Pages

Search This Blog

Friday, July 23, 2010

പ്രവാചകനും ഇതരമതങ്ങളും

ന്യൂമാന്‍ കോളെജ്‌ അധ്യാപകന്‍ പ്രൊഫസര്‍ ജോസഫിന്റെ കൈ വെട്ടിമാറ്റിയ സംഭവത്തിന്റെ ജ്വാലകള്‍ പെട്ടെന്നൊന്നും കെട്ടടങ്ങുമെന്ന്‌ തോന്നുന്നില്ല.

മതസാഹോദര്യത്തിന്‌ പുകള്‍പെറ്റ മലയാള മണ്ണ്‌ സ്‌പര്‍ധക്ക്‌ കൂടി വളക്കൂറുള്ളതാണെന്ന്‌ പുതിയ തലത്തിലേക്ക്‌ ഉയരുന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നു. മുസ്‌ലിംകളുടെ കടകള്‍ ബഹിഷ്‌കരിക്കണമെന്ന്‌ നേതാക്കള്‍ ആഹ്വാനം ചെയ്‌തതായി കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ പേടിപ്പിക്കുന്ന സന്ദേശമാണ്‌ അതിലൂടെ നല്‌കിയത്‌. നിക്ഷിപ്‌ത താല്‍പര്യക്കാരായ മാധ്യമങ്ങളും ഇസ്‌ലാം വിദ്വേഷം ഉള്ളില്‍ കൊണ്ടുനടക്കുന്ന ചില ചര്‍ച്ച്‌ അധികാരികളും ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന കരിവാരിത്തേക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള മുറിവുകളെ പെട്ടെന്നൊന്നും ഉണക്കാന്‍ കഴിയില്ല. മതത്തെയും വിശ്വാസത്തെയും വൈകാരികമായി മാത്രം സമീപിക്കുന്ന ചില അവിവേകികള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതസാഹോദര്യത്തിന്റെ അടുപ്പങ്ങളില്‍ ഉണ്ടാക്കിയ വിള്ളലുകള്‍ ആവുന്നത്ര വേഗം തുന്നികെട്ടേണ്ടത്‌ വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണ്‌. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി കുറ്റവിചാരണ നടത്താന്‍ വെമ്പല്‍ കൊള്ളുന്നവരും ചെയ്‌തത്‌ അതിക്രമമാണെന്ന്‌ തിരിച്ചറിയുന്ന പ്രതിരോധക്കാരും പ്രവാചക ചരിത്രം കലര്‍പ്പില്ലാതെ പഠിക്കാന്‍ മുന്നോട്ട്‌ വരേണ്ട സന്ദര്‍ഭമാണിത്‌.

മുസ്‌ലിംകള്‍ അല്ലാത്തവരോടുള്ള മുഹമ്മദ്‌നബി(സ)യുടെ സമീപനങ്ങള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ പരിശോധിക്കുന്നതിന്‌ പ്രസക്‌തിയുണ്ടെന്ന്‌ തോന്നുന്നു. അമുസ്‌ലിംകളുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ പ്രവാചകന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചതായി കാണാം. മക്കയില്‍ പ്രവാചകന്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌ തന്റെ അമ്മാവന്‍ അബൂത്വാലിബിന്റെ തണലിലായിരുന്നു. ബഹുദൈവവിശ്വാസിയായത്‌ കൊണ്ട്‌ അദ്ദേഹത്തോടുള്ള സ്‌നേഹാദരവുകളില്‍ യാതൊരു കുറവും പ്രവാചകന്‍ വരുത്തിയിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തെ കഴിയുംവിധം സഹായിക്കുകയും ചെയ്‌തു. വിരോധികളുടെ ക്രൂരമായ ശാരീരിക മര്‍ദ്ധനങ്ങള്‍ക്ക്‌ വിധേയനായി ത്വാഇഫില്‍ നിന്ന്‌ മടങ്ങിവന്ന പ്രവാചകനെ മക്കയില്‍ പ്രവേശിക്കാന്‍ സഹായിച്ചത്‌ ഒരമുസ്‌ലിമായിരുന്നു. സഹായ വാഗ്‌ദാനത്തിലോ സ്വീകരണത്തിലോ അവര്‍ക്ക്‌ വിശ്വാസം പ്രതിബന്ധമായിരുന്നില്ല. മക്കയില്‍ നിന്ന്‌ മദീനയിലേക്കുള്ള പലായനത്തിന്‌ വഴികാട്ടിയായി അബ്‌ദുല്ല ബ്‌നു ഉറൈഖയെന്ന ബഹുദൈവവിശ്വാസിയുടെ സഹായം തേടിയതിനും മതത്തിന്റെ അതിര്‍വരമ്പുകള്‍ പ്രശ്‌നം സൃഷ്‌ടിച്ചിരുന്നില്ല. വളരെ രഹസ്യമായിരുന്ന പലായന വിവരം ഒരവിശ്വാസിയുമായി പങ്കുവെക്കുന്നത്‌ അലോസരപ്പെടുത്തിയില്ലായെന്നു മാത്രമല്ല അയാളെ പൂര്‍ണമായും വിശ്വസിക്കുക കൂടിയായിരുന്നു പ്രവാചകന്‍.

മദീനയിലുണ്ടായിരുന്ന ജൂതന്മാരോട്‌ പ്രവാചകനും അനുയായികളും സ്‌നേഹപൂര്‍ണമായ ബന്ധമായിരുന്നു നിലനിര്‍ത്തിയിരുന്നത്‌. അവരുമായി കച്ചവട ബന്ധങ്ങള്‍ സ്ഥാപിക്കുക, അവരുടെ സന്തോഷ ദുഖങ്ങളില്‍ പങ്കുചേരുക, അവരില്‍ നിന്ന്‌ സഹായങ്ങള്‍ സ്വീകരിക്കുകയും നല്‌കുകയും ചെയ്യുക ഇതൊക്കെ പതിവായിരുന്നു. മരണസമയത്ത്‌ പ്രവാചകന്റെ പടയങ്കി ജൂതസുഹൃത്തിന്റെ കൈവശം പണയത്തിലായിരുന്നുവെന്നത്‌ പ്രവാചകന്‌ അവരുമായുള്ള അടുപ്പത്തെയാണ്‌ എടുത്ത്‌ കാണിക്കുന്നത്‌. ജൂതസുഹൃത്തുക്കളില്‍നിന്ന്‌ പ്രവാചകന്‍ പണം കടമായി സ്വീകരിക്കുകയും ചിലപ്പോഴൊക്കെ തന്റെ അനുചരന്‍മാര്‍ക്ക്‌ അവരില്‍ നിന്ന്‌ വായ്‌പ തരപ്പെടുത്തിക്കൊടുക്കുകയും ചെയ്‌തു.

ഒരിക്കല്‍ പ്രവാചകനും ഉമറും കൂടി നടന്നുപോകുമ്പോള്‍ ജൂതനായ ഒരാള്‍ കടന്ന്‌ വന്ന്‌ പ്രവാചകന്റെ വസ്‌ത്രത്തില്‍ കടന്നുപിടിച്ച്‌ അദ്ദേഹത്തെ തടഞ്ഞു. എന്നിട്ട്‌ കടമായി വാങ്ങിയ പണം തിരിച്ചുനല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതുകണ്ട്‌ ക്രുദ്ധനായ ഉമര്‍(റ) ജൂതനെ പിടിച്ചുമാറ്റുകയും അധിക്ഷേപിക്കുകയും ചെയ്‌തു. രംഗം വഷളാകുന്നത്‌ കണ്ട പ്രവാചകന്‍ അതയാളുടെ അവകാശമാണെന്നും മാന്യമായി പെരുമാറണമെന്നുമാണ്‌ ഉമറിനോട്‌ നിര്‍ദേശിച്ചത്‌. വായ്‌പയായി വാങ്ങിയ തുക വൈകാതെ തന്നെ പ്രവാചകന്‍ ജൂതന്‌ തിരികെ നല്‌കി. ഉമര്‍ അദ്ദേഹത്തോട്‌ കോപിതനായതിനാല്‍ തിരിച്ച്‌ നല്‌കാനുള്ളതിലും ഏറെ പണം പ്രവാചകന്‍ അയാള്‍ക്ക്‌ നല്‌കുകയുണ്ടായി. പരുഷമായി പെരുമാറിയ ഒരാളോട്‌ കാണിച്ച ഈ അനന്യ മാതൃക നാം കാണാതിരുന്നു കൂടാ. ജൂതന്റെ ശവമഞ്ചം കണ്ട്‌ എഴുന്നേറ്റുനിന്ന പ്രവാചകന്‍ ആ വ്യക്‌തിയിലുപരി അയാളുള്‍പെടുന്ന സംസ്‌കാരത്തെയാണ്‌ ആദരിച്ചത്‌. അയാളുടെ മതത്തെയും അതിലൂടെ ബഹുസ്വര സമൂഹത്തിലെ മതവൈവിധ്യത്തെയും അംഗീകരിക്കാന്‍ പ്രവാചകന്‌ സാധിച്ചു. വ്യത്യസ്‌തതകള്‍ പരസ്‌പരം തിരിച്ചറിയാനുള്ള മാനദണ്‌ഡങ്ങളായി ഉള്‍ക്കൊള്ളാനും മനുഷ്യത്വമെന്ന വികാരത്തെ അതില്‍ കാണാനും സാധിച്ചതാണ്‌ പ്രവാചകന്‍ മുഹമ്മദ്‌ (സ)യെ ഇതപര്യന്തമുള്ള ചരിത്രത്തില്‍ അദ്വിതീയനാക്കുന്നത്‌.

രോഗികളായ അമുസ്‌ലിംകളെ സന്ദര്‍ശിക്കുകയും അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുകയെന്നത്‌ പ്രവാചകന്റെ ചര്യകളില്‍ പെട്ടതായിരുന്നു. അനവധി അമുസ്‌ലിംകള്‍ക്ക്‌ അദ്ദേഹം പാരിതോഷികങ്ങള്‍ കൈമാറിയതായി പ്രവാചകചരിത്രങ്ങളിലുണ്ട്‌. പ്രവാചക ഭവനത്തില്‍ പല അവിശ്വാസികളും സന്ദര്‍ശകരായിരുന്നു. അവര്‍ പ്രവാചകനോട്‌ പല വിഷയങ്ങളിലും സംശയനിവാരണം നടത്തിയിരുന്നതായും ഉപദേശങ്ങള്‍ തേടിയിരുന്നതായും ചരിത്ര പുസ്‌തകങ്ങളിലുണ്ട്‌. താന്‍ ഇരിക്കുന്ന ഇരിപ്പിടം അന്യമതത്തില്‍ പെട്ടവര്‍ക്ക്‌ ഇരിക്കാന്‍ അദ്ദേഹം അനുവദിച്ചിരുന്നു. മദീനയിലെ പള്ളിയില്‍ അമുസ്‌ലിം അതിഥികളെ സ്വീകരിച്ചിരുത്തി അദ്ദേഹം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ഇന്നിതെല്ലാം ഒരുപക്ഷേ, അത്ഭുതത്തോട്‌ കൂടി മാത്രമേ നമുക്ക്‌ കാണാന്‍ സാധിക്കുകയുള്ളൂ. ബഹുദൈവവിശ്വാസികള്‍ അശുദ്ധരാണെന്ന ഖുര്‍ആനിക വചനം അവരുടെ ശാരീരിക അശുദ്ധിയെയല്ല ആദര്‍ശതലത്തെയാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ ഇതിലൂടെ അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. ജൂതന്മാരുടെ അധിവാസ സ്ഥലത്ത്‌ അതിക്രമിച്ച്‌ കടന്ന്‌ കൃഷിയിടം കൊള്ളയടിച്ച സംഘത്തെ അതിനിശിതമായി വിമര്‍ശിക്കുകയും അത്‌ കുറ്റകരമാണെന്ന്‌ താക്കീത്‌ നല്‌കുകയും ചെയ്‌തിട്ടുണ്ട്‌ പ്രവാചകന്‍. തന്നെ വ്യക്തിഹത്യ നടത്താന്‍ മല്‍സരിച്ചിരുന്നവരോട്‌ പോലും സ്‌നേഹബന്ധങ്ങള്‍ സൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്‌. ഈ ഖുര്‍ആനിക വചനങ്ങളാണ്‌ അതിനദ്ദേഹത്തിന്‌ പ്രചോദനം.

``നന്‍മയും തിന്‍മയും തുല്യമാകുകയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട്‌ തടയുക. അപ്പോള്‍ നിന്നോട്‌ ശത്രുതയില്‍ കഴിയുന്നവന്‍ ആത്‌മമിത്രത്തെപ്പോലെയായിത്തീരും.'' (41:34)

``ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു.'' (17:70) പ്രതിരോധത്തിന്‌ വേണ്ടി തങ്ങള്‍ക്കൊത്തവിധമുള്ള ദൈവവചനങ്ങള്‍ പരതുമ്പോള്‍ `മുസ്‌ലിം സംരക്ഷകര്‍'(!) ഈ വാക്യങ്ങള്‍ കാണാതെ പോയോ?! അല്ലെങ്കില്‍ സഹജീവിയുടെ കൈയറുക്കുന്നത്‌ ഏറ്റവും വലിയ നന്മയായാണോ ഇവരുടെ പാഠശാലകളില്‍ പഠിപ്പിക്കുന്നത്‌. ഏത്‌ പ്രവാചകനെ സംരക്ഷിക്കാനാണോ അവരത്‌ ചെയ്‌തത്‌ അത്‌ അദ്ദേഹത്തിന്റെ മാതൃകയല്ലെന്നതാണ്‌ വസ്‌തുത.

ഇതര മതവിശ്വാസികളുമായുള്ള പ്രവാചക ബന്ധങ്ങളെ തെറ്റിദ്ധാരണകള്‍ പരത്തുന്ന വിധത്തില്‍ പ്രചരിപ്പിക്കപ്പെടാറുണ്ട്‌. മദീനയിലെ ബനൂ നദീര്‍, ബനൂ ഖുറൈള എന്നീ ജൂതഗോത്രങ്ങളോടുള്ള സമീപനങ്ങളാണ്‌ പ്രവാചകനെ ഇകഴ്‌ത്തി കാണിക്കാന്‍ ഉപയോഗിക്കാറുള്ളത്‌. അവരുടെ നിരന്തരമായ കരാര്‍ ലംഘനങ്ങളാണ്‌ അവരുമായുള്ള നയനിലപാടുകളില്‍ കാര്‍ക്കശ്യം കാണിക്കാന്‍ പ്രവാചകനെ നിര്‍ബന്ധിതനാക്കിയതെന്ന്‌ കാണാം. ബര്‍കത്ത്‌ അഹ്‌മദ്‌ തന്റെ റസൂല്‍ അക്രം ഔര്‍ യഹൂദെ ഹിജാസ്‌ എന്ന പുസ്‌തകത്തില്‍ ഈ വിഷയത്തെ കുറിച്ച്‌ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. ജൂതന്മാര്‍ക്ക്‌ നേരെ നടത്തിയെന്ന്‌ പറയുന്ന പല അതിക്രമങ്ങളും വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതാണെന്ന്‌ ഈ കൃതിയിലൂടെ അദ്ദേഹം സ്ഥാപിക്കുന്നുണ്ട്‌.

ശാരീരികവും മാനസികവുമായ മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയരാക്കിയ ഒരു സമൂഹത്തോട്‌ ക്ഷമയുടെയും വിട്ടുവീഴ്‌ചയുടെയും മാര്‍ഗത്തിലൂടെ പ്രതികരിച്ച ധന്യമായ പ്രവാചക പാരമ്പര്യമാണ്‌ മുസ്‌ലിംകള്‍ക്കുള്ളത്‌. നടക്കുന്ന വഴിയില്‍ തടസ്സങ്ങള്‍ സൃഷ്‌ടിച്ച, ശരീരത്തില്‍ ചപ്പുചവറുകളാല്‍ അഭിഷേകം നടത്തിയ അമുസ്‌ലിം സ്‌ത്രീയെ അവര്‍ രോഗിയായപ്പോള്‍ വീട്ടില്‍ ചെന്ന്‌ സന്ദര്‍ശിക്കുകയാണ്‌ പ്രവാചകന്‍ ചെയ്‌തത്‌. മാത്രമല്ല അവരുടെ രോഗശമനത്തിനായി പ്രാര്‍ത്ഥിക്കുക കൂടി ചെയ്‌തുവദ്ദേഹം. പ്രിയപത്‌നി ആയിശ (റ)ക്കെതിരെ ലൈംഗികാപവാദമുയര്‍ത്തി പ്രവാചകനെ ഇകഴ്‌ത്തി കാണിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും മാപ്പിന്റെ വിശാലമായ കവാടം പ്രവാചകന്‍ മലര്‍ക്കെ തുറന്നുകൊടുത്തിരുന്നു. അപവാദ പ്രചാരണങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്ത അബ്‌ദുല്ലാഹിബ്‌നു ഉബയ്യ്‌ ബ്‌നു സുലൂലിന്‌ മരണശേഷം ശരീരം പുതപ്പിക്കാന്‍ വെള്ള വസ്‌ത്രമില്ലാതിരുന്നപ്പോള്‍ സ്വന്തം വസ്‌ത്രം നല്‌കി മാതൃക കാണിച്ചിട്ടുണ്ട്‌. ഇബ്‌നു സുലൂലിന്റെ പാപമോചനത്തിനായി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുക കൂടി ചെയ്‌തുവദ്ദേഹം.

ഒരിക്കല്‍ കഅ്‌ബയുടെ സമീപം ചെന്ന പ്രവാചകന്റെ മുഖത്ത്‌ കാര്‍ക്കിച്ച്‌ തുപ്പിയ ഉസ്‌മാന്‍ ബ്‌നു ത്വല്‍ഹയ്‌ക്ക്‌, മക്കയുടെ അധികാരം കൈവന്ന്‌ വിജയശ്രീലാളിതനായി തിരിച്ചെത്തിയപ്പോള്‍ മാപ്പ്‌ കൊടുക്കുകയായിരുന്നു പ്രവാചകന്‍. കഅ്‌ബയുടെ താക്കോല്‍ സൂക്ഷിക്കാനുള്ള അധികാരം അദ്ദേഹത്തിനു തന്നെ തിരിച്ച്‌ നല്‌കുക കൂടി ചെയ്‌തു. ആ താക്കോല്‍ സംരക്ഷിക്കാനുള്ള അവകാശം വലിയ അംഗീകാരമായി കരുതിയിരുന്ന അനുചരന്‍മാരുണ്ടായിരുന്നു പ്രവാചകന്‌. അവരില്‍ ഏറെ പ്രശസ്‌തരായിരുന്ന അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്‌മാന്‍(റ), അലി(റ) എന്നിവര്‍ അതിന്നായി ആഗ്രഹിച്ചിരുന്നു. എന്നിട്ടും വളരെ നിന്ദ്യമായ രീതിയില്‍ തന്നെ അധിക്ഷേപിച്ച ഉസ്‌മാന്‍ ബ്‌നു ത്വല്‍ഹക്ക്‌ താക്കോല്‍ മടക്കി നല്‌കിയെന്നത്‌ തിരുനബിയുടെ ഹൃദയവിശാലത പ്രകടമാക്കുന്ന സംഭവമാണ്‌.

മക്കയിലെ പതിമൂന്ന്‌ വര്‍ഷത്തെ പ്രബോധന കാലഘട്ടത്തിലും മദീനയിലെ എട്ട്‌ വര്‍ഷത്തെ മതപ്രചാരണ കാലഘട്ടത്തിലും പ്രവാചകനെ നിരന്തരമായി ഉപദ്രവിച്ചിരുന്ന വ്യക്‌തിയായിരുന്നു അബൂസുഫ്‌യാന്‍. പ്രതികാരത്തിനായി അബൂസുഫ്‌യാന്റെ തല വാള്‍തലപ്പില്‍ ലഭിക്കുമായിരുന്നിട്ടും അബൂസുഫ്‌യാന്‌ ഔന്നിത്യവും അംഗീകാരവും നല്‌കി സമൂഹത്തിന്‌ മുമ്പില്‍ ആദരിക്കുകയാണ്‌ ഒടുവില്‍ നബി(സ) ചെയ്‌തത്‌. ഉഹ്‌ദിന്റെ രണാങ്കണത്തില്‍ തന്റെ പിതൃവ്യന്‍ ഹംസ(റ)യുടെ ശരീരത്തെ വികൃതമാക്കിയ അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദിനോടും സമാന രീതിയിലാണ്‌ പ്രവാചകന്‍ പ്രതികരിച്ചത്‌. മറവില്‍ പതിയിരുന്ന്‌ ചാട്ടുളിയെറിഞ്ഞ്‌ ഹംസ(റ)യെ വീഴ്‌ത്തിയ ഹിന്ദിന്റെ അടിമ വഹ്‌ശിയും പ്രവാചകന്റെ അതുല്യമായ വ്യക്‌തിത്വത്തില്‍ ആകൃഷ്‌ടനായി ഇസ്‌ലാം സ്വീകരിച്ചവരില്‍ പെടുന്നു. ഇക്‌രിമ ബ്‌നു അബൂജഹല്‍, സുഹൈല്‍ ബ്‌നു അംറ്‌ തുടങ്ങിയവരെ പോലെ പ്രവാചകന്റെ സഹനവും വിട്ടുവീഴ്‌ചയും കൊണ്ട്‌ മാത്രം വധശിക്ഷ മറികടന്ന ധാരാളം പേരെ വേറെയും നമുക്ക്‌ കാണാം.

വേണമെങ്കില്‍ പ്രവാചകന്‌ അന്ന്‌ അറുത്തെടുക്കാമായിരുന്നു കൊടിയ ശത്രുക്കളുടെ തലകള്‍. വെട്ടിമാറ്റാമായിരുന്നു തനിക്ക്‌ നേരെ ഉയര്‍ത്തിയിരുന്ന കൈകള്‍. മുറിച്ചുമാറ്റാമായിരുന്നു തന്നെ ഭര്‍ത്സിച്ച നാവുകള്‍. അധികാരവും അതിനുള്ള ശക്തിയുമുണ്ടായിരുന്നു അദ്ദേഹത്തിന്‌. പക്ഷേ തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട്‌ നേരിടണമെന്ന ഖുര്‍ആനിക വാക്യം അക്ഷരംപ്രതി പ്രായോഗികമാക്കേണ്ടതുണ്ടായിരുന്നു അദ്ദേഹത്തിന്‌. അത്‌ മഹാനായ പ്രവാചകന്‍ ഭംഗിയായി ചെയ്‌തു. അത്‌ ഭീരുത്വം കൊണ്ടായിരുന്നില്ല; ധീരത കൊണ്ട്‌. ആ വിട്ടുവീഴ്‌ചയുടെ സംസ്‌കാരമാണ്‌ ഇസ്‌ലാമിന്റെ യശസ്സ്‌ ചരിത്രത്തില്‍ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നത്‌.

Friday, July 16, 2010

പ്രവാചകവിമര്‍ശം തുടരുന്ന ചരിത്രം

വിമര്‍ശനങ്ങളുടെ അതിരും പരിധിയും കേരളത്തില്‍ സജീവമായ ചര്‍ച്ചക്ക്‌ വിഷയീഭവിച്ചിരിക്കുകയാണ്‌. പ്രവാചകന്‍ മുഹമ്മദിനെ(സ) അപഹസിച്ച്‌ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളെജ്‌ അധ്യാപകന്‍ ജോസഫിന്റെ വലതു കൈ ചിലര്‍ അറുത്ത്‌ മാറ്റിയതാണ്‌ പുതിയ ചര്‍ച്ചക്ക്‌ കാരണമായിട്ടുള്ളത്‌.

ചോദ്യപേപ്പറിലെ അബദ്ധം അത്‌ അച്ചടിക്കുന്നതിന്‌ മുമ്പേതന്നെ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറാകാതെ ധാര്‍ഷ്‌ട്യം കാണിച്ചത്‌ ജോസഫ്‌ ചെയ്‌ത കുറ്റമാണെന്നതില്‍ സംശയമില്ല. എന്നാല്‍ നിയമവും നിയമവാഴ്‌ചയുമുള്ള ഒരു സ്റ്റേറ്റില്‍ ഇത്തരം കൈയേറ്റങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്‌. ഇസ്‌ലാമിനോടും പ്രവാചകനോടുമുള്ള സ്‌നേഹം കൊണ്ടാണ്‌ അവര്‍ ഇത്‌ ചെയ്‌തതെങ്കില്‍ വിമര്‍ശനങ്ങള്‍ക്കും അപഹാസങ്ങള്‍ക്കും പ്രവാചക മാതൃകയില്‍ തന്നെയായിരുന്നു മറുപടി പറയേണ്ടിയിരുന്നത്‌.

മുഹമ്മദ്‌നബി(സ)ക്കെതിരെയുള്ള ആദ്യ വിമര്‍ശനമൊന്നുമല്ലയിത്‌. അദ്ദേഹത്തിന്റെ ജീവിതകാലത്ത്‌ തന്നെ ആരംഭിച്ച അധിക്ഷേപങ്ങള്‍ക്ക്‌ പതിനഞ്ച്‌ നൂറ്റാണ്ടോളം പഴക്കമുണ്ട്‌. പ്രതിപക്ഷ ബഹുമാനമോ സഹിഷ്‌ണുതയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത വിമര്‍ശകരും വിമര്‍ശനങ്ങളും അദ്ദേഹത്തിനെതിരെ ആദ്യകാലം മുതലേ ഉണ്ടായിട്ടുണ്ട്‌. ഇസ്‌ലാമിക സമൂഹത്തെ പ്രകോപിതരാക്കുകയും അവരുടെ ചിന്തകളെ ഇത്തരം വിമര്‍ശനങ്ങളുടെ മറുപടിയില്‍ ഒതുക്കി നിര്‍ത്തുകയും ചെയ്യുകയെന്ന കുടിലതന്ത്രമാണ്‌ ഇതെന്ന്‌ തിരിച്ചറിയാതെ പോകരുത്‌. അവയില്‍ ഒന്നുകൂടി മാത്രമാണിത്‌. അതിനെ തിരിച്ചറിഞ്ഞ്‌ വിവേകപൂര്‍വം നേരിടാനുള്ള മനോബലം ഇസ്‌ലാമിക സമൂഹത്തിന്‌ നഷ്‌ടപ്പെടുന്നത്‌ ഭയപ്പാടോടു കൂടി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.

പ്രവാചക വിമര്‍ശനങ്ങളുടെ ചരിത്രത്തില്‍ പ്രധാനമാണ്‌ ഓറിയന്റലിസ്റ്റുകളുടെ അപവാദ പ്രചാരണങ്ങള്‍. കിഴക്കിനെ കുറിച്ചും അവിടുത്തെ മതം, ഭാഷ, കല, സംസ്‌കാരം തുടങ്ങിയവയെക്കുറിച്ചുമുള്ള പഠനങ്ങള്‍ക്കാണല്ലോ ഓറിയന്റലിസം എന്ന്‌ പറയുന്നത്‌. ഇസ്‌ലാമിക നാഗരികതയും അത്‌ കൊണ്ടുവന്ന പ്രവാചകനും ഓറിയന്റല്‍ സ്റ്റഡീസിന്റെ അവിഭാജ്യ ഘടകമാണ്‌. ഇത്തരം പഠനങ്ങള്‍ നടത്തിയ പാശ്ചാത്യര്‍ പ്രവാചകജീവിതത്തെ തികഞ്ഞ മുന്‍ധാരണയോടെ മാത്രമാണ്‌ സമീപിച്ചത്‌. ഇസ്‌ലാമിന്റെ വന്‍തോതിലുള്ള വളര്‍ച്ച കൊണ്ടും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത കൊണ്ടും സ്ഥാനമാനങ്ങള്‍ നഷ്‌ടപ്പെട്ട അക്കാലത്തെ മതസ്ഥാപനങ്ങളും രാഷ്‌ട്രീയ മേലാളന്മാരും വിരോധഭാവമുണ്ടാക്കുന്ന കാഴ്‌ചപ്പാടുകളാണ്‌ ഇസ്‌ലാമിനെയും പ്രവാചകനെയും കുറിച്ച്‌ പുറത്തുവിട്ടിരുന്നത്‌ എന്നതാണ്‌ ഇതിന്‌ പ്രധാന കാരണം. ഇസ്‌ലാം സ്വീകരണത്തില്‍ നിന്ന്‌ പൊതുജനങ്ങളെ അകറ്റി നിര്‍ത്തുകയെന്നതാണ്‌ ഇത്തരക്കാരുടെ ഗൂഢലക്ഷ്യം. അതിനായി അവര്‍ പ്രവാചകനെ ചിത്തഭ്രമം ബാധിച്ചവന്‍, കളവ്‌ പറയുന്നവന്‍, കള്ള പ്രവാചകന്‍, ക്രിസ്‌തു വിരോധി എന്നിങ്ങനെയായിരുന്നു പരിചയപ്പെടുത്തിയിരുന്നത്‌. പ്രശസ്‌തനായ ഓറിയന്റലിസ്റ്റ്‌ എഴുത്തുകാരന്‍ മോണ്ട്‌ഗോമെറി വാട്ട്‌ പറയുന്നു: ``ചരിത്രത്തിലെ പ്രശസ്‌തരായ വ്യക്തികളില്‍ പ്രവാചകന്‍ മുഹമ്മദിനോളം മറ്റൊരാളെയും കരിതേച്ചു കാണിച്ചിട്ടുണ്ടായിരിക്കില്ല'' (Muhammad at Madina,�p. 324).

പ്രവാചക വിമര്‍ശനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച വ്യക്തികളിലൊരാളായിരുന്നു ദമാസ്‌കസുകാരനായ ജോണ്‍ (750 എ ഡി). De haeresibus എന്ന തന്റെ പുസ്‌തകത്തിന്റെ അവസാനഭാഗത്ത്‌ പ്രവാചകനെ ദൈവവിരോധിയും കള്ളനുമായാണ്‌ ക്രിസ്‌തീയ പുരോഹിതനായ ജോണ്‍ പരിചയപ്പെടുത്തുന്നത്‌. അദ്ദേഹത്തെ പിന്തുടര്‍ന്ന മധ്യകാല ഓറിയന്റലിസ്റ്റുകള്‍ പ്രവാചകനെക്കുറിച്ച്‌ ഇതേ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നതായി കാണാം. പ്രവാചകന്റെ വിവാഹങ്ങളും അദ്ദേഹം നടത്തിയ യുദ്ധങ്ങളും വളരെയേറെ തെറ്റിദ്ധാരണകള്‍ വളര്‍ത്തുന്ന രീതിയിലാണ്‌ ജോണ്‍ തന്റെ രചനകളില്‍ പ്രതിപാദിച്ചിരിക്കുന്നത്‌. ഈ മുന്‍വിധികളും പക്ഷപാതചിന്തകളും അദ്ദേഹത്തെ ഉദ്ധരിച്ച്‌ പില്‍ക്കാലത്ത്‌ നിരന്തരം ആവര്‍ത്തിക്കപ്പെട്ടു. അത്‌ ഇന്നും നിലനില്‍ക്കുന്നുവെന്നതാണ്‌ സത്യം.

പ്രവാചകനെ കുറിച്ച്‌ വളരെ മോശപ്പെട്ട അഭിപ്രായം പാശ്ചാത്യ ലോകത്ത്‌ പ്രചരിപ്പിക്കുന്നതില്‍ സ്‌പെയിനിലെ ക്രിസ്‌ത്യാനികളും ജൂതന്മാരും നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഇസ്‌ലാമിക ഭരണ സംവിധാനത്തിന്‌ കീഴില്‍ ജീവിച്ച്‌ പ്രവാചകനെയും ഇസ്‌ലാമിനെയും കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കിയ ഇവര്‍ വലിയ നുണകള്‍ പ്രചരിപ്പിച്ചത്‌ മുസ്‌ലിം ഭരണാധികാരികളോടുള്ള വിദ്വേഷത്തിന്റെ ഭാഗമായിട്ടാണെന്ന്‌ കരുതാം. ഒമ്പതാം നൂറ്റാണ്ടില്‍ ലാറ്റിന്‍ ഭാഷയില്‍ എഴുതപ്പെട്ട Liber Apologeticus Martyrum അത്തരത്തിലൊരു കൃതിയാണ്‌.

പാശ്ചാത്യര്‍ക്കിടയില്‍ പ്രവാചകനും ഇസ്‌ലാമിനുമെതിരില്‍ കൂടുതലായി തെറ്റിദ്ധാരണകള്‍ പ്രചരിക്കാന്‍ കാരണം കുരിശ്‌ യുദ്ധങ്ങളാണ്‌. നിലവിലുണ്ടായിരുന്ന ചട്ടക്കൂടില്‍ ഒതുങ്ങി നിന്ന്‌ കൊണ്ട്‌ വിമര്‍ശനത്തിന്‌ വിപുലവും ശക്തവുമായ അടിത്തറയിടാന്‍ കുരിശുയുദ്ധക്കാലയളവില്‍ ക്ലനിയിലെ ബിഷപ്പായ പെട്രസ്‌ വെനറബ്ലിസിന്‌ സാധിച്ചു. ഈ കാലഘട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്റെ വികലമായ പരിഭാഷ ലാറ്റിന്‍ ഭാഷയില്‍ ഇറക്കുകയും ചെയ്‌തിരുന്നു.

12-ാം നൂറ്റാണ്ടിന്റെ മധ്യകാലത്ത്‌ പുരോഹിതനായ കൊന്‍റാഡ്‌ എഴുതിയ സോങ്‌ ഓഫ്‌ റൊണാള്‍ഡ്‌ യൂറോപ്പിന്റെ സാംസ്‌കാരിക ചരിത്രം വിവരിക്കുന്ന പ്രധാനപ്പെട്ട ഒരു കൃതിയാണ്‌. ആയിരത്തോളം വരികളുള്ള ഈ സുദീര്‍ഘ കവിതയില്‍ അസത്യങ്ങള്‍ നിറഞ്ഞ ധാരാളം പരാമര്‍ശങ്ങള്‍ മുസ്‌ലിംകളെ കുറിച്ച്‌ കാണാന്‍ സാധിക്കും. പ്രശസ്‌തനായ ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഡാന്റെ അല്‌ഗിയരിയുടെ ദ ഡിവൈന്‍ കോമഡിയെന്ന പ്രശസ്‌ത കൃതിയില്‍ മുഹമ്മദ്‌ നബി(സ)യെ നരകത്തിന്റെ ഒമ്പതാം നിലയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. സ്‌പെയിനിനെ ഉമയ്യാ ഭരണകൂടത്തിന്റെ തകര്‍ച്ചക്ക്‌ ശേഷം ആരംഭിച്ച വീണ്ടെടുപ്പ്‌ (reconquista) മുന്നേറ്റങ്ങളുടെ ഭാഗമായി പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന രചനകള്‍ അവിടങ്ങളില്‍ സജീവമായിരുന്നു. മുസ്‌ലിംകളെ ബഹുദൈവാരാധകരായി ചിത്രീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ ഈ കാലഘട്ടത്തില്‍ പുറത്തുവന്നിട്ടുണ്ട്‌. മുസ്‌ലിംകളെ വധിക്കുന്നതും അവരുടെ സ്വത്തുകള്‍ കൈയടക്കുന്നതും മതപരമായി തന്നെ സല്‍പ്രവര്‍ത്തനങ്ങളായാണ്‌ ന്യായീകരിച്ചിരുന്നത്‌. ത്വരിതവേഗത്തിലുള്ള ഇസ്‌ലാമിന്റെ വളര്‍ച്ച ക്രൈസ്‌തവ പൗരോഹിത്യത്തെ അത്യധികം പ്രകോപിതരാക്കിയിരുന്നുവെന്നതാണ്‌ ഇത്തരം കുത്സിത നീക്കങ്ങളുടെ പ്രധാന പ്രചോദകം.

നവോത്ഥാന കാലഘട്ടത്തില്‍ യൂറോപ്പിലിറങ്ങിയിരുന്ന സാഹിത്യങ്ങള്‍ (European Renaissance literature) ഇസ്‌ലാമിനെ തുര്‍ക്കികളുടെ മതമായാണ്‌ പരിചയപ്പെടുത്തുന്നത്‌. ഈയൊരു സാഹചര്യത്തില്‍ പ്രതിഷ്‌ഠിച്ചുകൊണ്ടാണ്‌ മുഹമ്മദ്‌നബിയെയും അവര്‍ അവതരിപ്പിച്ചത്‌. പ്രൊട്ടസ്റ്റന്റിസത്തിന്റെ പിതാവായി അറിയപ്പെടുന്ന മാര്‍ട്ടിന്‍ ലൂഥര്‍ ഈയൊരു തുര്‍ക്കി പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ മുസ്‌ലിംകളെ അക്രമിക്കുന്നതായി കാണാം. സാത്താന്റെ പൂജകരായ തുര്‍ക്കികളെ പോപുമാരെ ശിക്ഷിക്കാന്‍ വേണ്ടി ശപിച്ചുകൊണ്ട്‌ ദൈവം സൃഷ്‌ടിച്ചതാണെന്ന്‌ ലൂഥര്‍ അവകാശപ്പെടുന്നു. മുഹമ്മദ്‌ തുര്‍ക്കികളിലേക്ക്‌ അയക്കപ്പെട്ട പ്രവാചകനാണെന്നും ഖുര്‍ആന്‍ അദ്ദേഹം രചിച്ചതാണെന്നും ഇക്കാലഘട്ടത്തില്‍ എഴുതിയ മിക്ക പുസ്‌തകങ്ങളിലും കാണാന്‍ സാധിക്കും.

പ്രവാചകനെയും ഇസ്‌ലാമിനെയും കുറിച്ചുള്ള പുസ്‌തകങ്ങളുടെ എണ്ണത്തില്‍ വന്‍ പെരുപ്പം 17,18 നൂറ്റാണ്ടുകളിലെ യൂറോപ്പില്‍ കാണാം. ഇവയില്‍ ഭൂരിഭാഗവും മുമ്പേ നടത്തിവന്നിരുന്ന ബാലിശമായ വിമര്‍ശങ്ങളുടെ കേവല ആവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഓറിയന്റലിസ്റ്റുകള്‍ ഇസ്‌ലാമിക ക്ലാസിക്കുകളായ സീറ (പ്രവാചക ചരിത്രം), ഹദീസ്‌, തഫ്‌സീര്‍ തുടങ്ങിയവകളെ സ്വതന്ത്രമായി വിശദീകരിക്കുകയും ക്രിട്ടിസിസമെന്ന പേരില്‍ അവയുടെ ആധികാരികത ചോദ്യംചെയ്യുകയും ചെയ്‌തു. വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനാല്‍ വിരചിതമാണെന്നും ഹദീസ്‌ അദ്ദേഹത്തിന്റെ ജീവിത കാലത്തിന്‌ ശേഷം വ്യക്തികളും ഗ്രൂപ്പുകളും െകട്ടിയുണ്ടാക്കിയതാണെന്നും ക്രിട്ടിസിസത്തിന്‌ ശേഷം അവര്‍ സ്വയം നിഗമനത്തിലെത്തിച്ചേര്‍ന്നു.

ജൂതായിസം, ക്രിസ്റ്റ്യാനിറ്റി തുടങ്ങിയ മറ്റു മതങ്ങളിലെ മൂല്യങ്ങളെ അടര്‍ത്തി മാറ്റി മുഹമ്മദ്‌ സൃഷ്‌ടിച്ചെടുത്ത ഒരു സങ്കരമതമാണ്‌ ഇസ്‌ലാമെന്നതാണ്‌ ഓറിയന്റലിസ്റ്റുകളുടെ പ്രവാചകനെ കുറിച്ചുള്ള പ്രധാന ആക്ഷേപം. What has Muhammad Received from Judaism? എന്ന പുസ്‌തകത്തില്‍ എബ്രഹാം ഗീഗര്‍ വാദിക്കുന്നത്‌ ചില പ്രധാന ആശയങ്ങളും വിശ്വാസങ്ങളും കഥകളും അടക്കം പ്രവാചകന്‍ മുഹമ്മദ്‌ ജൂതായിസത്തില്‍ നിന്ന്‌ ധാരാളം കാര്യങ്ങള്‍ മോഷ്‌ടിച്ചിട്ടുണ്ടെന്നാണ്‌. ഖുര്‍ആനും ജൂതഗ്രന്ഥങ്ങളും മുന്‍നിര്‍ത്തികൊണ്ട്‌ ഇത്‌ സ്ഥാപിച്ചെടുക്കാന്‍ ഈ പുസ്‌തകത്തിലൂടെ അദ്ദേഹം ശ്രമിക്കുന്നതായി കാണാം. അലോയിസ്‌ സ്‌പെന്‍ജറിന്റെ വാദം മദീനയിലേക്കുള്ള പാലായനത്തിന്‌ ശേഷമാണ്‌ പ്രവാചകന്‍ മുഹമ്മദെന്ന നാമം സ്വീകരിക്കുന്നത്‌. ദൈവിക വെളിപ്പാടുകളെന്ന്‌ പറയുന്നത്‌ അദ്ദേഹത്തിന്റെ ചുഴലി ദീനമാണെന്നും ഇയാള്‍ തട്ടിവിടുന്നുണ്ട്‌.

ഓറിയന്റലിസ്റ്റ്‌ സാഹിത്യങ്ങളിലെ വളരെ പ്രശസ്‌തമായ രചനയാണ്‌ സര്‍ വില്ല്യം മൂറിന്റെ പ്രവാചക ജീവചരിത്ര ഗ്രന്ഥങ്ങള്‍. ബ്രിട്ടീഷ്‌ ഇന്ത്യയിലെ മുസ്‌ലിംകളെ ക്രിസ്‌തു മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യാനായി നിയോഗിക്കപ്പെട്ട മൂര്‍ മുന്‍കാലങ്ങളിലെ ഓറിയന്റലിസ്റ്റുകളുടെ ഇസ്‌ലാം വിമര്‍ശനങ്ങളെ നിര്‍ലജ്ജം പിന്തുടര്‍ന്നതായി കാണാം. വിശ്വസ്‌തത, നീതിയിലെ കാര്‍ക്കശ്യം, അറേബ്യന്‍ ഉപദ്വീപില്‍ നിലനിന്നിരുന്ന ബഹുദൈവാരാധനാ മൂല്യങ്ങളോടുള്ള ഏറ്റുമുട്ടലുകള്‍ തുടങ്ങി പ്രവാചകന്റെ ജീവിതത്തിലെ നല്ലവശങ്ങളെ മൂര്‍ തന്റെ രചനയില്‍ പ്രശംസിച്ചിട്ടുണ്ടെന്നത്‌ ഇവിടെ മറച്ചുവെക്കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ പ്രവാചക രചനയാണെന്ന ഓറിയന്റലിസ്റ്റുകളുടെ ബാലിശ വാദങ്ങള്‍ ഇതിനിടയിലൂടെ പ്രചരിപ്പിക്കാനും അദ്ദേഹം ഇടം കണ്ടെത്തുന്നുണ്ട്‌. മൂറും സ്‌പെന്‍ജറും ഇസ്‌ലാമിനെയും മുഹമ്മദ്‌ നബി(സ)യെക്കുറിച്ച്‌ എഴുതിയതെല്ലാം തെറ്റായ വീക്ഷണങ്ങളാണെന്ന്‌ ധരിക്കരുത്‌. നന്മകളെ പരിചപ്പെടുത്തുന്നതോടൊപ്പം ചില വികലമായ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കാന്‍ ബോധപൂര്‍വം തങ്ങളുടെ രചനകളില്‍ സ്ഥലം അനുവദിച്ചിട്ടുണ്ടെന്ന്‌ മാത്രം.

പ്രവാചകനെ വളരെ നന്നായി പാശ്ചാത്യ ലോകത്ത്‌ അവതരിപ്പിച്ച ഓറിയന്റലിസ്റ്റ്‌ രചനകളും ഉണ്ടായിട്ടുണ്ട്‌. ഹെന്‍റി സ്റ്റബിന്റെ An Account of the Rise and Progress of Mahometanism with the Life of Mahomet and a Vindication of Him and His Religion from the Calumnies of the Christians, പ്രശസ്‌ത ജര്‍മന്‍ കവി ജോഹന്‍ ഗോഥെയുടെ West - East Diwan�(West - �stliche Diwan), തോമസ്‌ കാര്‍ലെയുടെ On Heroes and Hero Worship and the Heroic in History തുടങ്ങിയ രചനകള്‍ അവയില്‍ ചിലതാണ്‌.

വിമര്‍ശകരുടെ വാള്‍തലപ്പില്‍ നിന്ന്‌ ഇസ്‌ലാമും പ്രവാചകനും രക്ഷപ്പെട്ട കാലം/സമയം ചരിത്രത്തിലില്ലായെന്ന്‌ തന്നെ പറയാം. അത്‌ ആ മതത്തിന്റെ അന്യൂനതയും ദൈവികതയും കൊണ്ട്‌ മാത്രമാണ്‌. ആ പ്രവാചകന്‍ കൊണ്ടുവന്നിട്ടുള്ള പ്രമാണങ്ങളെ നേരിടാനുള്ള കഴിവില്ലായ്‌മ കൊണ്ടുകൂടിയാണ്‌. പ്രവാചകന്റെ ബഹുഭാര്യാത്വവും യുദ്ധങ്ങളും ഇസ്‌ലാമിക ചരിത്രത്തില്‍ നിന്ന്‌ സുതാര്യമായി പഠിച്ചെടുക്കാന്‍ സാധിക്കുമെങ്കിലും മറയിട്ട കണ്ണുകളോടെ അവ വായിച്ചെടുക്കാനാണ്‌ വിമര്‍ശകര്‍ പലപ്പോഴും ശ്രമിക്കാറുള്ളത്‌. ചീപ്പ്‌ പോപ്പുലാരിറ്റിക്കും തങ്ങളുടെ രചനകള്‍ വിറ്റഴിക്കപ്പെടണമെന്ന കച്ചവട താല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ്‌ ആധുനിക കാലഘട്ടത്തില്‍ പ്രവാചക വിമര്‍ശകര്‍ ശ്രമിച്ചിട്ടുള്ളത്‌. സല്‍മാന്‍ റുഷ്‌ദി, തസ്‌ലീമ നസ്‌റിന്‍, ഇടമറുക്‌ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.

പുരാതന-മധ്യ കാലഘട്ടങ്ങളിലെ ചര്‍ച്ച്‌ അധികാരികളുടെ ഇസ്‌ലാമോ ഫോബിയയോ അല്ലെങ്കില്‍ ആധുനിക വിമര്‍ശകരുടെ കൈയ്യടി താല്‍പര്യമോ എന്താണ്‌ ജോസഫ്‌ മാഷിന്റെ പ്രചോദനമെന്നറിയില്ല. ഒരു ബഹുമത സമൂഹത്തില്‍ പാലിക്കേണ്ട സാമാന്യ വിമര്‍ശന മര്യാദ അദ്ദേഹം പാലിച്ചില്ലെന്നത്‌ സത്യം. ആശയസംവാദമാകേണ്ടിയിരുന്ന ഒരു വിഷയത്തെ ആയുധത്തിലൂടെ നേരിട്ട്‌ ഇസ്‌ലാമിനും പ്രവാചകനും കളങ്കമാക്കി മാറ്റിയ പ്രതിരോധക്കാര്‍ തങ്ങളുടെ ചെയ്‌തികളുടെ ദൂരവ്യാപകമായ ഫലങ്ങളെ കുറിച്ച്‌ ചിന്തിച്ചില്ലെന്നത്‌ അതിലേറെ ഖേദകരം.


(2010 ജൂലൈ 16ന് ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നത്)

Tuesday, July 6, 2010

വിമര്‍ശനത്തിന്‍റെ പ്രവാചക മാതൃക

പ്രവാചകനെ അപമാനപ്പെടുത്തുന്ന വിധത്തില്‍ പരീക്ഷാചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍റെ കൈകള്‍ മുറിച്ചു ഒരു കൂട്ടമാളുകള്‍ തങ്ങളുടെ മതസ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ്. മുസ്‌ലിം സംഘടനകളും സാംസ്കാരിക ബു ജി കളും അക്രമത്തെ ശക്തമായി അപലപിക്കുകയും മനുഷ്യത്വ രഹിത പ്രവര്‍ത്തനമായി അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അവസരം പതിവുപോലെ ഇസ്ലാം വിരോധികള്‍ മഹാമഹം ആഘോഷിക്കുകയും ചെയ്യുന്ന ഒരവസരത്തില്‍ വിമര്‍ശനത്തിന്‍റെ പ്രവാചക മാതൃക പരിശോധിക്കുന്നത്തില്‍ സാംഗത്യമുണ്ട്.

ഏകദൈവ വിശ്വാസത്തിലേക്ക് തന്‍റെ ജനങ്ങളെ ക്ഷണിക്കുന്നതിന് മുന്‍പ് നാട്ടുകാരുടെ സ്നേഹഭാജനമായിരുന്നു പ്രവാചകന്‍ മുഹമ്മദ്‌. അവര്‍ക്കിടയിലെ വഴക്കും വക്കാണവും പരിഹരിക്കുന്നതില്‍ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹം വിശ്വസ്തന്‍ എന്ന അപരനാമത്താല്‍ പ്രശ്സ്തനുമായിരുന്നു. ഇസ്ലാമിക പ്രബോധനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ അവര്‍ക്കദ്ദേഹം ശത്രുവായി തീര്‍ന്നു. അവരുടെ ശത്രുതാപരമായ സമീപനങ്ങള്‍ പലപ്പോഴും പരിധികള്‍ ലംഘിക്കുന്നതായിരുന്നു.

നിത്യേന തന്‍റെ വീട്ടില്‍ അടിച്ചുകൂട്ടുന്ന അഴുക്കുകളും ചണ്ടിയും പ്രവാചക ശരീരത്തിലേക്ക് വലിച്ചെറിയാന്‍ കാത്തിരുന്നൊരു അയല്‍ക്കാരിയുണ്ടായിരുന്നു അദ്ദേഹത്തിന്. തന്‍റെ മതവിശ്വാസത്തെ ചോദ്യം ചെയ്ത മുഹമ്മദിനെ ശാരീരികമായി കൈകാര്യം ചെയ്ത ഒരു സ്ത്രീ. അവരുടെ അമര്‍ഷവും വിദ്വേഷവും അവര്‍ പ്രകടിപ്പിച്ചത് പ്രവാചക ശരീരം മലീമസമാക്കിയായിരുന്നു. അവരുടെ കൈകള്‍ അറുത്തുമാറ്റാനോ സമാനരീതിയില്‍ കൈയേറ്റം ചെയ്യാനോ ആയിരുന്നില്ല പ്രവാചകന്‍ ശ്രമിച്ചത്. മറിച്ച്, ഒരു ദിവസം ചണ്ടിയഭിഷേകം കാണാതിരുന്നപ്പോള്‍ തന്‍റെ അയല്‍ക്കാരിയെ കുറിച്ച് അന്വേഷിക്കുകയും രോഗിയായ അവരെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുകയുമാണ് അദ്ദേഹം ചെയ്തത്.

ഒരിക്കല്‍ കഅബയ്ക്ക് സമീപം ആരാധിക്കാന്‍ ചെന്ന പ്രവാചകന്‍ അതിന്‍റെ സൂക്ഷിപ്പുകാരനായ ഉസ്മാന്‍ ബ്നു ത്വല്‍ഹയോട് അതിനുള്‍വശം കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ക്രുദ്ധനായ അയാള്‍ പ്രവാചക മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി. മറുത്തൊന്നും പറയാതെ പ്രവാചകന്‍ അവിടെനിന്നു പിരിഞ്ഞുപോന്നു. പിന്നീട് പ്രവാചകന്‍ മക്ക കീഴടക്കിയപ്പോള്‍ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഉസ്മാനെ അന്വേഷിച്ചു. അധികാരം നേടിയ അദ്ദേഹം തിരിച്ചടിക്കാന്‍ വേണ്ടിയാണു ഉസ്മാനെ തിരക്കുന്നതെന്ന് എല്ലാവരും കരുതി. മരണം മുന്നില്‍ കണ്ടു ഭയപ്പാടോടെ ഉസ്മാന്‍ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി കടന്നു വന്നു. താക്കോല്‍ വാങ്ങിയ പ്രവാചകന്‍ കഅബ തുറന്ന് അതിനകത്തുള്ള വിഗ്രഹങ്ങളെ നീക്കിയശേഷം വീണ്ടും ഉസ്മാനെ അന്വേഷിച്ചു. ഉസ്മാന്‍റെ ശിക്ഷ എല്ലാവരും പ്രതീക്ഷിച്ചു. പ്രവാചകന്‍ താക്കോല്‍ തിരികെ നല്‍കി അതു തുടര്‍ന്നും സൂക്ഷിക്കാന്‍ അധികാരം നല്‍കി. പ്രവാചക ശിഷ്യരിലെ പ്രമുഖരായ അബൂബക്കറും ഉമറും ഉസ്മാനും അലിയും ആ താക്കോല്‍ സൂക്ഷിക്കാനുള്ള ബഹുമതിക്കായി കാത്തിരിക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ അധികാരവും കഴിവും ഉണ്ടായിരുന്നിട്ടും വിട്ടുവീഴ്ച കാണിച്ച മഹാ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റെത്.

പ്രവാചകനെ നിരന്തരം ഉപദ്രവിച്ചിരുന്ന അബൂസുഫ്യാനോട് എങ്ങനെ പെരുമാറിയെന്നതിനു ചരിത്രം സാക്ഷിയാണ്. ആശയസംഘട്ടനത്തെ ആയുധ സംഘട്ടനമാക്കുന്നവര്‍ക്ക് എക്കാലത്തും ഉത്തമ മാതൃകയാണ് പ്രവാചകന്‍ മുഹമ്മദ്‌. കാള പെറ്റെന്ന് കേള്‍ക്കും പോഴേക്കും കയറെടുക്കുന്ന ഇസ്ലാം വിരോധികള്‍ മതത്തെ അതിന്‍റെ പ്രമാണങ്ങള്‍ ഉദ്ധരിച്ച് വിമര്‍ശിക്കാന്‍ പഠിക്കുന്നത് നല്ലതാണ്. അവിവേകികളായ വ്യക്തികളുടെ എടുത്തുചാട്ടങ്ങളെ അന്യൂനമായ ദൈവികമതത്തെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നത് ശരിയല്ലായെന്നു മാത്രം സൂചിപ്പിക്കുന്നു. പ്രമാണങ്ങള്‍ ഉദ്ധരിച്ച് ഇസ്ലാമിനെ വിമര്‍ശിക്കാനും ആരോഗ്യപരമായ സംവാദങ്ങള്‍ക്കും ഏവര്‍ക്കും സ്വാഗതം.