചീഫാണ്‌ ഹഗ്രാമ മൊഹിലാരി. ബോഡോലാന്‍ഡ്‌ ടെറിട്ടോറിയല്‍ കൗണ്‍സിലിന്റെ ചീഫ്‌ എക്‌സികൂട്ടീവ്‌ മെമ്പര്‍ ആണ്‌ ഹഗ്രാമ ഇപ്പോള്‍. 
``അറുപത്‌ ആളുകള്‍ മരിച്ചുവെന്നാണ്‌ പറയുന്നത്‌. അത്രയും മൃതശരീരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നതാണ്‌ സത്യം. അതിലുമധികം എത്രയോ പേര്‍ മരിച്ചിട്ടുണ്ട്‌. അവരുടെ ശരീരങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണ്‌. കുറേ അവര്‍ പുഴയില്‍ എറിഞ്ഞതാണ്‌. പിന്നെ ചെളിപ്പാടങ്ങളില്‍ ചവിട്ടിത്താഴ്‌ത്തിയിട്ടുണ്ട്‌. അക്രമങ്ങള്‍ നടന്ന യഥാര്‍ത്ഥ സ്ഥലങ്ങളില്‍ ആരാണ്‌ പോയി നോക്കിയിട്ടുള്ളത്‌. അവിടെപ്പോയി നിങ്ങള്‍ പരിശോധിക്കൂ അപ്പോള്‍ യഥാര്‍ത്ഥ വിവരം ലഭിക്കും.'' രോഷം അടക്കാനാകാതെ മുഹിബ്ബുറഹ്‌മാന്‍ വാക്കുകള്‍ തുടരുകയാണ്‌. 
``പ്രശനങ്ങളെല്ലാം അവസാനിച്ചെന്നാണ്‌ അധികാരികള്‍ പറയുന്നത്‌. ഇപ്പോഴും ഉള്‍ഗ്രാമങ്ങള്‍ ബോഡോകളുടെ നിയന്ത്രണത്തിലാണ്‌. അവിടേക്ക്‌ അടുത്ത കാലത്തൊന്നും ഞങ്ങള്‍ക്ക്‌ തിരിച്ചുപോകാന്‍ സാധിക്കില്ല.'' ചിരാംങ്‌ ജില്ലയില്‍ നിന്ന്‌ ക്യാമ്പിലെത്തിയ അക്‌ബര്‍ അലിയുടേതാണ്‌ ഈ വാക്കുകള്‍. 
ക്യാമ്പുകളില്‍ സര്‍ക്കാര്‍ അരി, പരിപ്പ്‌, എണ്ണ എന്നിവയൊക്കെയാണ്‌ വിതരണം ചെയ്യുന്നത്‌. അതിലപ്പുറം കുട്ടികള്‍ക്ക്‌ ആവശ്യമായ ഭക്ഷണ സാധങ്ങള്‍, മരുന്നുകള്‍, വസ്‌ത്രങ്ങള്‍, കൊതുക്‌ വലകള്‍ എന്നിവ ധാരാളമായി ഇവിടെ ആവശ്യമുണ്ട്‌. നിസ്സീമമായ സഹായങ്ങള്‍ ഇവിടെയുള്ളവര്‍ക്ക്‌ നല്‌കാന്‍ സുമനസ്സുകള്‍ മുന്നോട്ട്‌ വരേണ്ടതുണ്ട്‌. ക്യാമ്പുകളിലെ അന്തേവാസികളുടെ എണ്ണത്തിന്‌ അനുപാതമായി വിഭവങ്ങള്‍ ഇല്ലായെന്നതാണ്‌ ദുരിതത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നത്‌.
നേപാല്‍പാറ, ദിയോല്‍ഗുരി, മൊജോബാരി എന്നീ മൂന്ന്‌ ഗ്രാമങ്ങളിലുള്ളവരാണ്‌ എം ഇ മദ്‌റസാ ക്യാമ്പിലുള്ളത്‌. ജൂലൈ 26ന്‌ വീടുകളില്‍ നിന്ന്‌ ജീവനുമായി അവര്‍ ഓടിവന്നതാണ്‌. 500 ഓളം പേരടങ്ങുന്ന ബോഡോ അക്രമികള്‍ കൂട്ടമായി പുഴ കടന്നുവന്ന്‌ ഇവരുടെ ഗ്രാമങ്ങള്‍ നശിപ്പിക്കുകയായിരുന്നു. പടക്കങ്ങള്‍ എറിഞ്ഞ്‌ പ്രദേശവാസികളെ ഭയചകിതരാക്കി പുറത്തേക്കോടിച്ചതിന്‌ ശേഷം വീടുകള്‍ക്ക്‌ തീയിടുകയായിരുന്നുവെന്ന്‌ ക്യാമ്പ്‌ സുരക്ഷക്കായി നിയോഗിക്കപ്പെട്ട പൊലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരുടെ കൂട്ടത്തില്‍ പെട്ട സെയ്‌തൂന്‍ ബേവ (55) എന്ന സ്‌ത്രീയുടെ കഴുത്തറുത്താണ്‌ അക്രമികള്‍ കൊന്നത്‌. 35ഓളം ബോഡോകള്‍ അടങ്ങിയ സംഘമാണ്‌ ബേവയെ വെട്ടികൊന്നതെന്ന്‌ മൊജോബാരി എം ഇ മദ്‌റസാ സ്‌കൂള്‍ ക്യാമ്പ്‌ ഡയറക്‌ടര്‍ ആരിഫ്‌ അലി ഭവാന്‍ പറഞ്ഞു. എഴുപതുകാരനായ റസുലുദ്ദീന്‍ മിയ ഭയന്നോടുന്നതിനിടയില്‍ വീണ്‌ കാലിന്‌ പറ്റിയ പരുക്ക്‌ കാണിച്ചു തരികയുണ്ടായി. പരുക്ക്‌ വൃണമായി മാറി നടക്കാന്‍ പ്രയാസപ്പെട്ടിരിക്കുകയാണ്‌ മിയ. പാടത്ത്‌ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റുകളില്‍ കഴിയുന്ന ഇവര്‍ക്ക്‌ കൊതുക്‌ ശല്യം വലിയ പ്രശ്‌നമാണ്‌ സൃഷ്‌ടിക്കുന്നത്‌. 
1600 ഓളം പേര്‍ വസിക്കുന്ന ഹപചാര ക്യാമ്പിലെ അവസ്ഥ വളരെ മോശമാണ്‌. അവര്‍ക്ക്‌ ആകെ രണ്ട്‌ കക്കൂസുകള്‍ മാത്രമാണ്‌ പ്രാഥമിക കര്‍മ്മങ്ങള്‍ക്കുള്ളത്‌. രണ്ട്‌ ദിവസം മുമ്പ്‌ രോഗബാധിതയായി ഒരു സ്‌ത്രീ ഇവിടെ മരണപ്പെട്ടിരുന്നു. ഇഷ്‌ടികകള്‍ അടുക്കില്ലാതെ പാകിയ നിലങ്ങളില്‍ പ്ലാസ്റ്റിക്‌ ഷീറ്റുകള്‍ വിരിച്ചാണ്‌ ഇവിടെയുള്ളവര്‍ കിടന്നുറങ്ങുന്നത്‌. ആകെ ഒരു വാട്ടര്‍ ഫില്‍ട്ടറാണ്‌ ഇവര്‍ക്കൊന്നാകെ വെള്ളം കുടിക്കാനായുള്ളത്‌. 
കാജല്‍ ഗാവിലുള്ള ബോഡോ ക്യാമ്പും ഇസ്‌ലാഹി സംഘം സന്ദര്‍ശിക്കുകയുണ്ടായി. 1000 ത്തോളം ബോഡോകളാണ്‌ ഈ ക്യാമ്പിലുള്ളത്‌. ഭയം മൂലം വീട്‌ വിട്ടിറങ്ങി വന്നവരാണിവര്‍. ഇവരുടെ വീടുകളും മറ്റും സുരക്ഷിതമായി തന്നെ നിലനില്‍ക്കുന്നുണ്ട്‌. ഈ ക്യാമ്പിലുള്ള അധികപേരും തിരിച്ച്‌ അവരുടെ പ്രദേശങ്ങളിലേക്ക്‌ തന്നെ മടങ്ങിക്കൊണ്ടിരിക്കുകയാണ്‌. 
വര്‍ഷങ്ങളായി ഉന്നംവെക്കപ്പെട്ടവരാണ്‌ അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍. ബോഡോലാന്‍ഡ്‌ ടെറിട്ടോറിയല്‍ കൗണ്‍സില്‍ അധികാര പ്രദേശങ്ങളില്‍ നിന്ന്‌ ഇവരെ തുടച്ചുനീക്കി അവിടം സ്വയം ഭരണ അധികാരമുള്ള സ്റ്റെയ്‌റ്റാക്കി മാറ്റാനാണ്‌ അക്രമം അഴിച്ചുവിട്ടിരിക്കുന്നത്‌. സ്വദേശികളായ ബോഡോകളും വിദേശികളായ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളും തമ്മിലുള്ള ഒരു വംശീയ കലാപം മാത്രമാണ്‌ ഇതെന്ന്‌ ധരിച്ചാല്‍ തെറ്റി. അതിലപ്പുറം ഫാസിസം മസ്‌തിഷ്‌കങ്ങളെ ഗ്രസിച്ച വര്‍ഗീയവാദികളുടെ മതവെറി കൂടി ഇതിനുപിന്നിലുണ്ട്‌. അക്രമത്തില്‍ പങ്കെടുത്ത ബോഡോകള്‍ ഹിന്ദു, ക്രിസ്‌ത്യന്‍ മതവിഭാഗങ്ങളില്‍ പെടുന്നവരാണ്‌. ഇന്ത്യാവിഭജനത്തിന്‌ ശേഷം രാജ്യത്ത്‌ നടന്ന വര്‍ഗീയ കലാപങ്ങളെ പോലെ മുസ്‌ലിംകളെ ഉന്‍മൂലനം ചെയ്യുകയെന്ന സമാന ഫാസിസ്റ്റ്‌ അജണ്ട തന്നെയാണ്‌ ഇവിടെയും ഉണ്ടായിട്ടുള്ളത്‌. അഹ്‌മദാബാദ്‌, ഭഗല്‍പൂര്‍, ജബല്‍പൂര്‍, മീററ്റ്‌, ഭീവണ്ടി, നെല്ലി, മുംബൈ, ഗുജറാത്ത്‌ തുടങ്ങി വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്‌തങ്ങളായ കാരണങ്ങള്‍ കലാപത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. എന്നാല്‍ ചരിത്രപരമായി സ്ഥായിയായ ചില കാരണങ്ങള്‍ എല്ലാ കലാപങ്ങള്‍ക്കും പിന്നിലുമുണ്ട്‌. അതില്‍ പ്രധാനമാണ്‌ `പുറമെനിന്ന്‌ വന്നവര്‍' എന്ന അധിക്ഷേപം. ആട്ടിയോടിക്കപ്പെടേണ്ടവരാണ്‌ രാജ്യത്തെ മുസ്‌ലിംകളെന്ന രോഗാതുരമായ മനസ്സുകളുടെ രോദനങ്ങള്‍ അസമിലും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌. 
അസം വിദ്യാഭ്യാസ സഹമന്ത്രി റഖിബുദ്ദീന്‍ അഹ്‌മദ്‌ സംസ്ഥാനത്തെ സ്ഥിതിയെ കുറിച്ച്‌ ഞങ്ങള്‍ക്ക്‌ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‌കിയിരുന്നു. അസം ഡി ജി പി ജയന്ത നാരായണ്‍ ചൗധരി, എ ഡി ജി പി ചന്ദ്രനാഥ്‌, ബോന്‍ഗോയ്‌ഗാവ്‌ ഡിസ്‌ട്രിക്‌ കമ്മിഷണര്‍ എസ്‌ പി നന്തി, പൊലീസ്‌ സൂപ്രണ്ട്‌ നികുല്‍ ഗൊഗോയി തുടങ്ങി സംസ്ഥാനത്തുള്ള സിവില്‍, പൊലീസ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിഭാഗങ്ങള്‍ ഇസ്‌ലാഹി സംഘത്തിന്‌ സര്‍വ്വ സൗകര്യങ്ങളും ഒരുക്കിത്തരികയുണ്ടായി. പൊലീസ്‌ സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ ഇസ്‌ലാഹി സംഘം ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്‌. വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരത്തിന്‌ ശേഷം ഉലുബാരി മസ്‌ജിദിലെ ഇമാം മൗലാനാ ഫൈസുല്‍ ജലാലിന്റെ മുസ്‌ലിംകള്‍ക്ക്‌ വേണ്ടിയുള്ള ഹൃദയഭേദകമായ പ്രാര്‍ഥനകള്‍ വിവരിക്കാന്‍ ഞങ്ങളുടെ ഭാഷാപരിജ്ഞാനം പരിമിതമാണ്‌.

Sunday, August 12, 2012

അസം: മുസ്‌ലിംവേട്ടയുടെ വേരുകള്‍


അസമിലെ വംശവെറി നരമേധത്തിന്‌ വഴിവെച്ചിരിക്കുകയാണ്‌. അസഹിഷ്‌ണുതയുടെ പുതുചരിത്രം രചിച്ചുനടന്ന മുസ്‌ലിം കൂട്ടക്കൊല മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനെക്കാള്‍ ഭീതിതമാണ്‌. അടങ്ങാത്ത പകയും ഒടുങ്ങാത്ത വൈരവും ഒരു ജനവിഭാഗത്തിന്റെ തന്നെ സ്വാസ്ഥ്യം കെടുത്തിയിരിക്കുന്നു. പിറന്നുവീണ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കാതെ ആട്ടിയോടിക്കപ്പെടുന്നതിനെക്കാള്‍ വലിയ അപരാധമെന്താണുള്ളത്‌? ബോഡോകളും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളും തമ്മിലുള്ള സംഘര്‍ഷം ഇന്ത്യാവിഭജനത്തിന്‌ ശേഷം രാജ്യം കണ്ട വര്‍ഗീയ ലഹളകളിലെ മറ്റൊരു കറുത്ത അധ്യായമായി മാറിയിരിക്കുന്നു. 
മെയ്‌ 30ന്‌ ഒരു മുസ്‌ലിം തൊഴിലാളി കൊല്ലപ്പെട്ടതു മുതല്‍ പുകഞ്ഞുതുടങ്ങിയതാണ്‌ പുതിയ പ്രശ്‌നങ്ങള്‍. ജൂലൈ ആറിന്‌ അജ്ഞാതരായ തോക്കുധാരികള്‍ രണ്ട്‌ മുസ്‌ലിം ചെറുപ്പക്കാരെ വെടിവെച്ചു കൊന്നതാണ്‌ പിന്നീട്‌ കലാപത്തിന്‌ തിരികൊളുത്തിയത്‌. ഓള്‍ ബോഡോലാന്‍ഡ്‌ മൈനോറിറ്റി സ്റ്റുഡന്‍സ്‌ യൂനിയന്‍, ഓള്‍ അസം മൈനോറിറ്റി സ്റ്റുഡന്‍സ്‌ യൂനിയന്‍ എന്നീ സംഘടനകളുടെ നേതാക്കളായ നൂറുല്‍ ഹഖ്‌, മുജീബുര്‍റഹ്‌മാന്‍ എന്നിവരുടെ മരണത്തിന്‌ പിന്നില്‍ ബോഡോ ലിബറേഷന്‍ ടൈഗേര്‍സ്‌ ഫോഴ്‌സാണെന്ന ആരോപണമുയര്‍ന്നിരുന്നു. അസമിലെ കോണ്‍ഗ്രസ്‌ മന്ത്രിസഭയിലെ സഖ്യകക്ഷിയായ ബോഡോലാന്‍ഡ്‌ പീപ്പിള്‍സ്‌ ഫ്രണ്ടിന്റെ തന്നെ മറ്റൊരു കൂട്ടായ്‌മയാണ്‌ ലിബറേഷന്‍ ടൈഗേര്‍സ്‌. ഈ കൊലപാതകങ്ങള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതില്‍ സംസ്ഥാന ഗവണ്‍മെന്റ്‌ കാലതാമസം വരുത്തിയിരുന്നു. ഇതിനിടയിലാണ്‌ ബോഡോ ലിബറേഷന്‍ ടൈഗേര്‍സ്‌ ഫോഴ്‌സിന്റെ നാല്‌ മുന്‍ പ്രവര്‍ത്തകര്‍ അക്രമികളാല്‍ ജിയാപൂര്‍ ഗ്രാമത്തില്‍ വധിക്കപ്പെടുന്നത്‌. ഇത്‌ പിന്നീട്‌ രാജ്യത്തെ നടുക്കിയ മറ്റൊരു വര്‍ഗീയ കലാപത്തിന്‌ തുടക്കമിടുകയായിരുന്നു. കൊക്രജാര്‍ ജില്ലയില്‍ ആരംഭിച്ച കലാപം മറ്റ്‌ ബോഡോലാന്‍ഡ്‌ പ്രദേശങ്ങളായ ചിരാംങ്‌, ഉദല്‍ഗുരി, ധുബ്‌രി, ബോന്‍ഗോയ്‌ഗാവ്‌, സോനിത്‌പൂര്‍, രാംപൂര്‍, പചര്‍കാത എന്നിവിടങ്ങളിലേക്കും വളരെ വേഗത്തില്‍ വ്യാപിച്ചു. അഞ്ഞൂറോളം ഗ്രാമങ്ങളില്‍ കലാപം പടര്‍ന്നതായാണ്‌ ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്‌.
ഔദ്യോഗിക കണക്കുപ്രകാരം 58 പേരുടെ മരണമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. എന്നാല്‍ 200നും 300നുമിടക്ക്‌ മരണം നടന്നിട്ടുണ്ടെന്നതാണ്‌ വിശ്വസനീയമായ റിപ്പോര്‍ട്ട്‌. മുസ്‌ലിം ഗ്രാമങ്ങളിലെ ചെളിപ്പാടങ്ങളും സെപ്‌റ്റിക്‌ ടാങ്കുകളും മൃതശരീരങ്ങള്‍ ഒഴുകി നടക്കുന്ന നിലയിലാണെന്നാണ്‌ അവിടം സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. നാല്‌ ലക്ഷത്തോളം പേര്‍ വീടുകള്‍ ഉപേക്ഷിച്ച്‌ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്‌. 14,400 മുസ്‌ലിംകള്‍ കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നു. 410 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്‌. ഇതില്‍ 235 എണ്ണം മുസ്‌ലിം അഭയാര്‍ഥികള്‍ക്ക്‌ വേണ്ടിയാണ്‌. അഭയാര്‍ഥി ക്യാമ്പുകളിലെ അവസ്ഥ അത്യന്തം പരിതാപകരമാണ്‌. ക്യാമ്പുകളില്‍ കയറിയും അക്രമികള്‍ വെടിയുതിര്‍ത്തതായി ഉര്‍ദു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്‌.
അസമിലെ മുസ്‌ലിംകള്‍
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ അസമില്‍ മുസ്‌ലിംകളുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും അസമിലേക്കുള്ള കടന്നുകയറ്റമുണ്ടായിട്ടുള്ളത്‌. ഫലഭൂയിഷ്‌ഠ പ്രദേശമായ അസമിലെ തദ്ദേശവാസികള്‍ അലസന്മാരായിരുന്നു. കൃഷിക്കുവേണ്ടി ഈസ്റ്റ്‌ ബംഗാളി കര്‍ഷകരെ അസമിലേക്ക്‌ കൊണ്ടുവരുന്നത്‌ ബ്രട്ടീഷുകാരാണ്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ തേയില തോട്ടങ്ങളിലും ചണ വ്യവസായത്തിലും കഠിനാധ്വാനികളും ഉല്‍സുകരുമായ ഈ ജനങ്ങള്‍ സജീവമായിരുന്നു. ഈ സമയത്ത്‌ ധാരാളം കുടിയേറ്റങ്ങളുണ്ടായിട്ടുണ്ട്‌. തദ്ദേശീയര്‍ ഈ കുടിയേറ്റത്തെ എതിര്‍ത്തെങ്കിലും ബ്രിട്ടീഷുകാര്‍ അത്‌ വകവെച്ചില്ല. ചരിത്രപരമായ ഈ വസ്‌തുതകളെ മറച്ചുവെച്ചുകൊണ്ടാണ്‌ കുടിയേറ്റത്തിന്‌ ഭീകരതയുടെയും തീവ്രവാദത്തിന്റെയും വര്‍ണം നല്‍കുന്നത്‌. ഈ കുടിയേറ്റം ഇന്ത്യാ-പാകിസ്‌താന്‍ വിഭജനസമയത്തും തുടര്‍ന്നിരുന്നു.
അസമിലെ കുടിയേറ്റത്തിലെ മുസ്‌ലിം അനുപാതം പരിശോധിക്കേണ്ടത്‌ വിവാദ പശ്ചാത്തലത്തില്‍ അനിവാര്യമായിരിക്കുകയാണ്‌. 1951 ലെ സെന്‍സസ്‌ പ്രകാരം സംസ്ഥാന ജനസംഖ്യയില്‍ 26.60% മുസ്‌ലിംകളായിരുന്നു. 30.90% മാണ്‌ 2001ലെ കണക്കുപ്രകാരം അസമിലെ മുസ്‌ലിം ജനസംഖ്യ. അമ്പത്‌ വര്‍ഷത്തിനിടയ്‌ക്ക്‌ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലുള്ള മുസ്‌ലിംകളുടെ വളര്‍ച്ചാനിരക്കിനെക്കാള്‍ ഇത്‌ കുറവാണെന്ന്‌ കാണാം. പിന്നെ എങ്ങനെയാണ്‌ ഇപ്പോഴും അനധികൃതമായ കുടിയേറ്റമുണ്ടെന്ന്‌ പറയുന്നത്‌. തുടര്‍ന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശി കുടിയേറ്റമാണ്‌ കലാപ കാരണമെന്നാണ്‌ ബി ജെ പി നേതാവ്‌ എല്‍ കെ അദ്വാനി ഗുവാഹത്തിയില്‍ പത്രസമ്മേളനം നടത്തി പറഞ്ഞത്‌. ബി ജെ പിയുടെ വര്‍ഗീയ രാഷ്‌ട്രീയവും കോണ്‍ഗ്രസിന്റെ ഭൂരിപക്ഷ പ്രീണന വോട്ടുബാങ്ക്‌ രാഷ്‌ട്രീയവുമാണ്‌ യാഥാര്‍ഥത്തില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നത്‌.
മൂന്നാംകിട പൗരന്‍മാര്‍
ഇന്ത്യന്‍ ഭരണഘടനപ്രകാരം രണ്ട്‌ തരത്തിലുള്ള പൗരത്വമാണുള്ളത്‌. എന്നാല്‍ അസമില്‍ മൂന്നാമതൊന്നു കൂടി നിലവിലുണ്ട്‌. ഡി-വോട്ടേര്‍സ്‌ (ഡൗട്ട്‌ഫുള്‍-സംശയാസ്‌പദമായ വോട്ടര്‍മാര്‍) എന്നാണ്‌ അവര്‍ക്ക്‌ നാമകരണം ചെയ്‌തിട്ടുള്ളത്‌. ന്യൂനപക്ഷങ്ങള്‍ക്ക്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരു തന്ത്രമായാണ്‌ ഇതിനെ മുസ്‌ലിം നേതാക്കള്‍ കാണുന്നത്‌. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുകുടിയേറ്റക്കാരെ അഭയാര്‍ഥികളെന്നും മുസ്‌ലിംകളെ അനധികൃത നുഴഞ്ഞുകയറ്റക്കാരെന്നും മുദ്രകുത്തുന്ന വൃത്തികെട്ട രാഷ്‌ട്രീയമാണ്‌ ഇപ്പോഴുള്ളതെന്നാണ്‌ വസ്‌തുത. ഡി-വോട്ടേര്‍സ്‌ ലിസ്റ്റിലുള്ള പല ഹിന്ദുക്കള്‍ക്കും കാലക്രമേണ പൗരത്വം നല്‍കിയ ചരിത്രമാണുള്ളത്‌. ഉദാഹരണത്തിന്‌ റിട്ടയേര്‍ഡ്‌ സി ആര്‍ പി എഫ്‌ ജവാന്‍ അനത്‌ ബാന്ധു ബിശ്വാസും അദ്ദേഹത്തിന്റെ ഭാര്യ ആരതി ബിശ്വാസും 1996 വരെ ഡി-വോട്ടേര്‍സ്‌ ലിസ്റ്റിലുള്ളവരായിരുന്നു. എന്നാല്‍ അവരുടെ മക്കള്‍ ഈ ലിസ്റ്റില്‍ പെട്ടവരല്ല. ഇത്‌ മുസ്‌ലിംകള്‍ക്ക്‌ അനുവദിക്കാത്തതുകൊണ്ടുതന്നെ 80% ഡി-വോട്ടേര്‍സ്‌ ലിസ്റ്റിലുള്ളവര്‍ മുസ്‌ലിംകളാണെന്നതാണ്‌ മറ്റൊരു ഞെട്ടിക്കുന്ന കാര്യം.
നേരിയ തോതിലുള്ള കുടിയേറ്റമുണ്ടാകുന്നുണ്ടെന്നത്‌ വസ്‌തുതയാണ്‌. അതുമൂലം നൂറ്റാണ്ടുകളായി ഇവിടം താമസിച്ചുകൊണ്ടിരിക്കുന്നവരെ `പുറത്തുനിന്ന്‌ വന്നവര്‍' എന്നാക്ഷേപിക്കുന്നത്‌ ന്യായീകരിക്കാനാകുമോ? 1950ല്‍ കൊണ്ടുവന്ന കുടിയേറ്റ നിരോധന നിയമത്തിലെ സെക്ഷന്‍ രണ്ടുപ്രകാരം ബംഗ്ലാദേശില്‍ നിന്നുവന്ന ഹിന്ദുക്കളെ സംരക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ നിയമം ഇപ്പോഴും മുസ്‌ലിംകള്‍ക്ക്‌ ബാധകമാക്കുന്നില്ല. അസമിലുള്ള മുസ്‌ലിംകളെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദം മാത്രമാണ്‌ കുടിയേറ്റം. അതുകൊണ്ടുതന്നെ മുസ്‌ലിം നേതാക്കളും സംഘടനകളും ഇതിനെ എല്ലായ്‌പ്പോഴും ശക്‌തമായി അപലപിച്ചിട്ടുണ്ട്‌.
ബോഡോ ദേശീയത
അസമിലെ തദ്ദേശീയരായ ജനവിഭാഗമാണ്‌ ബോഡോകള്‍. ബോഡോ ദേശീയത തലപൊക്കുന്നതോടു കൂടിയാണ്‌ അസം കൂടുതല്‍ സംഘര്‍ഷഭരിതമാകുന്നത്‌. 1980കളില്‍ ആര്‍ എസ്‌ എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ അസമില്‍ ശക്തിപ്പെടുകയുണ്ടായി. ബോഡോകളെ മുസ്‌ലിംകള്‍ക്കെതിരില്‍ അണിനിരത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ്‌ ആര്‍ എസ്‌ എസ്‌ വഹിച്ചിട്ടുള്ളത്‌. 1996ല്‍ പ്രേംസിംഗ്‌ ബ്രഹ്‌മയുടെ നേതൃത്വത്തില്‍ ബോഡോ ലിബറേഷന്‍ ടൈഗേര്‍സ്‌ ഫോഴ്‌സ്‌ (ബി എല്‍ ടി എഫ്‌) രൂപീകരിച്ചതോടു കൂടിയാണ്‌ ബോഡോകള്‍ക്ക്‌ വേണ്ടിയുള്ള ഭൂസമരം ശക്തമാകുന്നത്‌. ബി എല്‍ ടി എഫിന്റെ ശക്തമായ സായുധസമരങ്ങള്‍ കൊണ്ട്‌ 2003ല്‍ കേന്ദ്രം ഭരിച്ചിരുന്ന ബി ജെ പി സര്‍ക്കാര്‍ മെമ്മോറാന്‍ഡം ഓഫ്‌ സെറ്റില്‍മെന്റിന്റെ അടിസ്ഥാനത്തില്‍ ബോഡോലാന്‍ഡ്‌ ടെറിട്ടോറിയല്‍ കൗണ്‍സില്‍ രൂപീകരിച്ചു നല്‍കി. കൊക്രജാര്‍, ഉദല്‍ഗുരി, ബസ്‌ക, ചിരാങ്‌ എന്നീ നാല്‌ ജില്ലകളാണ്‌ ബോഡോലാന്‍ഡ്‌ സ്വയംഭരണാവകാശ പ്രദേശങ്ങള്‍. അതുമുതല്‍ വംശീയവാദികളായ ബോഡോകളും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളും തമ്മില്‍ ദേശീയതയുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുകയായിരുന്നു.
നെല്ലി കൂട്ടക്കൊല
അസം കണ്ടതില്‍ ഏറ്റവും ഭീകരമായ വംശീയ സംഘര്‍ഷം 1983ല്‍ നെല്ലിയില്‍ നടന്നതാണ്‌. ആറുമണിക്കൂറുകൊണ്ട്‌ 5000ത്തോളം (ഔദ്യോഗിക കണക്കുപ്രകാരം 2191) ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെയാണ്‌ കൂട്ട നരഹത്യ നടത്തിയത്‌. മംഗല്‍ദോയി ലോക്‌സഭാ സീറ്റില്‍ ഹീരാലാല്‍ പത്‌വാരിയുടെ മരണത്തെ തുടര്‍ന്ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടത്തുന്നതുമായി ബന്ധപ്പെട്ടാണ്‌ കലാപമുണ്ടായത്‌. വോട്ടര്‍പട്ടികയില്‍ കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി ഉണ്ടെന്നും അത്‌ ഒഴിവാക്കിയതിന്‌ ശേഷം മാത്രം തെരഞ്ഞെടുപ്പ്‌ നടത്തിയാല്‍ മതിയെന്നും ആള്‍ അസാം സ്റ്റുഡന്റ്‌സ്‌ യൂനിയന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്‌ പരിഗണിക്കാതിരുന്നതാണ്‌ ഇത്തരമൊരു നരമേധത്തിന്‌ കാരണമായത്‌. കലാപത്തെ കുറിച്ചന്വേഷിച്ച തിവാരി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ഇപ്പോഴും തുറക്കാതെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്‌.
ഭരണകൂട ഭീകരത
ഇപ്പോള്‍ നടന്ന കലാപത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ തുടക്കത്തിലുള്ള നിസ്സംഗത വലിയ തോതില്‍ കാരണമായിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ സര്‍ക്കാറിന്റെ തന്നെ സഖ്യകക്ഷിയായ ബോഡോ പീപ്പിള്‍സ്‌ പ്രോഗ്രസ്സീവ്‌ ഫ്രണ്ടിന്‌ കലാപത്തില്‍ പങ്കുണ്ടെന്നത്‌ ഒരു ആക്ഷേപം മാത്രമല്ല, വസ്‌തുത കൂടിയാണ്‌. ഇപ്പോള്‍ സംഘര്‍ഷം ഉണ്ടായതിന്റെ ഉത്തരവാദിത്വം തരുണ്‍ ഗൊഗോയി സര്‍ക്കാറിനാണെന്ന്‌ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ്‌ അസം ഘടകം പ്രസിഡന്റ്‌ ദിലേര്‍ ഖാര്‍ ആരോപിച്ചിരുന്നു. പട്ടാളക്കാരുടെ വേഷത്തില്‍ ആയുധങ്ങളുമായി വന്നെത്തിയ കലാപകാരികള്‍ക്ക്‌ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന്‌ തെറ്റിദ്ധരിച്ച്‌ ഗ്രാമങ്ങളിലേക്ക്‌ വഴിയൊരുക്കി കൊടുത്തത്‌ കലാപത്തിന്റെ ഭീകരത വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്‌. ന്യൂനപക്ഷവിഭാഗങ്ങളുടെ താമസസ്ഥലങ്ങള്‍ മാത്രം തെരഞ്ഞുപിടിച്ച്‌ നശിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ബോഡോ കലാപകാരികളാണ്‌ ഇവരെന്ന്‌ മനസ്സിലാക്കിയതെന്നും ദിലേര്‍ ഖാന്‍ പറയുന്നുണ്ട്‌.
റഹ്‌മാന്‍ഖാനെ പോലെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളും സംസ്ഥാനത്തുള്ള മുസ്‌ലിം എം പിമാരും മുഖ്യമന്ത്രിക്കെതിരായി പരസ്യമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. സര്‍ക്കാറില്‍ നിന്നും കലാപം അടിച്ചമര്‍ത്താന്‍ സഹായങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഐ പി എസ്‌ ഓഫിസര്‍ നാരായണ്‍ ദാസ്‌ രാജിവെച്ച വിവരവും ഞെട്ടിപ്പിക്കുന്നതാണ്‌. ഗുജറാത്ത്‌ കലാപങ്ങളിലെ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനോടാണ്‌ തരുണ്‍ ഗൊഗോയിയുടെ നിസ്സംഗതയെ ശാഹി ഇമാം മൗലാനാ സയ്യിദ്‌ അഹ്‌മദ്‌ ബുഖാരി താരതമ്യപ്പെടുത്തിയത്‌. തരുണ്‍ ഗൊഗോയിയുടെ കുറ്റകരമായ നിസ്സംഗത മുസ്‌ലിം നേതാക്കളുടെ വ്യാപകമായ ആപേക്ഷങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുമുണ്ട്‌.
ദുരിതാശ്വാസത്തിനായി 300 കോടി രൂപ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പ്രഖ്യാപിച്ചത്‌ ഇപ്പോഴുണ്ടായ കലാപത്തിന്റെ ആഴം സൂചിപ്പിക്കുന്നതാണ്‌. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി പി ചിദംബരവും ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്‌ ആശ്വാസകരമായ കാര്യം തന്നെ. വര്‍ഗീയ കലാപങ്ങളുടെ കാരണങ്ങള്‍ ആകസ്‌മികമാണെങ്കിലും സംഘര്‍ഷങ്ങളെ വളരെ ആസൂത്രിതമായി ഫാസിസ്റ്റ്‌ ശക്തികള്‍ ഉപയോഗപ്പെടുത്തുന്നതാണ്‌ ഭീകരമായ നാശനഷ്‌ടങ്ങള്‍ക്ക്‌ കാരണം. മാത്രമല്ല ഒരു മതവിഭാഗത്തെ മാത്രം ഉന്നംവെച്ച്‌ ഇത്തരം കലാപങ്ങള്‍ നടക്കുന്നുവെന്നതും ഫാസിസ്റ്റ്‌ അജണ്ട വ്യക്തമാക്കുന്നതാണ്‌. വോട്ട്‌ബാങ്ക്‌ രാഷ്‌ട്രീയം മാറ്റിവെച്ച്‌ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും തയ്യാറായാല്‍ ഒരു പരിധിവരെ അസമിനെ ശാന്തമാക്കാന്‍ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

Friday, October 7, 2011

ജനപ്പെരുപ്പം കാലഹരണപ്പെട്ട സിദ്ധാന്തം കൃഷ്‌ണയ്യരുടെ കമ്മീഷന്‌ നേരം വെളുത്തിട്ടില്ല!

വനിതകളുടെയും ശിശുക്കളുടെയും ക്ഷേമത്തെയും അവകാശത്തെയും സംബന്ധിച്ച്‌ പുതിയ നിര്‍ദേശങ്ങള്‍ നല്‌കാനായി രൂപീകരിച്ച കമ്മിഷന്‍ സംസ്ഥാന സര്‍ക്കാറിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ഏറെ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയിരിക്കുകയാണ്‌. 2010ല്‍ ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യരെ അധ്യക്ഷനാക്കി സാമൂഹ്യക്ഷേമ വകുപ്പ്‌ നിയോഗിച്ച കമ്മിഷനാണ്‌ ജനസംഖ്യാ നിയന്ത്രണത്തിനുള്ള വിവാദ പരാമര്‍ശങ്ങളുമായി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. കുട്ടികള്‍ക്ക്‌ അധ്യാപകരില്‍ നിന്ന്‌ ഏല്‍ക്കേണ്ടിവരുന്ന മര്‍ദനമുറകളും അവരുടെ ഹാജരും കൊഴിഞ്ഞുപോക്കും പെണ്‍ഭ്രൂണഹത്യയും സ്‌ത്രീ പീഡനവുമെല്ലാം കമ്മിഷന്‍ പഠനവിധേയമാക്കിയിട്ടുണ്ട്‌.

ജാഗ്രതയോടെ എത്രയും വേഗം തടയേണ്ട ഒന്നായി ജനപ്പെരുപ്പത്തെ അവതരിപ്പിച്ചതാണ്‌ കമ്മിഷന്റെ കണ്ടെത്തലുകളെ ചോദ്യംചെയ്യാന്‍ പൗരസമൂഹത്തെ പ്രേരിപ്പിച്ചിരിക്കുന്നത്‌.

രണ്ടിലധികം കുട്ടികളുള്ളവര്‍ പിഴയൊടുക്കണമെന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശം ഭരണഘടന പൗരന്‌ അനുവദിച്ച വ്യക്തി സ്വാതന്ത്ര്യത്തിന്‌ നേരെയുള്ള കടന്നുകയറ്റമാണ്‌. വിവാദ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അധ്യായം പിന്‍വലിക്കാന്‍ തയ്യാറില്ലെന്ന്‌ പ്രഖ്യാപിച്ചു കഴിഞ്ഞ കമ്മിഷനധ്യക്ഷന്‍ രണ്ടാമത്തെ പ്രസവത്തില്‍ ഇരട്ടകുട്ടികളാണ്‌ പിറക്കുന്നതെങ്കില്‍ ആ മാതാപിതാക്കള്‍ എന്തു ശിക്ഷാ നടപടികള്‍ക്കാണ്‌ വിധേയരാകേണ്ടതെന്ന ഭേദഗതികള്‍ കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന്‌ പ്രതീക്ഷിക്കാം.

ജനപ്പെരുപ്പമെന്നത്‌ ഒരു യാഥാര്‍ഥ്യമാണോ? അത്‌ വികസനത്തിന്‌ തടയിടുന്ന ഒരു ഘടകമാണോ? ഭക്ഷ്യ സുരക്ഷയ്‌ക്ക്‌ ആഘാതമേല്‍പ്പിക്കുന്ന ഗുരുതരമായ ഭവിഷ്യത്ത്‌ ക്ഷണിച്ചുവരുത്തുന്ന ഒന്നാണോ അത്‌? എന്നതൊക്കെ നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. ജനപ്പെരുപ്പം ജീവിതവിഭവങ്ങളില്‍ ഗണ്യമായ കുറവ്‌ വരുത്തുമെന്നും അത്‌ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പട്ടിണി പോലുള്ള ദുരിതങ്ങള്‍ക്കും വഴിവെക്കുമെന്നുമുള്ള വാദങ്ങള്‍ ശാസ്‌ത്രീയമായ പഠനങ്ങള്‍ തന്നെ തള്ളിക്കളഞ്ഞതാണ്‌. ജനപ്പെരുപ്പമെന്നത്‌ ഒരു കാലത്തും പ്രശ്‌നമായിട്ടില്ലെന്ന്‌ നിരവധി ഗവേഷകന്‍മാര്‍(1) ആധികാരികമായി തന്നെ സ്ഥാപിച്ചിട്ടുള്ളതാണ്‌. കുടുംബാസൂത്രണ അനുകൂലികളുടെയും ജനസംഖ്യാ നിയന്ത്രണ വിദഗ്‌ദരുടെയും മുറവിളികള്‍ക്ക്‌ വിരുദ്ധമായി പല യൂറോപ്യന്‍ രാജ്യങ്ങളും ജനനനിരക്ക്‌ വര്‍ധിപ്പിക്കാനുള്ള സജീവ പ്രവര്‍ത്തനങ്ങളിലാണ്‌ ഇപ്പോള്‍. ഇതോടൊപ്പം ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ്‌ പ്രജനന നിരക്ക്‌ (Total Fertility Rate: TFR) കുറഞ്ഞുവരുന്നതായുള്ള ഐക്യരാഷ്‌ട്ര സഭയുടെ പഠന റിപ്പോര്‍ട്ട്‌.(2) (പട്ടിക-1, ഗ്രാഫ്‌-1 എന്നിവ ശ്രദ്ധിക്കുക). ഒരു സ്‌ത്രീക്ക്‌ അവളുടെ ജീവിത കാലത്തിനിടയ്‌ക്ക്‌ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന കുട്ടികളുടെ എണ്ണത്തിന്റെ ശരാശരിയെടുത്താണ്‌ പ്രജനന നിരക്ക്‌ കണക്കാക്കുന്നത്‌. പ്രജനന നിരക്ക്‌ കുറയുന്നതോടൊപ്പം തന്നെ ജനസംഖ്യാ നിയന്ത്രണം കൂടി വന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ അത്‌ സൃഷ്‌ടിക്കുമെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജനിച്ച്‌ വീഴുന്ന ഓരോ കുട്ടിക്കും ഗ്രാന്റ്‌ അനുവദിച്ചുകൊണ്ട്‌ മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങള്‍ ഈ പശ്ചാത്തലത്തിലാണ്‌.

പതിനെട്ടാം നൂറ്റാണ്ട്‌ മുതലാണ്‌ ജനസംഖ്യാ വര്‍ധനവ്‌ അനുഭവപ്പെടാന്‍ തുടങ്ങിയത്‌. പിന്നീടുള്ള ഇരുന്നൂറ്‌ വര്‍ഷത്തിനിടയില്‍ ആറ്‌ മടങ്ങിലധികം ലോക ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്‌. 1900ല്‍ 1.6 ബില്ല്യന്‍ ആയിരുന്ന ജനസംഖ്യ 2000ല്‍ 6.1 ബില്ല്യനായി വര്‍ധിച്ചിട്ടുണ്ടെന്നത്‌ വസ്‌തുതയാണ്‌. ഇത്‌ ഒരു സ്‌ഫോടനാത്മകമായ വളര്‍ച്ചയല്ല. മറിച്ച്‌ ആനുപാതികമായ വര്‍ധനവ്‌ മാത്രമാണ്‌. ഇതോടൊപ്പം ഈ കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി ഡി പി) 20 മുതല്‍ 40 വരെ മടങ്ങ്‌ വര്‍ധിച്ചതായി ജനസംഖ്യാ വര്‍ധനവും വികസനവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള യു എന്‍ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.(3) സാങ്കേതിക വിദ്യയുടെ സ്‌ഫോടനാത്മകമായ വളര്‍ച്ചയും അതുപോലെ തന്നെ വൈദ്യശാസ്‌ത്ര, വിവര വിജ്ഞാന, ആശയ വിനിമയ, ഭക്ഷ്യ ഉല്‍പാദന മേഖലകളിലെ മുന്നേറ്റങ്ങളും ഈ കാലയളവില്‍ സംഭവിച്ചിട്ടുണ്ട്‌. അതുകൊണ്ടു തന്നെ ജനസംഖ്യാ വര്‍ധനവ്‌ ഭക്ഷ്യവിഭവങ്ങളില്‍ കുറവു വരുത്തിയിട്ടില്ലെന്നതാണ്‌ സത്യം.

ജനപ്പെരുപ്പം ഉപജീവനത്തിന്‌ വിഘാതമാകുമെന്ന്‌ ആദ്യമായി നിരീക്ഷിച്ചത്‌ തോമസ്‌ മാല്‍തൂസ്‌ (1766-1834) ആണ്‌.(4) ജനങ്ങളുടെ എണ്ണം 1,2,4,8,16,32... എന്ന നിലയില്‍ പെരുകുമ്പോള്‍ വിഭവങ്ങള്‍ 1,2,3,4,5,6... എന്ന രീതിയില്‍ മാത്രമാണ്‌ വളരുന്നതെന്നാണ്‌ മാല്‍തൂസിയന്‍ സിദ്ധാന്തം. എന്നാല്‍ മനുഷ്യനും വിഭവമാണെന്നും അതിന്റെ വര്‍ധനവ്‌ അനുസരിച്ച്‌ ഉല്‍പാദന മേഖലയിലും വികാസം സംഭവിക്കുമെന്നും കണക്കുകള്‍ നിരത്തി ഈ സിദ്ധാന്തത്തിനെതിരെ പലരും വാദങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. ആവശ്യങ്ങളാണ്‌ കണ്ടെത്തലുകളുടെ മാതാവെന്നാണ്‌ എസ്റ്റര്‍ ബോസറപ്‌ ഇതിനെതിരെ പറഞ്ഞത്‌.(5) വര്‍ധിച്ച്‌ വരുന്ന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സ്വാഭാവികമായും മനുഷ്യപക്ഷത്ത്‌ നിന്ന്‌ ശ്രമമുണ്ടാകും. ഇതപര്യന്തമുള്ള മനുഷ്യചരിത്രം ഇതിന്‌ സാക്ഷിയാണ്‌.

ജനസംഖ്യാ വര്‍ധനവിനെ ഭീതിതമായി ചിത്രീകരിക്കാന്‍ ആരംഭിച്ചത്‌ അറുപതുകളിലാണ്‌. നാശത്തിനും മരണത്തിനും ദാരിദ്ര്യത്തിനും കാരണമാകാവുന്ന ദുരിതമായി സ്റ്റാന്‍ഫോര്‍ഡിലെ ശാസ്‌ത്രജ്ഞനായ പോള്‍ ഏര്‍ലിക്‌ ജനപ്പെരുപ്പത്തെ അവതരിപ്പിക്കുകയുണ്ടായി.(6) വലിയതോതിലുള്ള പട്ടിണി മരണങ്ങള്‍, പ്രകൃതി വിഭവങ്ങളുടെ വിലവര്‍ധനവ്‌, അവയുടെ ഗണ്യമായ കുറവ്‌, മാലിന്യങ്ങളുടെ കുമിഞ്ഞു കൂടല്‍, അതുമൂലമുള്ള പരിസ്ഥിതി നശീകരണം തുടങ്ങിയവയാണ്‌ ജനസംഖ്യാ പെരുപ്പത്തിന്റെ ഉപോല്‍പന്നമായി പോള്‍ പ്രവചിച്ചത്‌. പക്ഷേ സംഭവിച്ചത്‌ ഇതിന്‌ നേര്‍ വിപരീതമായിരുന്നു. പട്ടിണി മരണങ്ങളേക്കാള്‍ അപകടം വിതച്ചത്‌ യുദ്ധംകൊണ്ടുള്ള വേര്‍പാടുകളായിരുന്നു. സേച്ഛാധിപതികളായ ഭരണാധിപന്മാരുടെ രാഷ്‌ട്രീയ നീക്കങ്ങളായിരുന്നു പല രാജ്യങ്ങളിലെയും മനുഷ്യനാശത്തിന്‌ കാരണം.

നിലവിലുള്ള സാങ്കേതിക വിദ്യകള്‍ പൂര്‍ണമായും ഉപയോഗിക്കുകയാണെങ്കില്‍ 35 ബില്ല്യന്‍ ജനങ്ങളെ വരെ ഭക്ഷിപ്പിക്കാന്‍ സാധിക്കുമെന്ന്‌ 1990ല്‍ UNFAO പുറത്തിറക്കിയ ഭക്ഷ്യ, കൃഷി നിലവാരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.(7) റോജര്‍ റെവല്ലെ നിര്‍ണയിക്കുന്നത്‌ 40 ബില്ല്യന്‍ ആളുകള്‍ക്ക്‌ ഉപയോഗിക്കാവുന്ന കാര്‍ഷിക വിഭവങ്ങള്‍ ലോകത്ത്‌ സുരക്ഷിതമായി ഉണ്ടെന്നാണ്‌.(8) ഇന്ന്‌ ലോക ജനസംഖ്യ 6.97 ബില്യന്‍(9) മാത്രമാണെന്ന്‌ കൂടി നാം ഓര്‍ക്കുക. ലോകം മുഴുവനുള്ള മനുഷ്യര്‍ക്കാവശ്യമുള്ള ഭക്ഷ്യവിഭവങ്ങള്‍ ഉല്‍പാദിപ്പിച്ചു നല്‍കാന്‍ ഇന്ത്യ പര്യാപ്‌തമാണെന്നാണ്‌ ഇന്ത്യന്‍ സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ രാജ്‌ കൃഷ്‌ണ പറയുന്നത്‌.(10) ജനസംഖ്യാ വര്‍ധനവ്‌ കൊണ്ട്‌ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിച്ച ദുരന്തങ്ങള്‍ ഇതുവരെ പുറത്ത്‌ വന്നിട്ടില്ലെന്നും ലോക ജനസംഖ്യ 2050ല്‍ 8.9 ബില്യന്‍ വരെ എത്തിയാലും ഈ പ്രത്യാഘാതങ്ങളൊന്നും സംഭവിക്കുകയില്ലെന്നും മറ്റൊരു ആധികാരിക പഠന റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.(11) ജനപ്പെരുപ്പമെന്നത്‌ 20-ാം നൂറ്റാണ്ടിലെ ഒരു കാല്‍പനിക കഥ മാത്രമാണെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.(12) ഇത്തരം വസ്‌തുതകള്‍ പകല്‍ പോലെ മുന്നിലുണ്ടായിട്ടും ജനസംഖ്യാ നിയന്ത്രണത്തിന്‌ കമ്മിഷന്‍ നിര്‍ദേശിച്ചത്‌ എന്തിനു വേണ്ടിയാണെന്ന്‌ മനസ്സിലാകുന്നില്ല. വനിതകളുടെയും ശിശുക്കളുടെയും ക്ഷേമത്തിനായുള്ള റിപ്പോര്‍ട്ട്‌ പിറക്കാനുള്ള കുഞ്ഞിന്റെ അവകാശവും പ്രസവിക്കാനുള്ള സ്‌ത്രീയുടെ നൈസര്‍ഗിക അവകാശവും ഹനിക്കുകയാണ്‌ ചെയ്യുന്നത്‌.

ജനസംഖ്യാ വര്‍ധനവ്‌ വികസനത്തിന്‌ തടസ്സമാണെന്ന ആരോപണമുണ്ട്‌. എന്നാല്‍ രാഷ്‌ട്രീയ, സാമ്പത്തിക കാര്യങ്ങള്‍ യുക്തിപൂര്‍വം നിര്‍വഹിക്കുന്നതിലെ പോരായ്‌മ, വ്യാപകമായ അഴിമതി, വികലമായ മാര്‍ക്കറ്റ്‌ നിയന്ത്രണം എന്നിവയൊക്കെയാണ്‌ വികസനത്തിന്‌ വഴിമുടക്കികളാകുന്നത്‌. തങ്ങളുടെ ഭരണത്തിലെ പാളിച്ചകള്‍ കൊണ്ടുണ്ടാകുന്ന ഭക്ഷ്യദുരന്തത്തെയും മാലിന്യങ്ങളുടെ കുമിഞ്ഞുകൂടലിനെയും ബോധപൂര്‍വം ജനപ്പെരുപ്പമെന്ന മറ സൃഷ്‌ടിച്ച്‌ രക്ഷപ്പെടാനുള്ള ശ്രമമാണ്‌ ഭരണകൂടത്തിന്റെയും ഭരിക്കുന്നവരുടെയും ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌. അല്ലെങ്കില്‍ ഉണ്ടായിട്ടുള്ളത്‌.

മൂന്നാം ലോക രാജ്യങ്ങളിലുണ്ടായിട്ടുള്ള ഭക്ഷ്യക്ഷാമങ്ങള്‍ ഭരണ നിര്‍വഹണത്തിന്റെ പരാജയം മൂലമാണ്‌ നടന്നിട്ടുള്ളതെന്ന്‌ നോബല്‍ സമ്മാന ജേതാവ്‌ അമര്‍ത്യാസെന്‍ എഴുതിയിട്ടുണ്ട്‌. 1974ല്‍ ബംഗ്ലാദേശിലുണ്ടായ ക്ഷാമമാണ്‌ ഇതിന്‌ ഉദാഹരണമായി അദ്ദേഹം എടുത്തുകാട്ടുന്നത്‌. 1971നും 76നും ഇടയ്‌ക്ക്‌ ഏറ്റവുമധികം ഭക്ഷ്യലഭ്യത ഉണ്ടായിട്ടുള്ള വര്‍ഷത്തിലാണ്‌ ബംഗ്ലാദേശില്‍ ക്ഷാമമുണ്ടായത്‌. ഇതിനര്‍ഥം അത്‌ കൈകാര്യം ചെയ്യുന്നതിലുള്ള കെടുകാര്യസ്ഥതയാണ്‌ ഈ ദുരന്തത്തിന്‌ കാരണമെന്നാണ്‌. എത്യോപ്യയിലുണ്ടായിട്ടുള്ള ക്ഷാമം ഭക്ഷ്യവിഭവങ്ങള്‍ മുഴുവന്‍ കയറ്റി അയച്ച്‌ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ശ്രമത്തിന്റെ പരിണിതിയെന്നോണം ഉണ്ടായിട്ടുള്ളതാണ്‌.

ലോകജനങ്ങളിലുള്ള മേല്‍ക്കോയ്‌മ നഷ്‌ടപ്പെടുമോയെന്ന യൂറോപ്യരുടെ ഭീതിയുടെ ഫലമാണ്‌ ജനസംഖ്യാ നിയന്ത്രണമെന്ന ആശയം. ഇത്‌ തെളിയിക്കുന്ന നിരവധി രേഖകളുണ്ട്‌. `ബ്രിട്ടന്‌ ബ്രിട്ടനെ നഷ്‌ടപ്പെടുന്നു' എന്ന ലണ്ടന്‍ ടൈംസില്‍(13) വന്ന ലേഖനം ഇത്തരം ചിന്തയിലേക്ക്‌ വെളിച്ചം വീശുന്നതാണ്‌. മൂന്നാം ലോക രാജ്യക്കാരുടെ കുടിയേറ്റം വെള്ളക്കാരുടെ അധീശത്വം അവസാനിപ്പിക്കാന്‍ മാത്രം വളര്‍ന്നപ്പോഴാണ്‌ അവരുടെ പെരുപ്പം നിയന്ത്രിക്കാന്‍ ഇത്തരമൊരാശയം ഇവര്‍ രംഗത്ത്‌ കൊണ്ടുവന്നത്‌. 1960ല്‍ ലോകജനസംഖ്യയുടെ മൂന്നിലൊന്ന്‌ യൂറോപ്യന്മാരായിരുന്നു. ഇന്നത്‌ ആറിലൊന്നായി ചുരുങ്ങിയിട്ടുണ്ട്‌. 2050 ആകുമ്പോഴേക്കും പത്തിലൊന്നായി അത്‌ മാറുമെന്നാണ്‌ പോള്‍ ക്രെഗ്‌ റോബര്‍ട്ട്‌സ്‌ വാഷിംഗ്‌ടണ്‍ ടൈംസില്‍ എഴുതിയത്‌. നമ്മെ അടക്കി ഭരിച്ച്‌ രാജ്യത്തെ കൊള്ളയടിച്ച വെള്ളക്കാരന്റെ ആവലാതികള്‍ക്കും വേവലാതികള്‍ക്കും ഓശാന പാടുകയാണ്‌ കമ്മീഷന്‍ നിര്‍ദേശം. ചൈനയും ഇന്ത്യയും ലോകം നിയന്ത്രിക്കാന്‍ പോന്ന ശക്തികളായി കുതിച്ചുയരാന്‍ കാരണം മാനവവിഭവശേഷിയാണെന്ന്‌ ഇന്ന്‌ ലോകം അറിയുന്നുണ്ട്‌.

ജനസംഖ്യ നിയന്ത്രിച്ചത്‌ കൊണ്ട്‌ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന്‌ വിശ്വസിക്കുന്നത്‌ അബദ്ധമാണ്‌. ഇന്നോളമുള്ള പഠനങ്ങളും കണക്കുകളും സത്യപ്പെടുത്തത്‌ ഈ ചിന്താരീതിയെയായിരിക്കെ ബാലിശങ്ങളായ കണ്ടത്തലുകളെ പിന്‍വലിച്ച്‌ ശാസ്‌ത്രീയമായ അടിത്തറയില്‍ നിന്നുകൊണ്ടുള്ള റിപ്പോര്‍ട്ടാക്കി മാറ്റാന്‍ കമ്മിഷന്‍ അംഗങ്ങള്‍ തയ്യാറാകണം.

മുസ്‌ലിംകളും ഇസ്‌ലാമിക സംഘടനകളും ജനസംഖ്യാ നിയന്ത്രണത്തിനെതിരെ ശക്തമായി രംഗത്തിറങ്ങുന്നത്‌ ചിലപ്പോഴത്തെ തെറ്റിദ്ധാരണകള്‍ പരത്തുന്നുണ്ടെന്ന്‌ തോന്നുന്നു. ഓരോരുത്തരും ഇത്ര കുട്ടികളെ ഉണ്ടാക്കി കൊള്ളണമെന്ന്‌ അനുശാസിക്കുന്ന മതമല്ല ഇസ്‌ലാം. കൂടുതലായി കുട്ടികള്‍ ഉണ്ടാകുന്നതിനെ അത്‌ നിരുല്‍സാഹപ്പെടുത്തുന്നുമില്ല. ഗര്‍ഭഛിദ്രത്തെ അത്‌ കര്‍ശനമായി വിലക്കുകയും ചെയ്യുന്നു. എന്നാല്‍ ഉള്ള കുട്ടികള്‍ക്ക്‌ മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്‌. എണ്ണത്തേക്കാള്‍ ഗുണത്തെ ആവശ്യപ്പെടുന്ന ഇസ്‌ലാം ജനസംഖ്യാ നിയന്ത്രണമെന്നത്‌ പ്രകൃതി വിരുദ്ധമായത്‌ കൊണ്ടാണ്‌ എതിര്‍ക്കുന്നത്‌.

Saturday, September 17, 2011

തുടരുന്ന സ്‌ഫോടനങ്ങളും തീരാത്ത ആശങ്കയും

തലസ്ഥാന നഗരിയെ രക്തപങ്കിലമാക്കി മറ്റൊരു ബോംബ്‌ സ്‌ഫോടനം കൂടി. ദല്‍ഹി ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ പ്രവേശന കവാടത്തിന്‌ സമീപം രാജ്യദ്രോഹികള്‍ ആസൂത്രണം ചെയ്‌തു നടപ്പിലാക്കിയ സ്‌ഫോടനത്തില്‍ 13 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്‌. തൊണ്ണൂറോളം പേര്‍ക്ക്‌ പരുക്കേറ്റിട്ടുമുണ്ട്‌. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. സ്‌ഫോടക വസ്‌തു നിറച്ച ബ്രീഫ്‌കേസ്‌ പ്രവേശന കവാടത്തിന്‌ സമീപം ഉപേക്ഷിച്ച്‌ തീവ്രവാദികള്‍ കടന്നുകളഞ്ഞതായിരുന്നു.

രാജ്യസുരക്ഷയെ കൊഞ്ഞനം കുത്തി എവിടെ വേണമെങ്കിയും ഏത്‌ സമയത്തും ഭീകരാവസ്ഥ സൃഷ്‌ടിക്കാന്‍ മാത്രം തങ്ങള്‍ വളര്‍ന്നിട്ടുണ്ടെന്ന തീവ്രവാദികളുടെ ഈ പ്രഖ്യാപനം ആഭ്യന്തര മന്ത്രാലയത്തിന്റെ ശീതീകരിച്ച മുറിയിലിരിക്കുന്നവരുടെ കാര്യപ്രാപ്‌തിയെ വെല്ലുവിളിക്കുന്നതാണ്‌. കഴിഞ്ഞ മെയ്‌ മാസത്തില്‍ ഹൈക്കോടതി പരിസരത്ത്‌ സമാന രീതിയിലുള്ള ഒരു സ്‌ഫോടനം നടന്നിരുന്നു. ആളപായങ്ങളില്ലാതിരുന്ന ആ സ്‌ഫോടനം ഇപ്പോള്‍ നടത്തിയതിന്റെ മുന്നൊരുക്കമായാണ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്‌.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയ്‌ക്ക്‌ ദല്‍ഹിയില്‍ നടക്കുന്ന പത്താമത്തെ ഭീകരവാദി ആക്രമണമാണിത്‌. നിരപരാധികളായ നൂറിലധികം പേരുടെ ജീവനുകളെങ്കിലും ഈ സ്‌ഫോടനങ്ങളിലൂടെ അപഹരിക്കപ്പെട്ടിട്ടുണ്ട്‌. സാധാരണത്തേതില്‍ നിന്ന്‌ വിഭിന്നമായി പൊട്ടിത്തെറി നടന്നയുടന്‍ തന്നെ പ്രതികളെന്ന്‌ കരുതുന്നവരുടെ രേഖാ ചിത്രം ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്‌. രേഖാചിത്രത്തിലുള്ളവരുമായി സാമ്യമുള്ള രണ്ടു പേരെ രാജസ്ഥാനില്‍ നിന്ന്‌ അറസ്റ്റുചെയ്‌തതായാണ്‌ ഒടുവില്‍ ലഭിക്കുന്ന വിവരം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ രണ്ട്‌ ഭീകരവാദ സംഘങ്ങള്‍ രംഗത്തെത്തിയിട്ടുണ്ടെന്നതാണ്‌ മറ്റൊരു വിശേഷം. നാലു ഇ-മെയില്‍ സന്ദേശങ്ങള്‍ ഇതുവരെ ഈ ആക്രമണവുമായി ബന്ധപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ച്‌ കഴിഞ്ഞിട്ടുണ്ട്‌. ഹുജി (ഹര്‍ക്കത്തുല്‍ ജിഹാദി അല്‍ ഇസ്‌ലാമി)യാണ്‌ ആദ്യമായി അവകാശവാദമുന്നയിച്ച്‌ ഇമെയില്‍ സന്ദേശം അയച്ചത്‌. ഈ സന്ദേശമയച്ചത്‌ ജമ്മു കാശ്‌മീരിലെ കിസ്‌ത്വാറെന്ന പ്രദേശത്തുള്ള ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നാണെന്നും കഫേ ഉടമയെയും ബന്ധുക്കളെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടി അറിയാന്‍ സാധിക്കുന്നു.

ഇന്ത്യന്‍ മുജാഹിദീന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ സന്ദേശമയച്ചത്‌ ബംഗാളില്‍ നിന്നാണെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. സുരക്ഷാ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച്‌ അയച്ച സന്ദേശത്തില്‍ മറ്റൊരു സ്‌ഫോടനത്തെ കുറിച്ചുള്ള മുന്നറിയിപ്പും കൂടി നല്‍കുന്നുണ്ടവര്‍. ഏതായിരുന്നാലും ഒരു സ്‌ഫോടനം നടന്നതുകൊണ്ട്‌ സുരക്ഷാ ക്രമീകരണങ്ങളില്‍ കുറച്ചു ദിവസത്തേക്കെങ്കിലും ജാഗ്രത പാലിക്കുമെന്ന്‌ പ്രതീക്ഷിക്കാം. ആവര്‍ത്തിക്കപ്പെടുന്ന ഈ പൊട്ടിത്തെറികള്‍ക്കും നിലയ്‌ക്കാത്ത ആശങ്കകള്‍ക്കും ശാശ്വതമായ പരിഹാരമുണ്ടാക്കേണ്ടതുണ്ട്‌. സിവിലിയന്‍മരുടെ ജീവിത സുരക്ഷ ഒരാക്രമണം നടക്കുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. നിതാന്ത ജാഗ്രതയും സൂക്ഷ്‌മമായ സുരക്ഷാ പരിശോധനകളും ഇവ്വിശയകമായി ഉണ്ടാകേണ്ടതുണ്ട്‌.

ഉന്നതമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിയിരുന്ന ഹൈക്കോടതി പോലെയുള്ള സ്ഥാപനങ്ങളില്‍ സി സി ടി വി ക്യാമറകള്‍ പോലും ഉണ്ടായിരുന്നില്ലെന്നത്‌ ആശങ്കാജനകമാണ്‌. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന്‌ കാലതാമസം വരുത്താന്‍ ഇത്‌ ഇടയാക്കും. പൗരന്‍മാരുടെ എണ്ണത്തിന്‌ അനുസൃതമായി നമ്മുടെ രാജ്യത്ത്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഇല്ലായെന്നതും ഗൗരവത്തിലെടുക്കേണ്ടതാണ്‌. 1037 സിവിലിയന്‍മാര്‍ക്ക്‌ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ്‌ ഇപ്പോഴുള്ളത്‌. എന്നാല്‍ ഇത്‌ മറ്റു രാജ്യങ്ങളില്‍ 333 ന്‌ ഒരാള്‍ എന്ന അനുപാതത്തിലാണ്‌. ആറ്‌ ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. അടിയന്തര ശ്രദ്ധയെത്തേണ്ട ഒരു വിഷയമാണിത്‌.

പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട്‌ തടവില്‍ കഴിയുന്ന അഫ്‌സല്‍ ഗുരുവിന്റെ മോചനമാവശ്യപ്പെട്ടാണ്‌ സ്‌ഫോടനം നടത്തിയതെന്നാണ്‌ ഹുജി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്‌. അതിനുവേണ്ടി നിരപരാധികളുടെ ജീവനെടുക്കലല്ല പോംവഴി. സമാധാനപൂര്‍ണ്ണമായ മാര്‍ഗങ്ങളിലൂടെ അധികാരികളുടെ മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അവതരിപ്പിക്കുകയാണ്‌ വേണ്ടത്‌. പൊതുജനങ്ങളെ അത്‌ ബോധ്യപ്പെടുത്താന്‍ അവര്‍ മുന്നോട്ടു വരികയായിരുന്നു അഭികാമ്യം. രാജ്യത്തെ പരമോന്നത നീതി പീഠം കുറ്റവാളിയെന്ന്‌ കണ്ടെത്തി ശിക്ഷിക്കാന്‍ വിധിച്ച ഒരാളെ ഈ രീതിയിലുള്ള നരഹത്യകളിലൂടെ മോചിപ്പിക്കാന്‍ സാധിക്കുമെന്ന്‌ വിശ്വസിക്കുന്നവര്‍ വിഡ്‌ഢികളുടെ സ്വര്‍ഗത്തിലാണെന്നല്ലാതെ എന്തു പറയാന്‍ !.

2002ല്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ (തെഹല്‍ക പോലെയുള്ള മാധ്യമങ്ങളുടെ കണ്ടെത്തല്‍) മുസ്‌ലിംകളെ ഉന്‍മൂലനം ചെയ്യാന്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയ വര്‍ഗീയ കലാപങ്ങളുടെ പ്രതികാരത്തിന്നായി രൂപീകൃതമായ തീവ്രവാദ സംഘടനയായാണ്‌ ഇന്ത്യന്‍ മുജാഹിദീന്‍ തങ്ങളെ സ്വയം പരിചയപ്പെടുത്തുന്നത്‌. ജയ്‌പൂര്‍, അജ്‌മീര്‍ എന്നിടങ്ങളില്‍ 2008ല്‍ സ്‌ഫോടനങ്ങള്‍ നടത്തിയാണ്‌ ഇവര്‍ രംഗപ്രവേശം ചെയ്യുന്നത്‌. തുടര്‍ന്നങ്ങോട്ട്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള പൊട്ടിത്തെറികള്‍ക്ക്‌ പിന്നിലുള്ള കറുത്ത കരങ്ങള്‍ ഇവരുടേതാണെന്നാണ്‌ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ പകല്‍വെളിച്ചത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ ഇതേവരേക്കും നമ്മുടെ സുരക്ഷാ സംവിധാനങ്ങള്‍ക്ക്‌ സാധിച്ചിട്ടെല്ലന്നത്‌ ഖേദകരമാണ്‌. മാത്രമല്ല പലപ്പോഴായി ഇന്ത്യന്‍ മുജാഹിദീനിന്റെ നേതാക്കളെ തന്നെ മാറ്റി പറയുന്ന കൗതുകകരമായ അവസ്ഥയ്‌ക്ക്‌ സാക്ഷികളാകേണ്ടിയും വന്നു നമ്മള്‍. എന്നാല്‍ രാജ്യത്തെ നടുക്കിയ പല സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നിലും സവര്‍ണ്ണ ഫാസിസത്തിന്റെ കരങ്ങളാണ്‌ പ്രവര്‍ത്തിച്ചതെന്ന പുതിയ വെളിപ്പെടുത്തലുകള്‍ തീവ്രവാദവുമായി ബന്ധപ്പെട്ട്‌ നാം നിര്‍മിച്ചിട്ടുള്ള ചില വാര്‍പ്പു ചിന്തകളെ പുനപരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടിവരും എന്നതിലേക്കാണ്‌ എത്തിക്കുന്നത്‌. ഹുജിയെയും ഇന്ത്യന്‍ മുജാഹിദീനിനെയുമെല്ലാം `ഇരുട്ടിന്റെ ശക്‌തികളായി' അല്ലെങ്കില്‍ `സജീവ തീവ്രവാദ' ഗ്രൂപ്പുകളായി നിലനിര്‍ത്തേണ്ടത്‌ ഇത്തരം ഹിന്ദുത്വ ഭീകരതയ്‌ക്ക്‌ കൂടി അനിവാര്യമാണ്‌.

രാജ്യത്തെ പിടിച്ചുലക്കാന്‍ മാത്രം പോന്ന രാഷ്‌ട്രീയ ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും കുംഭകോണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനും ചിലര്‍ ബോധപൂര്‍വം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്‌ സ്‌ഫോടനങ്ങളെന്ന്‌ ഒരാള്‍ വിശ്വസിച്ചാല്‍ അയാളെ കുറ്റം പറയാനൊക്കില്ല. കാരണം ആര്‍ എസ്‌ എസ്‌ നേതാവ്‌ ഇന്ദ്രേഷ്‌ കുമാറിനെതിരായ ബോംബ്‌ സ്‌ഫോടനക്കേസുകള്‍ സജീവമായി അന്വേഷിക്കാന്‍ ആരംഭിച്ചപ്പോഴാണ്‌ മുംബൈയിലെ സാവേരി ബസാറില്‍ ഇന്ത്യന്‍ മുജാഹിദീന്‍ സ്‌പോണ്‍സേര്‍ഡ്‌ പൊട്ടിത്തെറി നടക്കുന്നത്‌. ആര്‍ എസ്‌ എസ്‌ നേതാവിന്‌ ഇന്ത്യന്‍ മുജാഹിദീന്‍ ആക്രമണം ഗുണകരമായെന്ന്‌ ചുരുക്കം. കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണം കത്തി നിന്നപ്പോഴും രാജ്യത്ത്‌ നടന്നിട്ടുള്ള ഭീകരാക്രമണങ്ങളും ആര്‍ എസ്‌ എസ്‌ ബാന്ധവവും സജീവ ചര്‍ച്ചയായപ്പോഴും അതിന്റെ ഭാഗമായി കേണല്‍ പുരോഹിതും സ്വാമി അസീമാനന്ദയും സ്വാമിനി പ്രജ്ഞാസിംഗ്‌ ഠാക്കൂറും ഇന്ദ്രേഷ്‌ കുമാറുമെല്ലാം പ്രതി പട്ടികയിലേക്ക്‌ ചേക്കേറാന്‍ ആരംഭിച്ചപ്പോഴും നിരപരാധികളുടെ ജീവനപഹരിക്കുന്ന ഉഗ്രസ്‌ഫോടനങ്ങള്‍ നമ്മുടെ രാജ്യത്ത്‌ നടന്നിട്ടുണ്ട്‌. ഇവ ചേര്‍ത്ത്‌ വായിക്കാന്‍ നാം ധൈര്യം കാണിക്കണം.

വോട്ടിന്‌ കോഴ നല്‍കിയെന്ന കേസിന്റെ ഭാഗമായി ഫഗ്ഗാന്‍ സിംഗ്‌, മഹാവീര്‍ ഭഗോറ എന്നീ ബി ജെ പിയുടെ രണ്ട്‌ മുന്‍ എം പി മാരെ അറസ്റ്റു ചെയ്യുകയും കേസന്വേഷണം എല്‍ കെ അദ്വാനിയിലേക്ക്‌ കൂടി നീളുകയും ചെയ്‌തപ്പോഴാണ്‌ മറ്റൊരു സ്‌ഫോടനം ദല്‍ഹിയില്‍ നടന്നിട്ടുള്ളതെന്നത്‌ ഒരുപക്ഷേ സ്വാഭാവികമാകാം. എന്നിരുന്നാലും ഇവ തമ്മില്‍ ബന്ധമുണ്ടോയെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. ആഭ്യന്തര മന്ത്രി പി ചിദംബരം മുംബൈയില്‍ അടുത്ത കാലത്ത്‌ നടന്ന ഭീകര ആക്രമണത്തില്‍ സവര്‍ണ്ണ ഫാസിസ്റ്റുകളുടെ കൈകളുണ്ടോയെന്ന്‌ അന്വേഷിക്കുമെന്ന്‌ പറഞ്ഞിരുന്നു. അതിനുള്ള നടപടികള്‍ ഈ കേസിലും ഉണ്ടാകണമെന്നാണ്‌ നിയമവാഴ്‌ചയിലും നീതിയിലും തുല്യതയിലും പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ ആഗ്രഹിക്കുന്നത്‌. അണ്ണാ ഹസാരെയും കൂട്ടരും തലസ്ഥാനത്ത്‌ നടത്തിയ സമരവും ജനലോക്‌പാല്‍ ബില്ല്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള അനുമതി നേടുന്നതില്‍ വിജയിച്ചതും ഭരണ കക്ഷിക്ക്‌ ക്ഷീണം വരുത്തിവെച്ച കാര്യങ്ങളാണ്‌. ഈ ക്ഷീണമകറ്റാനുള്ള ശ്രമവും തള്ളിക്കളയേണ്ടതില്ല.

ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന്‌ അനുശാസിക്കുന്ന ഭരണഘടനയുടെയും നീതിന്യായ വ്യവസ്ഥയുടെയും അവകാശികളാണ്‌ നമ്മള്‍. തീവ്രവാദം പോലുള്ള വളരെ അപകടം പിടിച്ച ആരോപണങ്ങള്‍ ചുമത്തി ഒരു മതത്തിലെ ചെറുപ്പക്കാരെ വേട്ടയാടുന്നതും ശരിയായ കുറ്റപത്രം പോലും സമര്‍പ്പിക്കാതെ വര്‍ഷങ്ങളോളം അവരെ തടവിലിടുന്നതും ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കുകയില്ല. ഒരു വ്യക്തിയിലുപരി അയാളുടെ കുടുംബത്തെ തന്നെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ അകറ്റി നിര്‍ത്താന്‍ ഇത്തരം ആരോപണങ്ങള്‍ കാരണമാകാറുണ്ട്‌. ഇവ ബാലിശങ്ങളാണെങ്കില്‍ ആ നിരപരാധികള്‍ കൂടി അക്രമത്തിന്റെ മാര്‍ഗങ്ങളിലൂടെ തങ്ങളെ ഒറ്റപ്പെടുത്തിയവരോട്‌ പ്രതികരിച്ചെന്നു വരാം. അതുകൊണ്ടുതന്നെ തീവ്രവാദ കേസുകള്‍ നീട്ടിവെക്കാതെ പെട്ടെന്ന്‌ തീര്‍പ്പാക്കേണ്ടതുണ്ട്‌. അതിനായി പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കുകയും വിചാരണയിലൂടെ കുറ്റവാളികള്‍ക്ക്‌ മാതൃകാപരമായ കനത്ത ശിക്ഷയും നിരപരാധികള്‍ക്ക്‌ വളരെ വേഗത്തിലുള്ള മോചനവും നല്‍കാന്‍ സാധിക്കണം.

Friday, March 11, 2011

മുസ്‌ലിം നവോത്ഥാനം; ആധുനിക വായന

ആഴ്ചയിലെ പുസ്തകം

കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെട്ടു കൊണ്ടുള്ള തര്‍ക്കങ്ങളും അവയെ കൊളോണിയല്‍ വത്കരിച്ച് പൊളിച്ചെഴുതാനുള്ള ശ്രമങ്ങളും നടക്കുന്ന അവസരത്തില്‍ അതിന്റെ യാഥാര്‍ഥ്യം അന്വേഷിച്ചുള്ള പഠനത്തിന് പ്രസക്തിയുണ്ട്. കാലാനുസൃതമായി കടന്നുകൂടുന്ന ജീര്‍ണതകളില്‍നിന്നു ശുദ്ധീകരിച്ച് മതത്തെ അതിന്റെ തനിമയില്‍ നിലനിര്‍ത്തേണ്ടത് പണ്ഡിതന്‍മാരുടെ ദൗത്യമാണ്. വേലി തന്നെ വിള തിന്നു കൊണ്ടിരുന്ന ഒരുകാലത്ത് അത്യധികം സാഹസപ്പെട്ട് സൃഷ്ടിച്ചെടുത്ത ഉണര്‍വിനെ കൊളോണിയല്‍ പ്രേരിതമെന്ന് അധിക്ഷേപിക്കുന്നത് ചരിത്രത്തോട് നീതി പുലര്‍ത്താത്ത പ്രസ്താവനയാണ്. മുജീബുര്‍റഹ്മാന്‍ കിനാലൂരിന്റെ 'മുസ്‌ലിം നവോത്ഥാനവും ആധുനികതയും' എന്ന പഠനം നവോത്ഥാന പ്രസ്ഥാനത്തിനും നായകന്‍മാര്‍ക്കുമെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയുന്ന മികച്ച രചനയാണ്.


ഇസ്‌ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിലേക്കും പ്രവാചക ചര്യയിലേക്കുമുള്ള തിരിച്ചുവിളിക്കലായിരുന്നു കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ കാതലായ വശം. പ്രമാണങ്ങളോടൊപ്പം തന്നെ യുക്തിക്കും തുല്യമായ പ്രാധാന്യം ഇസ്‌ലാഹീ നായകന്‍മാര്‍ നല്കിയിരുന്നു. സഊദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലുണ്ടായിട്ടുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സമ്യക്കായി ഉള്‍ചേര്‍ന്നതായിരുന്നു കേരളത്തിലെ മുസ്‌ലിം നവോത്ഥാനമെന്ന് ചുരുക്കം.


കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ അമരക്കാരനായ വക്കം മൗലവിയെ പ്രധാനമായും പ്രചോദിപ്പിക്കുന്നത് ഈജിപ്തില്‍ ഉണ്ടായിട്ടുള്ള അല്‍ മനാര്‍ ചിന്താ പ്രസ്ഥാനമാണ്. ജഡാവസ്ഥയില്‍ നിലകൊണ്ടിരുന്ന ഇസ്‌ലാമിനെ കാലോചിതമായി പരിഷ്‌കരിച്ച് നൂതന വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമാക്കുകയായിരുന്നു സയ്യിദ് റശീദ് റിദ അല്‍ മനാര്‍ പ്രസ്ഥാനത്തിലൂടെ. താന്‍ ജീവിച്ച കാലഘട്ടത്തിലെ അനിസ്‌ലാമിക ആചാരങ്ങളെ തുടച്ചുനീക്കാന്‍ പ്രമാണവും യുക്തിയും ഇഴചേരണമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ജമാലുദ്ധീന്‍ അഫ്ഗാനിയുടെ രാഷ്ട്രീയ നവോത്ഥാനവും മുഹമ്മദ് അബ്ദുവിന്റെ വൈജ്ഞാനിക നവോത്ഥാനവും ഒരുപോലെ ഒത്തിണക്കി ഇവ രണ്ടിന്റെയും പ്രസക്തി വരച്ചുകാട്ടുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് റിദ നടപ്പിലാക്കിയിരുന്നത്. വക്കം മൗലവിയിലൂടെ കേരളത്തിലേക്ക് കടന്നു വന്നതും ഇതു തന്നെയായിരുന്നു. അല്ലാമ റശീദ് റിദയുടെയും അല്‍ മനാറിന്റെയും ചിന്താപദ്ധതികളാല്‍ സ്വാധീനിക്കപ്പെടാത്ത നവോത്ഥാന-ധൈഷണിക ചലനങ്ങള്‍ പില്‍ക്കാലത്ത് ലോകത്തെവിടെയും ഉണ്ടായിട്ടില്ലെന്ന നിരീക്ഷണം ശ്രദ്ധേയമാണ്.


നവോത്ഥാന പ്രവര്‍ത്തനങ്ങളെ അവ കടന്നുവന്ന കാലഘട്ടങ്ങളുടെ ഉല്‍പന്നമായിട്ടാണ് വിലയിരുത്തേണ്ടത്. നവോത്ഥാന പ്രവര്‍ത്തനങ്ങളെ അവയുടെ കാലഘട്ടങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് വായിക്കാന്‍ ശ്രമിച്ചാലുണ്ടാകുന്ന അബദ്ധങ്ങളേ 'പൊളിച്ചെഴുത്തുകാര്‍ക്ക്' ഉണ്ടായിട്ടുള്ളൂ. 'കൊളോണിയല്‍ ആധുനികതയുടെ കൊടുങ്കാറ്റടിച്ച കാലത്ത്, ഇസ്‌ലാമിക ധിഷണ ഏറ്റെടുത്ത നവോത്ഥാന വ്യവഹാരങ്ങളില്‍ ചില അതിരു കവിച്ചിലുകളും യുക്തിയുടെ അമിതാശ്ലേഷ വ്യഗ്രതയുമൊക്കെ വന്നു പോയിരിക്കാം' എന്ന ലേഖകന്റെ അഭിപ്രായം നീതിപൂര്‍വമായ ചരിത്ര വായന കൂടിയാണ്.
തീവ്രവാദ, ഭീകരവാദ ചിന്താധാരകളെ വഹ്ഹാബിസവുമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്ന അമേരിക്കന്‍ ബുദ്ധിജീവികള്‍ക്ക് പാശ്ചാത്യ ലോകത്ത് നിന്നു തന്നെ വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിന്റെ ചിന്തകളെ പ്രതിനിധീകരിക്കുന്ന വഹ്ഹാബി ധാരയും സയ്യിദ് ഖുതുബിന്റെ ആദര്‍ശങ്ങളെ വിഭാവനം ചെയ്യുന്ന വഹ്ഹാബി ധാരയും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഖുതുബിസമാണ് ബിന്‍ ലാദനെ പോലുള്ളവരെ സ്വാധീനിച്ചത്. വഹ്ഹാബിസത്തിന്റെ ഉല്‍പന്നമായി തീവ്രവാദത്തെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങളുടെ മുനയൊടിക്കുന്നുണ്ട് ലേഖകന്‍ ഈ രചനയിലൂടെ.


മുജീബുര്‍റഹ്മാന്‍ കിനാലൂര്‍
വിശ്വാസ കാര്യത്തില്‍ വേറിട്ട വഴി അടയാളപ്പെടുത്തിയ മതമാണ് ഇസ്‌ലാം. ഏകദൈവാരാധനയില്‍ പുലര്‍ത്തി വരുന്ന നിഷ്‌കര്‍ഷതയാണ് ഇതരമതങ്ങളില്‍ നിന്ന് ഇസ്‌ലാമിനെ വ്യത്യസ്തമാക്കുന്നത്. വിശ്വാസകാര്യങ്ങളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാതെ തന്നെ പൊതുമണ്ഡലങ്ങളില്‍ സഹകരിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കും. കള്‍ച്ചറല്‍ ഇസ്‌ലാം, സ്പിരിച്വല്‍ ഇസ്‌ലാം എന്നീ പദങ്ങളിലൂടെ കൊട്ടിഘോഷിക്കപ്പെടുന്ന അനിസ്‌ലാമിക പ്രവര്‍ത്തനങ്ങളെ കടംകൊള്ളേണ്ടുന്ന ഗതികേട് മുസ്‌ലിംകള്‍ക്കില്ല. തനിമാവാദത്തിന്റെ പേരില്‍ ഇസ്‌ലാമേതര പ്രവര്‍ത്തനങ്ങളെ നെഞ്ചോട് ചേര്‍ക്കുന്ന സാംസ്‌കാരിക നായകന്‍മാര്‍ക്ക് മിതമായ ഭാഷയിലെ മാന്യമായ മറുപടി.


സ്ത്രീസമൂഹത്തില്‍ ഉണര്‍വ് പ്രകടമാക്കേണ്ട ദൗത്യം നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കുണ്ട്. എങ്കില്‍ മാത്രമേ നവോത്ഥാനം എന്ന പ്രയോഗത്തിന് പൂര്‍ണത കൈവരികയുള്ളൂ. കേരളത്തില്‍ സംജാതമായിട്ടുള്ള ഉണര്‍വില്‍ ആകൃഷ്ടരായി വനിതകള്‍ സ്വന്തമായി പത്രമാസികകള്‍ ഇറക്കിയിരുന്നു. നവോത്ഥാന പ്രവര്‍ത്തനങ്ങളിലെ സ്ത്രീകളുടെ പങ്കിനെ കുറിച്ച് ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് ലേഖകന്‍ ഓര്‍മപ്പെടുത്തുന്നു.


നവോത്ഥാന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സാര്‍ത്ഥമാക്കുന്നതില്‍ പത്രപ്രസിദ്ധീകരണങ്ങള്‍ക്കുള്ള പങ്ക് സുവിദിതമാണ്. മഹിതമായ പ്രസിദ്ധീകരണ പാരമ്പര്യം കേരള മുസ്‌ലിംകള്‍ക്ക് അവകാശപ്പെടാനുണ്ട്. അവയെക്കുറിച്ചുള്ള ഗഹനമായ പഠനം ഈ കൃതിയെ അമൂല്യമാക്കുന്നതില്‍ പ്രധാന ഘടകമാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റെ വര്‍ത്തമാനവും ഭാവിയും ഒരധ്യായത്തിലൂടെ ചര്‍ച്ച ചെയ്യുന്നുണ്ട്. കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച് സമൂഹത്തിന് ഗുണകരമായ അജണ്ടകള്‍ നിര്‍മിക്കണമെന്ന് മുസ്‌ലിം നേതാക്കന്‍മാരെ അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. യുവത പ്രസിദ്ധീകരിച്ച ഈ പഠനം മികച്ച അകാഡമിക നിലവാരം പുലര്‍ത്തുന്നുണ്ട്. നവോത്ഥാന പ്രസ്ഥാന പ്രവര്‍ത്തകരും വിമര്‍ശകരും ഒരുപോലെ വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം. അതുപോലെതന്നെ, കേരള മുസ്‌ലിംകളെയും നവോത്ഥാനത്തെയും കുറിച്ച് പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും. ലേഖകന്റെ പ്രത്യാശപോലെ, കേരള മുസ്‌ലിം നവോത്ഥാനത്തെ കേന്ദ്രമാക്കി നടക്കുന്ന സംവാദ മണ്ഡലം വികസിപ്പിക്കാന്‍ ഈ കൃതി സഹായമാകുക തന്നെ ചെയ്യും.

Friday, July 23, 2010

പ്രവാചകനും ഇതരമതങ്ങളും

ന്യൂമാന്‍ കോളെജ്‌ അധ്യാപകന്‍ പ്രൊഫസര്‍ ജോസഫിന്റെ കൈ വെട്ടിമാറ്റിയ സംഭവത്തിന്റെ ജ്വാലകള്‍ പെട്ടെന്നൊന്നും കെട്ടടങ്ങുമെന്ന്‌ തോന്നുന്നില്ല.

മതസാഹോദര്യത്തിന്‌ പുകള്‍പെറ്റ മലയാള മണ്ണ്‌ സ്‌പര്‍ധക്ക്‌ കൂടി വളക്കൂറുള്ളതാണെന്ന്‌ പുതിയ തലത്തിലേക്ക്‌ ഉയരുന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നു. മുസ്‌ലിംകളുടെ കടകള്‍ ബഹിഷ്‌കരിക്കണമെന്ന്‌ നേതാക്കള്‍ ആഹ്വാനം ചെയ്‌തതായി കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ പേടിപ്പിക്കുന്ന സന്ദേശമാണ്‌ അതിലൂടെ നല്‌കിയത്‌. നിക്ഷിപ്‌ത താല്‍പര്യക്കാരായ മാധ്യമങ്ങളും ഇസ്‌ലാം വിദ്വേഷം ഉള്ളില്‍ കൊണ്ടുനടക്കുന്ന ചില ചര്‍ച്ച്‌ അധികാരികളും ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന കരിവാരിത്തേക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള മുറിവുകളെ പെട്ടെന്നൊന്നും ഉണക്കാന്‍ കഴിയില്ല. മതത്തെയും വിശ്വാസത്തെയും വൈകാരികമായി മാത്രം സമീപിക്കുന്ന ചില അവിവേകികള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതസാഹോദര്യത്തിന്റെ അടുപ്പങ്ങളില്‍ ഉണ്ടാക്കിയ വിള്ളലുകള്‍ ആവുന്നത്ര വേഗം തുന്നികെട്ടേണ്ടത്‌ വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണ്‌. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി കുറ്റവിചാരണ നടത്താന്‍ വെമ്പല്‍ കൊള്ളുന്നവരും ചെയ്‌തത്‌ അതിക്രമമാണെന്ന്‌ തിരിച്ചറിയുന്ന പ്രതിരോധക്കാരും പ്രവാചക ചരിത്രം കലര്‍പ്പില്ലാതെ പഠിക്കാന്‍ മുന്നോട്ട്‌ വരേണ്ട സന്ദര്‍ഭമാണിത്‌.

മുസ്‌ലിംകള്‍ അല്ലാത്തവരോടുള്ള മുഹമ്മദ്‌നബി(സ)യുടെ സമീപനങ്ങള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ പരിശോധിക്കുന്നതിന്‌ പ്രസക്‌തിയുണ്ടെന്ന്‌ തോന്നുന്നു. അമുസ്‌ലിംകളുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ പ്രവാചകന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചതായി കാണാം. മക്കയില്‍ പ്രവാചകന്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌ തന്റെ അമ്മാവന്‍ അബൂത്വാലിബിന്റെ തണലിലായിരുന്നു. ബഹുദൈവവിശ്വാസിയായത്‌ കൊണ്ട്‌ അദ്ദേഹത്തോടുള്ള സ്‌നേഹാദരവുകളില്‍ യാതൊരു കുറവും പ്രവാചകന്‍ വരുത്തിയിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തെ കഴിയുംവിധം സഹായിക്കുകയും ചെയ്‌തു. വിരോധികളുടെ ക്രൂരമായ ശാരീരിക മര്‍ദ്ധനങ്ങള്‍ക്ക്‌ വിധേയനായി ത്വാഇഫില്‍ നിന്ന്‌ മടങ്ങിവന്ന പ്രവാചകനെ മക്കയില്‍ പ്രവേശിക്കാന്‍ സഹായിച്ചത്‌ ഒരമുസ്‌ലിമായിരുന്നു. സഹായ വാഗ്‌ദാനത്തിലോ സ്വീകരണത്തിലോ അവര്‍ക്ക്‌ വിശ്വാസം പ്രതിബന്ധമായിരുന്നില്ല. മക്കയില്‍ നിന്ന്‌ മദീനയിലേക്കുള്ള പലായനത്തിന്‌ വഴികാട്ടിയായി അബ്‌ദുല്ല ബ്‌നു ഉറൈഖയെന്ന ബഹുദൈവവിശ്വാസിയുടെ സഹായം തേടിയതിനും മതത്തിന്റെ അതിര്‍വരമ്പുകള്‍ പ്രശ്‌നം സൃഷ്‌ടിച്ചിരുന്നില്ല. വളരെ രഹസ്യമായിരുന്ന പലായന വിവരം ഒരവിശ്വാസിയുമായി പങ്കുവെക്കുന്നത്‌ അലോസരപ്പെടുത്തിയില്ലായെന്നു മാത്രമല്ല അയാളെ പൂര്‍ണമായും വിശ്വസിക്കുക കൂടിയായിരുന്നു പ്രവാചകന്‍.

മദീനയിലുണ്ടായിരുന്ന ജൂതന്മാരോട്‌ പ്രവാചകനും അനുയായികളും സ്‌നേഹപൂര്‍ണമായ ബന്ധമായിരുന്നു നിലനിര്‍ത്തിയിരുന്നത്‌. അവരുമായി കച്ചവട ബന്ധങ്ങള്‍ സ്ഥാപിക്കുക, അവരുടെ സന്തോഷ ദുഖങ്ങളില്‍ പങ്കുചേരുക, അവരില്‍ നിന്ന്‌ സഹായങ്ങള്‍ സ്വീകരിക്കുകയും നല്‌കുകയും ചെയ്യുക ഇതൊക്കെ പതിവായിരുന്നു. മരണസമയത്ത്‌ പ്രവാചകന്റെ പടയങ്കി ജൂതസുഹൃത്തിന്റെ കൈവശം പണയത്തിലായിരുന്നുവെന്നത്‌ പ്രവാചകന്‌ അവരുമായുള്ള അടുപ്പത്തെയാണ്‌ എടുത്ത്‌ കാണിക്കുന്നത്‌. ജൂതസുഹൃത്തുക്കളില്‍നിന്ന്‌ പ്രവാചകന്‍ പണം കടമായി സ്വീകരിക്കുകയും ചിലപ്പോഴൊക്കെ തന്റെ അനുചരന്‍മാര്‍ക്ക്‌ അവരില്‍ നിന്ന്‌ വായ്‌പ തരപ്പെടുത്തിക്കൊടുക്കുകയും ചെയ്‌തു.

ഒരിക്കല്‍ പ്രവാചകനും ഉമറും കൂടി നടന്നുപോകുമ്പോള്‍ ജൂതനായ ഒരാള്‍ കടന്ന്‌ വന്ന്‌ പ്രവാചകന്റെ വസ്‌ത്രത്തില്‍ കടന്നുപിടിച്ച്‌ അദ്ദേഹത്തെ തടഞ്ഞു. എന്നിട്ട്‌ കടമായി വാങ്ങിയ പണം തിരിച്ചുനല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതുകണ്ട്‌ ക്രുദ്ധനായ ഉമര്‍(റ) ജൂതനെ പിടിച്ചുമാറ്റുകയും അധിക്ഷേപിക്കുകയും ചെയ്‌തു. രംഗം വഷളാകുന്നത്‌ കണ്ട പ്രവാചകന്‍ അതയാളുടെ അവകാശമാണെന്നും മാന്യമായി പെരുമാറണമെന്നുമാണ്‌ ഉമറിനോട്‌ നിര്‍ദേശിച്ചത്‌. വായ്‌പയായി വാങ്ങിയ തുക വൈകാതെ തന്നെ പ്രവാചകന്‍ ജൂതന്‌ തിരികെ നല്‌കി. ഉമര്‍ അദ്ദേഹത്തോട്‌ കോപിതനായതിനാല്‍ തിരിച്ച്‌ നല്‌കാനുള്ളതിലും ഏറെ പണം പ്രവാചകന്‍ അയാള്‍ക്ക്‌ നല്‌കുകയുണ്ടായി. പരുഷമായി പെരുമാറിയ ഒരാളോട്‌ കാണിച്ച ഈ അനന്യ മാതൃക നാം കാണാതിരുന്നു കൂടാ. ജൂതന്റെ ശവമഞ്ചം കണ്ട്‌ എഴുന്നേറ്റുനിന്ന പ്രവാചകന്‍ ആ വ്യക്‌തിയിലുപരി അയാളുള്‍പെടുന്ന സംസ്‌കാരത്തെയാണ്‌ ആദരിച്ചത്‌. അയാളുടെ മതത്തെയും അതിലൂടെ ബഹുസ്വര സമൂഹത്തിലെ മതവൈവിധ്യത്തെയും അംഗീകരിക്കാന്‍ പ്രവാചകന്‌ സാധിച്ചു. വ്യത്യസ്‌തതകള്‍ പരസ്‌പരം തിരിച്ചറിയാനുള്ള മാനദണ്‌ഡങ്ങളായി ഉള്‍ക്കൊള്ളാനും മനുഷ്യത്വമെന്ന വികാരത്തെ അതില്‍ കാണാനും സാധിച്ചതാണ്‌ പ്രവാചകന്‍ മുഹമ്മദ്‌ (സ)യെ ഇതപര്യന്തമുള്ള ചരിത്രത്തില്‍ അദ്വിതീയനാക്കുന്നത്‌.

രോഗികളായ അമുസ്‌ലിംകളെ സന്ദര്‍ശിക്കുകയും അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുകയെന്നത്‌ പ്രവാചകന്റെ ചര്യകളില്‍ പെട്ടതായിരുന്നു. അനവധി അമുസ്‌ലിംകള്‍ക്ക്‌ അദ്ദേഹം പാരിതോഷികങ്ങള്‍ കൈമാറിയതായി പ്രവാചകചരിത്രങ്ങളിലുണ്ട്‌. പ്രവാചക ഭവനത്തില്‍ പല അവിശ്വാസികളും സന്ദര്‍ശകരായിരുന്നു. അവര്‍ പ്രവാചകനോട്‌ പല വിഷയങ്ങളിലും സംശയനിവാരണം നടത്തിയിരുന്നതായും ഉപദേശങ്ങള്‍ തേടിയിരുന്നതായും ചരിത്ര പുസ്‌തകങ്ങളിലുണ്ട്‌. താന്‍ ഇരിക്കുന്ന ഇരിപ്പിടം അന്യമതത്തില്‍ പെട്ടവര്‍ക്ക്‌ ഇരിക്കാന്‍ അദ്ദേഹം അനുവദിച്ചിരുന്നു. മദീനയിലെ പള്ളിയില്‍ അമുസ്‌ലിം അതിഥികളെ സ്വീകരിച്ചിരുത്തി അദ്ദേഹം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ഇന്നിതെല്ലാം ഒരുപക്ഷേ, അത്ഭുതത്തോട്‌ കൂടി മാത്രമേ നമുക്ക്‌ കാണാന്‍ സാധിക്കുകയുള്ളൂ. ബഹുദൈവവിശ്വാസികള്‍ അശുദ്ധരാണെന്ന ഖുര്‍ആനിക വചനം അവരുടെ ശാരീരിക അശുദ്ധിയെയല്ല ആദര്‍ശതലത്തെയാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ ഇതിലൂടെ അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. ജൂതന്മാരുടെ അധിവാസ സ്ഥലത്ത്‌ അതിക്രമിച്ച്‌ കടന്ന്‌ കൃഷിയിടം കൊള്ളയടിച്ച സംഘത്തെ അതിനിശിതമായി വിമര്‍ശിക്കുകയും അത്‌ കുറ്റകരമാണെന്ന്‌ താക്കീത്‌ നല്‌കുകയും ചെയ്‌തിട്ടുണ്ട്‌ പ്രവാചകന്‍. തന്നെ വ്യക്തിഹത്യ നടത്താന്‍ മല്‍സരിച്ചിരുന്നവരോട്‌ പോലും സ്‌നേഹബന്ധങ്ങള്‍ സൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്‌. ഈ ഖുര്‍ആനിക വചനങ്ങളാണ്‌ അതിനദ്ദേഹത്തിന്‌ പ്രചോദനം.

``നന്‍മയും തിന്‍മയും തുല്യമാകുകയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട്‌ തടയുക. അപ്പോള്‍ നിന്നോട്‌ ശത്രുതയില്‍ കഴിയുന്നവന്‍ ആത്‌മമിത്രത്തെപ്പോലെയായിത്തീരും.'' (41:34)

``ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു.'' (17:70) പ്രതിരോധത്തിന്‌ വേണ്ടി തങ്ങള്‍ക്കൊത്തവിധമുള്ള ദൈവവചനങ്ങള്‍ പരതുമ്പോള്‍ `മുസ്‌ലിം സംരക്ഷകര്‍'(!) ഈ വാക്യങ്ങള്‍ കാണാതെ പോയോ?! അല്ലെങ്കില്‍ സഹജീവിയുടെ കൈയറുക്കുന്നത്‌ ഏറ്റവും വലിയ നന്മയായാണോ ഇവരുടെ പാഠശാലകളില്‍ പഠിപ്പിക്കുന്നത്‌. ഏത്‌ പ്രവാചകനെ സംരക്ഷിക്കാനാണോ അവരത്‌ ചെയ്‌തത്‌ അത്‌ അദ്ദേഹത്തിന്റെ മാതൃകയല്ലെന്നതാണ്‌ വസ്‌തുത.

ഇതര മതവിശ്വാസികളുമായുള്ള പ്രവാചക ബന്ധങ്ങളെ തെറ്റിദ്ധാരണകള്‍ പരത്തുന്ന വിധത്തില്‍ പ്രചരിപ്പിക്കപ്പെടാറുണ്ട്‌. മദീനയിലെ ബനൂ നദീര്‍, ബനൂ ഖുറൈള എന്നീ ജൂതഗോത്രങ്ങളോടുള്ള സമീപനങ്ങളാണ്‌ പ്രവാചകനെ ഇകഴ്‌ത്തി കാണിക്കാന്‍ ഉപയോഗിക്കാറുള്ളത്‌. അവരുടെ നിരന്തരമായ കരാര്‍ ലംഘനങ്ങളാണ്‌ അവരുമായുള്ള നയനിലപാടുകളില്‍ കാര്‍ക്കശ്യം കാണിക്കാന്‍ പ്രവാചകനെ നിര്‍ബന്ധിതനാക്കിയതെന്ന്‌ കാണാം. ബര്‍കത്ത്‌ അഹ്‌മദ്‌ തന്റെ റസൂല്‍ അക്രം ഔര്‍ യഹൂദെ ഹിജാസ്‌ എന്ന പുസ്‌തകത്തില്‍ ഈ വിഷയത്തെ കുറിച്ച്‌ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. ജൂതന്മാര്‍ക്ക്‌ നേരെ നടത്തിയെന്ന്‌ പറയുന്ന പല അതിക്രമങ്ങളും വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതാണെന്ന്‌ ഈ കൃതിയിലൂടെ അദ്ദേഹം സ്ഥാപിക്കുന്നുണ്ട്‌.

ശാരീരികവും മാനസികവുമായ മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയരാക്കിയ ഒരു സമൂഹത്തോട്‌ ക്ഷമയുടെയും വിട്ടുവീഴ്‌ചയുടെയും മാര്‍ഗത്തിലൂടെ പ്രതികരിച്ച ധന്യമായ പ്രവാചക പാരമ്പര്യമാണ്‌ മുസ്‌ലിംകള്‍ക്കുള്ളത്‌. നടക്കുന്ന വഴിയില്‍ തടസ്സങ്ങള്‍ സൃഷ്‌ടിച്ച, ശരീരത്തില്‍ ചപ്പുചവറുകളാല്‍ അഭിഷേകം നടത്തിയ അമുസ്‌ലിം സ്‌ത്രീയെ അവര്‍ രോഗിയായപ്പോള്‍ വീട്ടില്‍ ചെന്ന്‌ സന്ദര്‍ശിക്കുകയാണ്‌ പ്രവാചകന്‍ ചെയ്‌തത്‌. മാത്രമല്ല അവരുടെ രോഗശമനത്തിനായി പ്രാര്‍ത്ഥിക്കുക കൂടി ചെയ്‌തുവദ്ദേഹം. പ്രിയപത്‌നി ആയിശ (റ)ക്കെതിരെ ലൈംഗികാപവാദമുയര്‍ത്തി പ്രവാചകനെ ഇകഴ്‌ത്തി കാണിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും മാപ്പിന്റെ വിശാലമായ കവാടം പ്രവാചകന്‍ മലര്‍ക്കെ തുറന്നുകൊടുത്തിരുന്നു. അപവാദ പ്രചാരണങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്ത അബ്‌ദുല്ലാഹിബ്‌നു ഉബയ്യ്‌ ബ്‌നു സുലൂലിന്‌ മരണശേഷം ശരീരം പുതപ്പിക്കാന്‍ വെള്ള വസ്‌ത്രമില്ലാതിരുന്നപ്പോള്‍ സ്വന്തം വസ്‌ത്രം നല്‌കി മാതൃക കാണിച്ചിട്ടുണ്ട്‌. ഇബ്‌നു സുലൂലിന്റെ പാപമോചനത്തിനായി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുക കൂടി ചെയ്‌തുവദ്ദേഹം.

ഒരിക്കല്‍ കഅ്‌ബയുടെ സമീപം ചെന്ന പ്രവാചകന്റെ മുഖത്ത്‌ കാര്‍ക്കിച്ച്‌ തുപ്പിയ ഉസ്‌മാന്‍ ബ്‌നു ത്വല്‍ഹയ്‌ക്ക്‌, മക്കയുടെ അധികാരം കൈവന്ന്‌ വിജയശ്രീലാളിതനായി തിരിച്ചെത്തിയപ്പോള്‍ മാപ്പ്‌ കൊടുക്കുകയായിരുന്നു പ്രവാചകന്‍. കഅ്‌ബയുടെ താക്കോല്‍ സൂക്ഷിക്കാനുള്ള അധികാരം അദ്ദേഹത്തിനു തന്നെ തിരിച്ച്‌ നല്‌കുക കൂടി ചെയ്‌തു. ആ താക്കോല്‍ സംരക്ഷിക്കാനുള്ള അവകാശം വലിയ അംഗീകാരമായി കരുതിയിരുന്ന അനുചരന്‍മാരുണ്ടായിരുന്നു പ്രവാചകന്‌. അവരില്‍ ഏറെ പ്രശസ്‌തരായിരുന്ന അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്‌മാന്‍(റ), അലി(റ) എന്നിവര്‍ അതിന്നായി ആഗ്രഹിച്ചിരുന്നു. എന്നിട്ടും വളരെ നിന്ദ്യമായ രീതിയില്‍ തന്നെ അധിക്ഷേപിച്ച ഉസ്‌മാന്‍ ബ്‌നു ത്വല്‍ഹക്ക്‌ താക്കോല്‍ മടക്കി നല്‌കിയെന്നത്‌ തിരുനബിയുടെ ഹൃദയവിശാലത പ്രകടമാക്കുന്ന സംഭവമാണ്‌.

മക്കയിലെ പതിമൂന്ന്‌ വര്‍ഷത്തെ പ്രബോധന കാലഘട്ടത്തിലും മദീനയിലെ എട്ട്‌ വര്‍ഷത്തെ മതപ്രചാരണ കാലഘട്ടത്തിലും പ്രവാചകനെ നിരന്തരമായി ഉപദ്രവിച്ചിരുന്ന വ്യക്‌തിയായിരുന്നു അബൂസുഫ്‌യാന്‍. പ്രതികാരത്തിനായി അബൂസുഫ്‌യാന്റെ തല വാള്‍തലപ്പില്‍ ലഭിക്കുമായിരുന്നിട്ടും അബൂസുഫ്‌യാന്‌ ഔന്നിത്യവും അംഗീകാരവും നല്‌കി സമൂഹത്തിന്‌ മുമ്പില്‍ ആദരിക്കുകയാണ്‌ ഒടുവില്‍ നബി(സ) ചെയ്‌തത്‌. ഉഹ്‌ദിന്റെ രണാങ്കണത്തില്‍ തന്റെ പിതൃവ്യന്‍ ഹംസ(റ)യുടെ ശരീരത്തെ വികൃതമാക്കിയ അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദിനോടും സമാന രീതിയിലാണ്‌ പ്രവാചകന്‍ പ്രതികരിച്ചത്‌. മറവില്‍ പതിയിരുന്ന്‌ ചാട്ടുളിയെറിഞ്ഞ്‌ ഹംസ(റ)യെ വീഴ്‌ത്തിയ ഹിന്ദിന്റെ അടിമ വഹ്‌ശിയും പ്രവാചകന്റെ അതുല്യമായ വ്യക്‌തിത്വത്തില്‍ ആകൃഷ്‌ടനായി ഇസ്‌ലാം സ്വീകരിച്ചവരില്‍ പെടുന്നു. ഇക്‌രിമ ബ്‌നു അബൂജഹല്‍, സുഹൈല്‍ ബ്‌നു അംറ്‌ തുടങ്ങിയവരെ പോലെ പ്രവാചകന്റെ സഹനവും വിട്ടുവീഴ്‌ചയും കൊണ്ട്‌ മാത്രം വധശിക്ഷ മറികടന്ന ധാരാളം പേരെ വേറെയും നമുക്ക്‌ കാണാം.

വേണമെങ്കില്‍ പ്രവാചകന്‌ അന്ന്‌ അറുത്തെടുക്കാമായിരുന്നു കൊടിയ ശത്രുക്കളുടെ തലകള്‍. വെട്ടിമാറ്റാമായിരുന്നു തനിക്ക്‌ നേരെ ഉയര്‍ത്തിയിരുന്ന കൈകള്‍. മുറിച്ചുമാറ്റാമായിരുന്നു തന്നെ ഭര്‍ത്സിച്ച നാവുകള്‍. അധികാരവും അതിനുള്ള ശക്തിയുമുണ്ടായിരുന്നു അദ്ദേഹത്തിന്‌. പക്ഷേ തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട്‌ നേരിടണമെന്ന ഖുര്‍ആനിക വാക്യം അക്ഷരംപ്രതി പ്രായോഗികമാക്കേണ്ടതുണ്ടായിരുന്നു അദ്ദേഹത്തിന്‌. അത്‌ മഹാനായ പ്രവാചകന്‍ ഭംഗിയായി ചെയ്‌തു. അത്‌ ഭീരുത്വം കൊണ്ടായിരുന്നില്ല; ധീരത കൊണ്ട്‌. ആ വിട്ടുവീഴ്‌ചയുടെ സംസ്‌കാരമാണ്‌ ഇസ്‌ലാമിന്റെ യശസ്സ്‌ ചരിത്രത്തില്‍ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നത്‌.