Pages

Search This Blog

Saturday, March 27, 2010

മുസ്‌ലിം നവോത്ഥാനം: കേരളത്തിന്‍റെ പാഠം


പ്രൊഫ. എ കെ രാമകൃഷ്‌ണന്‍/കെ ടി അന്‍വര്‍സാദത്ത്‌


മുസ്‌ലിംകള്‍ ഇന്നനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്‌?

മുസ്‌ലിംകളുടെ പ്രശ്‌നങ്ങളെന്ന്‌ പറയുന്നത്‌ പല സമൂഹങ്ങളിലും മുസ്‌ലിംകളുടെ മാത്രം പ്രശ്‌നങ്ങളല്ല. അവയൊക്കെ സമൂഹത്തിന്‍റെ പൊതുവായിട്ടുള്ള പ്രശ്‌നങ്ങള്‍ കൂടിയാണ്‌. എന്നാല്‍ മുസ്‌ലിംകള്‍ ആയതുകൊണ്ട്‌ മാത്രം അനുഭവിക്കുന്ന പ്രശ്‌നങ്ങളുമുണ്ട്‌. രാഷ്‌ട്രീയം, തൊഴില്‍ രംഗം, സ്ഥാപനങ്ങള്‍ എന്നിവയിലെ മുസ്‌ലിംകളുടെ പങ്കാളിത്തത്തിലുള്ള വലിയ വിടവ്‌ ഒരു പ്രധാന പ്രശ്‌നമാണ്‌. സമൂഹത്തിലെ അധീശശക്‌തികള്‍ മുസ്‌ലിംകള്‍ക്ക്‌ കല്‍പിച്ചുകൊടുക്കുന്ന അപരത്വമാണ്‌ മറ്റൊരു പ്രശ്‌നം. കോളെജുകളില്‍ പഠിക്കുന്ന മുസ്‌ലിം ആണ്‍കുട്ടികള്‍ മറ്റു മതസ്ഥരായ പെണ്‍കുട്ടികളോട്‌ സംസാരിക്കുന്നത്‌ പോലും കുറ്റകരമായി മാറിക്കൊണ്ടിരിക്കുകയാണ്‌. അത്‌ ഭീഷണമായ സംഗതിയാണ്‌. ഏറ്റവും നീചമായ ചിത്രീകരണവുമാണ്‌. കാരണം ഇത്‌ കുറ്റപ്പെടുത്തുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വ്യക്തിത്വം നഷ്‌ടപ്പെടുത്തുകയാണ്‌. തീരുമാനമെടുക്കാനുള്ള അവരുടെ കെല്‍പിനെ അത്‌ ചോദ്യം ചെയ്യുകയാണ്‌. അന്യത്വവല്‌കരണത്തിന്‍റെ സാമൂഹികമായ ചില പ്രതിരൂപങ്ങളാണ്‌ ഇവയൊക്കെ. ഭീകരവാദിയെന്ന്‌ പറഞ്ഞ്‌ ഭരണകൂടങ്ങളും അവരെ കൈകാര്യം ചെയ്യുകയാണ്‌. മുസ്‌ലിം സമൂഹത്തിനകത്ത്‌ നിന്ന്‌ മാത്രമല്ല പുറത്തുള്ളവരും ഇതില്‍ പ്രതികരിക്കേണ്ടതുണ്ട്‌. അതിനുവേണ്ടിയുള്ള വിപുലമായ വേദികള്‍ രൂപീകരിക്കേണ്ടതുണ്ട്‌.

മുഖ്യധാരാ മാധ്യമങ്ങള്‍ പോലും പക്ഷം ചേര്‍ന്ന്‌ ഇത്തരം ആക്രമണങ്ങളെ പിന്തുണക്കുന്നതായി കാണുന്നു.


തീര്‍ച്ചയായുമുണ്ട്‌. ആഗോളതലത്തില്‍ അമേരിക്കയില്‍ ബുഷിന്‍റെ ഭരണം അവസാനിച്ച്‌ ഒബാമ വന്നതോടുകൂടി ഇസ്‌ലാമിക ലോകത്തോടുള്ള വീക്ഷണത്തിന്‌ കുറച്ച്‌ മാറ്റം കണ്ടിരുന്നു. മുസ്‌ലിം രാഷ്‌ട്രങ്ങളോടുള്ള അമേരിക്കന്‍ ആക്രമണ നയങ്ങളിലല്ല, അവയോടുള്ള മനോഭാവങ്ങളിലാണ്‌ ചില മാറ്റങ്ങള്‍ കാണാന്‍ സാധിച്ചത്‌. ഇത്തരം ഒരു സാഹചര്യത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ഇങ്ങനെ ഇസ്‌ലാം വിരുദ്ധത കൊട്ടിഘോഷിക്കുന്നത്‌ സാമൂഹ്യമായ വലിയ വിടവുകള്‍ സൃഷ്‌ടിക്കാനേ ഉതകുകയുള്ളൂ. നമ്മുടെ മാധ്യമങ്ങള്‍, ഇലക്‌ട്രോണിക്‌ മാധ്യമങ്ങളും പ്രിന്‍റ് മീഡിയയും ഈ വേട്ടയാടലില്‍ ഒരുപോലെ മത്സരിച്ചതായി കാണാം. തീവ്രവാദത്തെയും മുസ്‌ലിം സമുദായത്തെയും തുലനം ചെയ്യുന്ന ഈ കുല്‍സിത പരിശ്രമത്തെ നേരിടാന്‍ ഇസ്‌ലാമിക സമൂഹത്തിന്‍റെ ഭാഗത്ത്‌ നിന്ന്‌ മാത്രമുള്ള നീക്കങ്ങള്‍ പോര. സാമൂഹികമായ മുന്നേറ്റങ്ങള്‍ അത്യാവശ്യമാണ്‌. ഇത്തരം പ്രശ്‌നങ്ങള്‍ ദീര്‍ഘകാലത്തേക്കുണ്ടാക്കുന്ന സാമൂഹികമായ പ്രത്യാഘാതങ്ങള്‍ അല്ലെങ്കില്‍ വിടവുകള്‍ നാം തിരിച്ചറിയേണ്ടതുണ്ട്‌. ആധിപത്യപരമായ പ്രത്യയശാസ്‌ത്ര മനോഭാവങ്ങള്‍ ഇതിന്‍റെയൊക്കെ പിന്നിലുണ്ട്‌. വ്യത്യസ്‌ത ജനവിഭാഗങ്ങളുള്ള സിവില്‍ സമൂഹം തന്നെ അതിന്‍റെ നേര്‍ക്കുള്ള അതിക്രമമായി തിരിച്ചറിഞ്ഞ്‌ ഇതിനെ സാമൂഹികമായി ചെറുക്കണം.

ഈ പ്രശ്‌നങ്ങളെ തിരിച്ചറിയുന്നതിലും അതിനെ മറികടക്കുന്നതിലും ക്രിയാത്മകമായി പ്രതിരോധിക്കുന്നതിലും മുസ്‌ലിം സമൂഹം പരാജയപ്പെടുന്നുണ്ടോ?

പലപ്പോഴും പ്രതിരോധത്തിലാകുന്നുണ്ട്‌. അതില്‍ അവരെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ല. അവരെ പ്രതിരോധത്തിലാക്കുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നതാണ്‌ സത്യം. പക്ഷേ, എല്ലാ കാലത്തും അങ്ങനെയൊരു പ്രതിരോധാവസ്ഥയില്‍ കഴിയാന്‍ സാധിക്കുകയില്ല. കൂടുതല്‍ സാമൂഹികമായ ഇടപെടലുകള്‍ നടത്തുക, അതിനായി വാതിലുകള്‍ തുറന്നിടുക എന്നിവയൊക്കെ അനിവാര്യമാണ്‌.

ഇന്ത്യന്‍ മുസ്‌ലിംകളെ എങ്ങനെയാണ്‌ നോക്കികാണുന്നത്‌. അവരുടെ സാമൂഹ്യ, രാഷ്‌ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങള്‍. ബാഹ്യവും ആഭ്യന്തരവുമായ വെല്ലുവിളികള്‍, നേതൃത്വം?

ഹിന്ദുത്വവാദം പ്രധാനമായും ടാര്‍ഗറ്റ്‌ ചെയ്യുന്നത്‌ മുസ്‌ലിംകളെയാണ്‌. മുസ്‌ലിംകളെയാണ്‌ അത്‌ കൂടുതലായും ബാധിച്ചതെങ്കിലും ആ പ്രത്യയശാസ്‌ത്രവും അതിന്‍റെ ഫാസിസ്റ്റ്‌ ചെയ്‌തികളും ഇന്ത്യന്‍ സമൂഹത്തില്‍ മൊത്തത്തില്‍ വളരെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യക്കാര്‍ ഒന്നിച്ച്‌ നിന്ന്‌ ജനാധിപത്യരീതിയില്‍ ഇതിനെ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. അത്‌ തുടരുന്നുമുണ്ട്‌. സമൂഹത്തിന്റെ മുന്നോട്ടുപോക്കിന്‌ അത്‌ വളരെ അത്യാവശ്യമാണ്‌.
സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നാക്കമാണ്‌ ഇന്ത്യന്‍ മുസ്‌ലിംകള്‍. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ഇത്‌ വരച്ചുകാണിക്കുന്നുണ്ട്‌. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഒരു മേഖലയിലും മുസ്‌ലിംകള്‍ക്ക്‌ കിട്ടിയിട്ടില്ലെന്നത്‌ യാഥാര്‍ഥ്യമാണ്‌. വ്യത്യസ്‌ത ജനവിഭാഗങ്ങള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമ്പോള്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ കാമ്പുള്ളതും അര്‍ത്ഥവത്തും ആയി മാറുകയുള്ളൂ. അല്ലെങ്കില്‍ നമ്മുടെ ജനാധിപത്യം വെറും ഔപചാരിക തലത്തില്‍ മാത്രം നിലകൊള്ളും. വിദ്യാഭ്യാസ, സാമൂഹ്യ, തൊഴില്‍ സ്ഥാപനങ്ങളില്‍ ഇങ്ങനെയുള്ള പ്രാതിനിധ്യം ലഭ്യമാകുമ്പോഴേ ജനാധിപത്യത്തിന്‌ സാംഗത്യമുണ്ടാകുന്നുള്ളൂ. പ്രാതിനിധ്യം നല്‍കല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ വിപുലീകരണം സാധ്യമാക്കുന്ന നിര്‍ണായക പ്രക്രിയ കൂടിയാണ്‌. പ്രാതിനിധ്യവും പങ്കാളിത്വവും മുസ്‌ലിം പുരുഷന്‍മാര്‍ക്ക്‌ മാത്രമല്ല, സ്‌ത്രീകള്‍ക്ക്‌ കൂടി ലഭിക്കേണ്ടതുണ്ട്‌. നിരന്തരമായ സമരങ്ങളും സമ്മര്‍ദ്ദങ്ങളും ഇതിന്‌ ആവശ്യമാണ്‌.

പലപ്പോഴും മുസ്‌ലിം സമൂഹത്തിന്റെ പ്രതിനിധീകരണം ആണ്‍കോയ്‌മയില്‍ അധിഷ്‌ഠിതമാണ്‌. രാഷ്‌ട്രീയത്തില്‍ മാത്രമല്ല സാമൂഹ്യരംഗത്തും ഇത്‌ കേരളീയ സമൂഹത്തില്‍ വളരെ വ്യക്‌തമായി കാണാന്‍ സാധിക്കും. അതുകൊണ്ടാണല്ലോ സ്‌ത്രീകള്‍ പള്ളിയില്‍ പോകുന്നതിനെ ഇന്നും ഒരുവിഭാഗം ശക്തിയായി വിമര്‍ശിക്കുന്നത്‌. സ്‌ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ അനിസ്‌ലാമികമായാണ്‌ അവര്‍ നോക്കിക്കാണുന്നത്‌ എന്നതാണ്‌ അത്ഭുതം. പ്രവാചക പത്‌നിമാരും ഉറ്റബന്ധക്കളും അനുനുയായികളായ സ്‌ത്രീകളും സാമൂഹികമായ വിവിധ രംഗങ്ങളില്‍ ഇടപെട്ടിരുന്നു. സൈനിക, രാഷ്‌ട്രീയ, ധൈഷണിക മേഖലകളിലും അവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇത്‌ മുസ്‌ലിം നേതൃത്വം അവഗണിക്കരുത്‌. സ്‌ത്രീകള്‍ക്ക്‌ ഇസ്‌ലാം അംഗീകരിച്ച സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌. ആണ്‍കോയ്‌മാ വിമര്‍ശനം ഉള്‍ചേരുന്നതു കൂടിയായിരിക്കണം നമ്മള്‍ പറഞ്ഞുവരുന്ന ഈ പുതിയ ഇജ്‌തിഹാദ്‌.

വീടിന്‍റെ ചുമതലകളും കുട്ടികളുടെ വിദ്യാഭ്യാസവും സ്വന്തം ചുമലില്‍ ഏറ്റെടുക്കേണ്ട സാമൂഹ്യ സാഹചര്യം ഇന്ന്‌ കേരളീയ മുസ്‌ലിം സ്‌ത്രീക്കുണ്ട്‌. വിദ്യാഭ്യാസ കാര്യത്തിലും പരമ്പരാഗതമായി നിലനിന്ന പിന്നാക്കാവസ്ഥയെ മറികടക്കുന്നതിന്‌ അവര്‍ കാര്യമായി പ്രയത്‌നിക്കുന്നുമുണ്ട്‌. എന്നാല്‍ നിര്‍ണായക അധികാര മണ്‌ഡലങ്ങളില്‍ എത്തിച്ചേരുന്നതിന്‌ സമൂഹത്തിലെ ആണ്‍കോയ്‌മാ വീക്ഷണം അവര്‍ക്ക്‌ തടസ്സമാവുന്നു.

ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ഒരു പ്രധാന പ്രശ്‌നമാണ്‌ അവര്‍ക്കിടയില്‍ പല പ്രദേശങ്ങളിലും നിലനില്‍ക്കുന്ന ജാതീയത. ദളിത്‌ മുസ്‌ലിംകള്‍ അനുഭവിക്കുന്ന അകറ്റിനിര്‍ത്തലുകള്‍ പഠനങ്ങളിലൂടെ മാത്രമല്ല സമ്പര്‍ക്കങ്ങളിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. കേരളീയ സമൂഹത്തിലും കുറച്ചൊക്കെ അതുണ്ടെന്നാണ്‌ എന്‍റെ അഭിപ്രായം. ആഭ്യന്തരമായ വലിയയൊരു വെല്ലുവിളിയാണിത്‌.

കേരള മുസ്‌ലിംകളുടെ നിലവിലെ സാഹചര്യം സൃഷ്‌ടിച്ച പ്രേരണാശക്തികള്‍ എന്തൊക്കെയാണ്‌?

വ്യത്യസ്‌ത ഘട്ടങ്ങളിലെ വിഭിന്ന ധാരകളിലൂടെ വളര്‍ന്നുവന്ന ഒന്നാണത്‌. കേരളത്തില്‍ അനേക സംസ്‌കൃതികളുടെ അടുക്കുകള്‍ നമുക്ക്‌ കാണാന്‍ സാധിക്കും. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ ഇതില്ലായെന്ന്‌ പറയാന്‍ സാധിക്കുകയില്ല. ഇസ്‌ലാം വരുന്നതിന്‌ മുമ്പ്‌ തന്നെ അറബികളുമായി കേരളീയര്‍ക്ക്‌ അടുപ്പമുണ്ടായിരുന്നു. ഇസ്‌ലാമിന്‌ ശേഷം കൂടുതല്‍ വിപുലമായ കൊടുക്കല്‍ വാങ്ങലുകള്‍ ഇവിടെ നടന്നിട്ടുണ്ട്‌. കേരളീയ സമൂഹത്തിന്‍റെ വൈവിധ്യപൂര്‍ണമായ വിപുലതയ്‌ക്കും സാമ്പത്തികവും സാംസ്‌കാരികവുമായ സമ്പന്നതയ്‌ക്കും അത്‌ കനത്ത സംഭാവന നല്‍കിയിട്ടുണ്ട്‌.

ഹിന്ദുക്കള്‍ വിഷുവിന്‌ കണികാണുമ്പോള്‍ ബര്‍ക്കത്ത്‌ ഉണ്ടാകട്ടെയെന്നാണ്‌ എന്‍റെ നാട്ടിലൊക്കെ പറയുന്നത്‌. ഏറ്റവും പ്രധാനപ്പെട്ട ഒരാധ്യാത്മിക സന്ദര്‍ഭത്തിലും ബര്‍ക്കത്ത്‌ എന്ന അറബി വാക്കാണ്‌ ഹിന്ദു സമൂഹം ഉപയോഗിക്കുന്നത്‌. അനുഗ്രഹത്തെയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്ന ഒരു വാക്ക്‌ മാത്രമായല്ല ഒരു സംസ്‌കാരത്തെയാണ്‌ നാം സര്‍വാത്‌മനാ സ്വീകരിക്കുന്നത്‌. അതുകൊണ്ടാണ്‌ മലയാളി എന്ന നിലയില്‍ നമ്മുടെ സ്വത്വത്തെ ഇസ്‌ലാമിക ലോകം സ്വാധീനിച്ചിട്ടുണ്ട്‌ എന്ന്‌ ഞാന്‍ പറയുന്നത്‌. സാംസ്‌കാരികവും ചരിത്രപരവും സമകാലികവുമായ വൈവിധ്യങ്ങളിലൂടെയാണ്‌ നിലവിലുള്ള ബന്ധങ്ങള്‍ രൂപപ്പെടുന്നത്‌. അതിനെ ഏകമാനരൂപത്തിലേക്ക്‌ കൊണ്ടുപോകരുതെന്നാണ്‌ എന്‍റെ അഭിപ്രായം.

കേരളീയ പൊതുസമൂഹത്തിന്‌ ഇസ്‌ലാമിക സംസ്‌കാരം നല്‍കിയിട്ടുള്ള സംഭാവനകളെ കുറിച്ച്‌ പലവിധത്തിലുള്ള പഠനങ്ങളും നടന്നിട്ടുണ്ട്‌. അത്‌ ജനങ്ങളിലേക്ക്‌ എത്രത്തോളമെത്തിയിട്ടുണ്ടെന്നത്‌ മറ്റൊരു കാര്യം. പക്ഷേ, അതവരുടെ ജീവിതപ്രക്രിയകളില്‍ അലിഞ്ഞ്‌ ചേര്‍ന്നിട്ടുണ്ട്‌; അവ ഇന്ന്‌ തിരിച്ചറിയപ്പെടുന്നില്ലെങ്കിലും. അങ്ങനെ വരുമ്പോള്‍ ഇന്ന്‌ മാധ്യമങ്ങള്‍ നടത്തുന്ന വേട്ടയാടലുകളെ സാമൂഹികമായി നേരിടാന്‍ വൈവിധ്യപൂര്‍ണവും സമ്പന്നവുമായ നമ്മുടെ കൊള്ളകൊടുക്കലുകളെ ആയുധമാക്കേണ്ടതുണ്ട്‌.

കേരള മുസ്‌ലിംകളില്‍ നടന്നിട്ടുള്ള നവോത്ഥാനത്തെ എങ്ങനെയാണ്‌ വിലയിരുത്തുന്നത്‌?

വക്കം മൗലവി, മക്തി തങ്ങള്‍ തുടങ്ങിയവര്‍ വ്യത്യസ്‌ത രീതിയില്‍ നേതൃത്വം കൊടുത്ത ആധുനിക സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങള്‍ പ്രധാനമാണ്‌. മുസ്‌ലിം നവോത്ഥാനനായകന്‍ എന്ന്‌ സാധാരണ വിളിക്കുന്ന മുഹമ്മദ്‌ അബ്‌ദുവില്‍ നിന്ന്‌ ഊര്‍ജം സ്വീകരിച്ച്‌ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ വക്കം മൗലവിയെ പോലുള്ളവര്‍ക്ക്‌ സാധിച്ചിരുന്നു. അന്നവര്‍ നടത്തിയ ഇടപെടലുകള്‍ പ്രസക്‌തമായിരുന്നു. എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞ പോലെ സമകാലിക അറിവും ലോകപരിചയവുമായി ബന്ധപ്പെടുത്തി ഇസ്‌ലാമിനെ മനസ്സിലാക്കുന്ന രീതിയുടെ അഭാവം ഇന്ന്‌ വലിയ തോതില്‍ കേരള മുസ്‌ലിം സമൂഹത്തില്‍ പ്രതിഫലിക്കുന്നുണ്ട്‌. ഏകമാന ഇസ്‌ലാമെന്ന്‌ ഞാന്‍ പറഞ്ഞ ഇസ്‌ലാമിസത്തിന്‌ ഇന്ന്‌ ആധിപത്യം കിട്ടിവരികയാണ്‌. സമകാലിക മാറ്റത്തിന്‌ ഉതകുന്ന പുതിയ ഇടപെടലുകളും വ്യാഖ്യാനങ്ങളുമൊക്കെയാണ്‌, അല്ലെങ്കില്‍ ഒരു പുതിയ ഇജ്‌തിഹാദ്‌ തന്നെയാണ്‌ പുതിയ സാഹചര്യത്തില്‍ ഉണ്ടാകേണ്ടത്‌.

വക്കം മൗലവിയുടെ ദീപികയിലാണ്‌ `സ്‌ത്രീസ്വാതന്ത്ര്യവാദം' എന്ന വാക്ക്‌ ഞാന്‍ ആദ്യമായി കാണുന്നത്‌. പലര്‍ക്കും ഇത്‌ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഫെമിനിസം അഥവാ സ്‌ത്രീസ്വാതന്ത്ര്യവാദം ഇസ്‌ലാമിക ലോകത്തിന്‌ അന്യമല്ല. ദീപികയില്‍ പകുതി ശാസ്‌ത്രവിഷയങ്ങളായിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും അഫ്‌ഗാനിയെയും അബ്‌ദുവിനെയും മറ്റനേകം ചിന്തകരെ കുറിച്ചുള്ള ലേഖനങ്ങളും അതില്‍ ഉള്‍ചേര്‍ത്തിരുന്നു. എന്നാല്‍ വ്യത്യസ്‌തതകളെ ഉള്‍ക്കൊള്ളാനോ അവയെ പഠന വിധേയമാക്കാനോ ഇന്നുള്ളവര്‍ മടികാണിക്കുന്നു.

നവോത്ഥാനത്തിന്‌ തുടര്‍ച്ച ഉണ്ടായിട്ടില്ലെന്നാണോ?

തുടര്‍ച്ച ഉണ്ടായിട്ടില്ലെന്നത്‌ സത്യമാണ്‌. അതേസമയം, സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളെ അതിന്‍റെ സാഹചര്യത്തില്‍ നിന്ന്‌ പൂര്‍ണമായും അടര്‍ത്തി മാറ്റി കാണേണ്ടതില്ല. അത്‌ ആ കാലവുമായി ബന്ധപ്പെട്ടതാണ്‌.

കേരള മുസ്‌ലിം നവോത്ഥാനത്തിന്‍റെ പ്രേരണകള്‍ എന്തൊക്കെയായിരുന്നു?

അതിന്‌ മൂന്ന്‌ തലങ്ങള്‍ ഉണ്ട്‌. കേരളീയ മുസ്‌ലിം സമൂഹത്തിന്‍റെ അവസ്ഥയാണ്‌ ഒന്നാമത്തേത്‌. രണ്ടാമത്തേത്‌ കേരളീയ പൊതുസമൂഹവും അതിലെ പുതിയ പോരാട്ടങ്ങളും. മൂന്നാമത്തേത്‌ ആഗോള മുസ്‌ലിം സമൂഹത്തില്‍ നിന്ന്‌ പുറപ്പെട്ട ശക്‌തമായ മാറ്റത്തിന്‍റെ സ്വരങ്ങള്‍. സ്വസമുദായത്തിലെ മുരടിപ്പുകളെ ആധുനികമായ ഉള്‍കാഴ്‌ചയോടെ മറികടക്കാനുള്ള അഭിവാഞ്‌ഛ ഒട്ടേറെ മുസ്‌ലിം ബുദ്ധിജീവികള്‍ക്കുണ്ടായിരുന്നു. കേരള മുസ്‌ലിംകള്‍ക്കിടയിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്‌ മറ്റു സമൂഹങ്ങള്‍ക്കിടയില്‍ മാറ്റത്തിന്‍റെ ചലനങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ്‌. അതാണ്‌ അതിലെ കേരളീയ സാഹചര്യം. ഇതേ സമയത്ത്‌ തന്നെ ഇസ്‌ലാമിക ലോകത്ത്‌ ജമാലുദ്ദീന്‍ അഫ്‌ഗാനിയുടെയും മുഹമ്മദ്‌ അബ്‌ദുവിന്‍റെയും ആശയങ്ങള്‍ക്ക്‌ സ്വാധീനം ലഭിച്ചുകൊണ്ടിരിക്കുന്ന സമയവുമാണ്‌. ഈ വ്യത്യസ്‌ത ധാരകളും പ്രവണതകളും തമ്മിലുള്ള ഇഴചേരലാണ്‌ കേരള മുസ്‌ലിംകള്‍ക്കിടയിലെ പരിഷ്‌കരണങ്ങള്‍ക്ക്‌ ഭൂമികയായത്‌.

നവോത്ഥാനം കൊണ്ടുവന്ന ആധുനികത ഇസ്‌ലാമികമായ സത്തയില്ലാത്ത, കൊളോണിയല്‍ മൂല്യങ്ങള്‍ നിറഞ്ഞതായിരുന്നു എന്ന വാദമുണ്ട്‌. മുഹമ്മദ്‌ അബ്‌ദു യൂറോപ്യനല്ലല്ലോ. അദ്ദേഹത്തിന്‍റെ ജ്ഞാനമണ്ഡലം യൂറോപ്പല്ല. അദ്ദേഹം ഈജിപ്‌തിലെ മുഫ്‌തിയായിരുന്നു. പക്ഷേ, അന്ന്‌ യൂറോപ്പില്‍ ഉത്ഭവിച്ചിട്ടുണ്ടായിരുന്ന ആധുനികമായ അറിവിനോട്‌ വിമുഖത പുലര്‍ത്തിയയാളുമായിരുന്നില്ല അദ്ദേഹം. ചൈനയില്‍ പോയിട്ടെങ്കിലും അറിവ്‌ നേടണമെന്നത്‌ ഇസ്‌ലാമിക വീക്ഷണമാണ്‌. അപ്പോള്‍ അറിവില്‍ കൊളോണിയല്‍ എന്ന വേര്‍തിരിവ്‌ കൊണ്ടുവരേണ്ടതില്ല.

ഇനി അങ്ങനെയുള്ള കൊളോണിയല്‍ അംശം അറിവില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അതിനെ വിമര്‍ശനാത്മകമായി പഠിക്കാവുന്നതേയുള്ളൂ. ജ്ഞാനമണ്‌ഡലത്തെ ആകമാനം കൊളോണിയല്‍ എന്നാക്ഷേപിക്കുന്നത്‌ മൂഢത്വമാണ്‌. അതുകൊണ്ട്‌ നമുക്കിടയില്‍ നടന്നിട്ടുള്ള പരിഷ്‌കരണം പാശ്ചാത്യമാണെന്ന്‌ പറയുന്നതില്‍ അര്‍ഥമില്ല. അങ്ങനെയാണെങ്കില്‍ നമ്മുടെ ദേശീയവാദങ്ങളും പാശ്ചാത്യമാണെന്ന്‌ പറയേണ്ടിവരും. അറിവിനെ പാശ്ചാത്യ/പൗരസ്‌ത്യ വല്‍ക്കരിക്കുന്നതില്‍ അര്‍ഥമില്ല. ഇതിനര്‍ഥം കൊളോണിയല്‍ ജ്ഞാനപ്രക്രിയകളുടെ വിമര്‍ശനം വേണ്ടെന്നല്ല. അതും അത്യാവശ്യമാണ്‌. എന്‍റെ തന്നെ അകാദമിക പ്രബന്ധങ്ങളില്‍ പലതും അധീശ ജ്ഞാന വ്യവസ്ഥയുടെ വിമര്‍ശനങ്ങളാണ്‌. എന്നാല്‍ അവ ജ്ഞാനത്തെ തന്നെ തള്ളിക്കളയാന്‍ ഒരുവിധത്തിലും ആവശ്യപ്പെടുന്നില്ല.

കേരള മുസ്‌ലിം നവോത്ഥാനവും ഇതര സമൂഹങ്ങളിലുണ്ടായ- ഈഴവ, നായര്‍, നമ്പൂതിരി- നവോത്ഥാന മുന്നേറ്റങ്ങളും പരസ്‌പര പൂരകങ്ങളായിരുന്നോ?

അതെ. ഇവ തമ്മില്‍ പലതലങ്ങളിലുള്ള ബന്ധങ്ങളുണ്ടായിരുന്നു. നാരായണ ഗുരുവും വക്കം മൗലവിയും അടുത്തിടപഴകുകയും ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുമായിരുന്നു. മൗലവി ദീപികയില്‍ അന്ന്‌ നമ്പൂതിരി യുവാക്കള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പുകഴ്‌ത്തിയെഴുതിയിരുന്നു. അതേ സമയത്ത്‌ നമ്പൂതിരിമാരോ ഈഴവരോ ഒന്നുമില്ലാത്ത ഇസ്‌ലാമിക ലോകത്ത്‌ നിന്നുള്ള അറിവും ഇങ്ങോട്ട്‌ കൊണ്ടുവരുന്നുണ്ട്‌.

കേരളീയ മുസ്‌ലിം സമൂഹത്തോട്‌ പ്രത്യേകിച്ചെന്തെങ്കിലും

ഇസ്‌ലാം മുസ്‌ലിംകളുടെ മാത്രമല്ല, പൊതുവില്‍ കേരളീയരുടെ തന്നെ സ്വത്വം നിര്‍ണയിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടെന്നത്‌ ഊന്നേണ്ടുന്ന കാര്യമാണ്‌. ഏതെങ്കിലും തരത്തില്‍ എന്നെപ്പോലുള്ളവരിലൊക്കെ കുറച്ച്‌ ഇസ്‌ലാമിക സംസ്‌കാരമുണ്ട്‌. ഇസ്‌ലാമിക ലോകത്ത്‌ നടക്കുന്ന മാറ്റങ്ങളെ വിമര്‍ശനാത്മകമായി മനസ്സിലാക്കുക, മറ്റു മതസ്ഥരുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുക, ആ അടുപ്പങ്ങള്‍ക്ക്‌ വിഘാതമായി വരുന്ന ഏത്‌ നീക്കങ്ങളെയും ധൈര്യമായി എതിര്‍ക്കുക അങ്ങനെ കുറേ കാര്യങ്ങളാണ്‌ പറയാനുള്ളത്‌.

(2010 മാര്‍ച്ച് 26ന് ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നത്)

1 comment:

  1. കെ ഫൈസല്‍ പാറന്നൂര്‍April 3, 2010 at 11:07 AM

    മുസ്‌ലിം സമൂഹത്തിന്റെ ആകമാന നവോത്ഥാനത്തിന്റെ ഉദാഹരണം കേരളം മാത്രമാണ്‌. വിദ്യാഭ്യാസമാണ്‌ ഇത്തരമൊരു നേട്ടത്തിന്‌ മുസ്‌ലിംകളെ അര്‍ഹരാക്കിയത്‌. വിദ്യാഭ്യാസത്തിന്‌ വേണ്ട സാമ്പത്തിക സാഹചര്യങ്ങളും സാമൂഹ്യസാഹചര്യങ്ങളും നേടിക്കൊടുക്കുന്നതില്‍ ഇവിടത്തെ പൂര്‍വഗാമികള്‍ക്ക്‌ വലിയ പങ്കുണ്ട്‌. അരികില്‍ നോക്കിനില്‍ക്കപ്പെടാന്‍ മാത്രം വിധിക്കപ്പെടേണ്ടിയിരുന്ന സമുദായത്തെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ മാത്രം പക്വതനേടിക്കൊടുത്തത്‌ ഇവിടെ വളര്‍ന്നുവന്ന നവോത്ഥാനമായിരുന്നു. ഇതിനെ വിലയിരുത്തുന്ന ചിന്തകളാണ് ഈ അഭിമുഖം.

    കേരള മുസ്‌ലിം നവോത്ഥാനങ്ങള്‍ക്ക്‌ ഊര്‍ജമേകുന്നതില്‍ വൈദേശിക ചിന്തകളും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. യൂറോപ്പിന്റെ വൈജ്ഞാനിക മണ്ഡലങ്ങളിലും തങ്ങളുടേതായ സാന്നിധ്യം അടയാളപ്പെടുത്താന്‍ പൂര്‍വകാല മുസ്‌ലിം പണ്ഡിതന്മാര്‍ക്ക്‌ കഴിഞ്ഞു. എന്നാല്‍ കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ നീരൊഴുക്ക്‌ പുരുഷ സാമ്രാജ്യത്വത്തില്‍ മാത്രം ചുറ്റിത്തിരിയാന്‍ തുടങ്ങിയത്‌ ഒരു സത്യമാണ്‌. വേണ്ടത്ര നവോത്ഥാന ചിന്തകള്‍ ഏറ്റെടുക്കാന്‍ മാത്രം വൈജ്ഞാനികമായ ഊര്‍ജം സ്വീകരിക്കുന്നതില്‍ മുസ്‌ലിം സ്‌ത്രീകള്‍ പരാജയപ്പെട്ടു. അല്ലെങ്കില്‍ അതിനുവേണ്ട അവസരങ്ങള്‍ മുസ്‌ലിം സ്‌ത്രീ സമൂഹത്തിന്‌ മേല്‍ ഹറാമാക്കപ്പെട്ടുവെന്ന്‌ പറയുന്നതാവും ശരി. അതുകൊണ്ട്‌ തന്നെ ഇന്നും മുസ്‌ലിം സമൂഹത്തിന്റെ പ്രതിനിധീകരണം ആണ്‍കോയ്‌മയിലാണ്‌. അതുകൊണ്ടായിരുന്നു മുസ്‌ലിം സ്‌ത്രീകള്‍ക്ക്‌ പള്ളിയില്‍ വെച്ചുള്ള ആരാധനകള്‍ക്ക്‌ വിലക്ക്‌ നിശ്ചയിക്കപ്പെട്ടത്‌. രാഷ്‌ട്രീയരംഗത്തും അവരുടെ സാന്നിധ്യം ദുശ്ശകുനമായി കണ്ടതുകൊണ്ട്‌ മുസ്‌ലിം സ്‌ത്രീകള്‍ അധികാരത്തില്‍ നിന്നും അന്യവത്‌കരിക്കപ്പെട്ടു. ഇതൊരു പരാജയമായി ഉള്‍ക്കൊള്ളാനും വിനയം കാണിക്കാനും പുരുഷകേന്ദ്രീകൃതമനസ്സ്‌ തയ്യാറാവുമ്പോള്‍ മാത്രമാണ്‌ നവോത്ഥാനം അര്‍ഥപൂര്‍ണവും വസ്‌തുനിഷ്‌ഠവുമായിത്തീരുന്നത്‌.

    മുസ്‌ലിം സ്വത്വത്തിന്‌ നേരെ ഉയരുന്ന വെല്ലുവിളികള്‍ വിലയിരുത്തപ്പെടാതെ പോവരുത്‌. ഒരു സമൂഹത്തെ ടാര്‍ഗറ്റ്‌ ചെയ്‌തുകൊണ്ട്‌ അവരെ അപരവത്‌കരിക്കാന്‍ ശ്രമിക്കുന്നത്‌ രാജ്യപുരോഗതിയെത്തന്നെയാണ്‌ നഷ്‌ടത്തിലാക്കുന്നത്‌. ആഭ്യന്തരമായ ആകുലതകളെ താലോലിച്ചുകൊണ്ട്‌ ഒരു രാഷ്‌ട്രവും പൂര്‍ണവളര്‍ച്ചയിലെത്തുകയില്ല. അതുകൊണ്ടുതന്നെ അവരവരുടെ സ്വത്വത്തെ നിലനിര്‍ത്തി മുന്നോട്ടുപോവാനുള്ള അവസരങ്ങള്‍ എല്ലാ മതങ്ങള്‍ക്കും വകവെച്ചുകൊടുക്കപ്പെടണം.

    ReplyDelete