Pages

Search This Blog

Saturday, March 27, 2010

മുസ്‌ലിം നവോത്ഥാനം: കേരളത്തിന്‍റെ പാഠം


പ്രൊഫ. എ കെ രാമകൃഷ്‌ണന്‍/കെ ടി അന്‍വര്‍സാദത്ത്‌


മുസ്‌ലിംകള്‍ ഇന്നനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്‌?

മുസ്‌ലിംകളുടെ പ്രശ്‌നങ്ങളെന്ന്‌ പറയുന്നത്‌ പല സമൂഹങ്ങളിലും മുസ്‌ലിംകളുടെ മാത്രം പ്രശ്‌നങ്ങളല്ല. അവയൊക്കെ സമൂഹത്തിന്‍റെ പൊതുവായിട്ടുള്ള പ്രശ്‌നങ്ങള്‍ കൂടിയാണ്‌. എന്നാല്‍ മുസ്‌ലിംകള്‍ ആയതുകൊണ്ട്‌ മാത്രം അനുഭവിക്കുന്ന പ്രശ്‌നങ്ങളുമുണ്ട്‌. രാഷ്‌ട്രീയം, തൊഴില്‍ രംഗം, സ്ഥാപനങ്ങള്‍ എന്നിവയിലെ മുസ്‌ലിംകളുടെ പങ്കാളിത്തത്തിലുള്ള വലിയ വിടവ്‌ ഒരു പ്രധാന പ്രശ്‌നമാണ്‌. സമൂഹത്തിലെ അധീശശക്‌തികള്‍ മുസ്‌ലിംകള്‍ക്ക്‌ കല്‍പിച്ചുകൊടുക്കുന്ന അപരത്വമാണ്‌ മറ്റൊരു പ്രശ്‌നം. കോളെജുകളില്‍ പഠിക്കുന്ന മുസ്‌ലിം ആണ്‍കുട്ടികള്‍ മറ്റു മതസ്ഥരായ പെണ്‍കുട്ടികളോട്‌ സംസാരിക്കുന്നത്‌ പോലും കുറ്റകരമായി മാറിക്കൊണ്ടിരിക്കുകയാണ്‌. അത്‌ ഭീഷണമായ സംഗതിയാണ്‌. ഏറ്റവും നീചമായ ചിത്രീകരണവുമാണ്‌. കാരണം ഇത്‌ കുറ്റപ്പെടുത്തുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വ്യക്തിത്വം നഷ്‌ടപ്പെടുത്തുകയാണ്‌. തീരുമാനമെടുക്കാനുള്ള അവരുടെ കെല്‍പിനെ അത്‌ ചോദ്യം ചെയ്യുകയാണ്‌. അന്യത്വവല്‌കരണത്തിന്‍റെ സാമൂഹികമായ ചില പ്രതിരൂപങ്ങളാണ്‌ ഇവയൊക്കെ. ഭീകരവാദിയെന്ന്‌ പറഞ്ഞ്‌ ഭരണകൂടങ്ങളും അവരെ കൈകാര്യം ചെയ്യുകയാണ്‌. മുസ്‌ലിം സമൂഹത്തിനകത്ത്‌ നിന്ന്‌ മാത്രമല്ല പുറത്തുള്ളവരും ഇതില്‍ പ്രതികരിക്കേണ്ടതുണ്ട്‌. അതിനുവേണ്ടിയുള്ള വിപുലമായ വേദികള്‍ രൂപീകരിക്കേണ്ടതുണ്ട്‌.

മുഖ്യധാരാ മാധ്യമങ്ങള്‍ പോലും പക്ഷം ചേര്‍ന്ന്‌ ഇത്തരം ആക്രമണങ്ങളെ പിന്തുണക്കുന്നതായി കാണുന്നു.


തീര്‍ച്ചയായുമുണ്ട്‌. ആഗോളതലത്തില്‍ അമേരിക്കയില്‍ ബുഷിന്‍റെ ഭരണം അവസാനിച്ച്‌ ഒബാമ വന്നതോടുകൂടി ഇസ്‌ലാമിക ലോകത്തോടുള്ള വീക്ഷണത്തിന്‌ കുറച്ച്‌ മാറ്റം കണ്ടിരുന്നു. മുസ്‌ലിം രാഷ്‌ട്രങ്ങളോടുള്ള അമേരിക്കന്‍ ആക്രമണ നയങ്ങളിലല്ല, അവയോടുള്ള മനോഭാവങ്ങളിലാണ്‌ ചില മാറ്റങ്ങള്‍ കാണാന്‍ സാധിച്ചത്‌. ഇത്തരം ഒരു സാഹചര്യത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ഇങ്ങനെ ഇസ്‌ലാം വിരുദ്ധത കൊട്ടിഘോഷിക്കുന്നത്‌ സാമൂഹ്യമായ വലിയ വിടവുകള്‍ സൃഷ്‌ടിക്കാനേ ഉതകുകയുള്ളൂ. നമ്മുടെ മാധ്യമങ്ങള്‍, ഇലക്‌ട്രോണിക്‌ മാധ്യമങ്ങളും പ്രിന്‍റ് മീഡിയയും ഈ വേട്ടയാടലില്‍ ഒരുപോലെ മത്സരിച്ചതായി കാണാം. തീവ്രവാദത്തെയും മുസ്‌ലിം സമുദായത്തെയും തുലനം ചെയ്യുന്ന ഈ കുല്‍സിത പരിശ്രമത്തെ നേരിടാന്‍ ഇസ്‌ലാമിക സമൂഹത്തിന്‍റെ ഭാഗത്ത്‌ നിന്ന്‌ മാത്രമുള്ള നീക്കങ്ങള്‍ പോര. സാമൂഹികമായ മുന്നേറ്റങ്ങള്‍ അത്യാവശ്യമാണ്‌. ഇത്തരം പ്രശ്‌നങ്ങള്‍ ദീര്‍ഘകാലത്തേക്കുണ്ടാക്കുന്ന സാമൂഹികമായ പ്രത്യാഘാതങ്ങള്‍ അല്ലെങ്കില്‍ വിടവുകള്‍ നാം തിരിച്ചറിയേണ്ടതുണ്ട്‌. ആധിപത്യപരമായ പ്രത്യയശാസ്‌ത്ര മനോഭാവങ്ങള്‍ ഇതിന്‍റെയൊക്കെ പിന്നിലുണ്ട്‌. വ്യത്യസ്‌ത ജനവിഭാഗങ്ങളുള്ള സിവില്‍ സമൂഹം തന്നെ അതിന്‍റെ നേര്‍ക്കുള്ള അതിക്രമമായി തിരിച്ചറിഞ്ഞ്‌ ഇതിനെ സാമൂഹികമായി ചെറുക്കണം.

ഈ പ്രശ്‌നങ്ങളെ തിരിച്ചറിയുന്നതിലും അതിനെ മറികടക്കുന്നതിലും ക്രിയാത്മകമായി പ്രതിരോധിക്കുന്നതിലും മുസ്‌ലിം സമൂഹം പരാജയപ്പെടുന്നുണ്ടോ?

പലപ്പോഴും പ്രതിരോധത്തിലാകുന്നുണ്ട്‌. അതില്‍ അവരെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ല. അവരെ പ്രതിരോധത്തിലാക്കുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നതാണ്‌ സത്യം. പക്ഷേ, എല്ലാ കാലത്തും അങ്ങനെയൊരു പ്രതിരോധാവസ്ഥയില്‍ കഴിയാന്‍ സാധിക്കുകയില്ല. കൂടുതല്‍ സാമൂഹികമായ ഇടപെടലുകള്‍ നടത്തുക, അതിനായി വാതിലുകള്‍ തുറന്നിടുക എന്നിവയൊക്കെ അനിവാര്യമാണ്‌.

ഇന്ത്യന്‍ മുസ്‌ലിംകളെ എങ്ങനെയാണ്‌ നോക്കികാണുന്നത്‌. അവരുടെ സാമൂഹ്യ, രാഷ്‌ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങള്‍. ബാഹ്യവും ആഭ്യന്തരവുമായ വെല്ലുവിളികള്‍, നേതൃത്വം?

ഹിന്ദുത്വവാദം പ്രധാനമായും ടാര്‍ഗറ്റ്‌ ചെയ്യുന്നത്‌ മുസ്‌ലിംകളെയാണ്‌. മുസ്‌ലിംകളെയാണ്‌ അത്‌ കൂടുതലായും ബാധിച്ചതെങ്കിലും ആ പ്രത്യയശാസ്‌ത്രവും അതിന്‍റെ ഫാസിസ്റ്റ്‌ ചെയ്‌തികളും ഇന്ത്യന്‍ സമൂഹത്തില്‍ മൊത്തത്തില്‍ വളരെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യക്കാര്‍ ഒന്നിച്ച്‌ നിന്ന്‌ ജനാധിപത്യരീതിയില്‍ ഇതിനെ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. അത്‌ തുടരുന്നുമുണ്ട്‌. സമൂഹത്തിന്റെ മുന്നോട്ടുപോക്കിന്‌ അത്‌ വളരെ അത്യാവശ്യമാണ്‌.
സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നാക്കമാണ്‌ ഇന്ത്യന്‍ മുസ്‌ലിംകള്‍. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ഇത്‌ വരച്ചുകാണിക്കുന്നുണ്ട്‌. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഒരു മേഖലയിലും മുസ്‌ലിംകള്‍ക്ക്‌ കിട്ടിയിട്ടില്ലെന്നത്‌ യാഥാര്‍ഥ്യമാണ്‌. വ്യത്യസ്‌ത ജനവിഭാഗങ്ങള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമ്പോള്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ കാമ്പുള്ളതും അര്‍ത്ഥവത്തും ആയി മാറുകയുള്ളൂ. അല്ലെങ്കില്‍ നമ്മുടെ ജനാധിപത്യം വെറും ഔപചാരിക തലത്തില്‍ മാത്രം നിലകൊള്ളും. വിദ്യാഭ്യാസ, സാമൂഹ്യ, തൊഴില്‍ സ്ഥാപനങ്ങളില്‍ ഇങ്ങനെയുള്ള പ്രാതിനിധ്യം ലഭ്യമാകുമ്പോഴേ ജനാധിപത്യത്തിന്‌ സാംഗത്യമുണ്ടാകുന്നുള്ളൂ. പ്രാതിനിധ്യം നല്‍കല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ വിപുലീകരണം സാധ്യമാക്കുന്ന നിര്‍ണായക പ്രക്രിയ കൂടിയാണ്‌. പ്രാതിനിധ്യവും പങ്കാളിത്വവും മുസ്‌ലിം പുരുഷന്‍മാര്‍ക്ക്‌ മാത്രമല്ല, സ്‌ത്രീകള്‍ക്ക്‌ കൂടി ലഭിക്കേണ്ടതുണ്ട്‌. നിരന്തരമായ സമരങ്ങളും സമ്മര്‍ദ്ദങ്ങളും ഇതിന്‌ ആവശ്യമാണ്‌.

പലപ്പോഴും മുസ്‌ലിം സമൂഹത്തിന്റെ പ്രതിനിധീകരണം ആണ്‍കോയ്‌മയില്‍ അധിഷ്‌ഠിതമാണ്‌. രാഷ്‌ട്രീയത്തില്‍ മാത്രമല്ല സാമൂഹ്യരംഗത്തും ഇത്‌ കേരളീയ സമൂഹത്തില്‍ വളരെ വ്യക്‌തമായി കാണാന്‍ സാധിക്കും. അതുകൊണ്ടാണല്ലോ സ്‌ത്രീകള്‍ പള്ളിയില്‍ പോകുന്നതിനെ ഇന്നും ഒരുവിഭാഗം ശക്തിയായി വിമര്‍ശിക്കുന്നത്‌. സ്‌ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ അനിസ്‌ലാമികമായാണ്‌ അവര്‍ നോക്കിക്കാണുന്നത്‌ എന്നതാണ്‌ അത്ഭുതം. പ്രവാചക പത്‌നിമാരും ഉറ്റബന്ധക്കളും അനുനുയായികളായ സ്‌ത്രീകളും സാമൂഹികമായ വിവിധ രംഗങ്ങളില്‍ ഇടപെട്ടിരുന്നു. സൈനിക, രാഷ്‌ട്രീയ, ധൈഷണിക മേഖലകളിലും അവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇത്‌ മുസ്‌ലിം നേതൃത്വം അവഗണിക്കരുത്‌. സ്‌ത്രീകള്‍ക്ക്‌ ഇസ്‌ലാം അംഗീകരിച്ച സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌. ആണ്‍കോയ്‌മാ വിമര്‍ശനം ഉള്‍ചേരുന്നതു കൂടിയായിരിക്കണം നമ്മള്‍ പറഞ്ഞുവരുന്ന ഈ പുതിയ ഇജ്‌തിഹാദ്‌.

വീടിന്‍റെ ചുമതലകളും കുട്ടികളുടെ വിദ്യാഭ്യാസവും സ്വന്തം ചുമലില്‍ ഏറ്റെടുക്കേണ്ട സാമൂഹ്യ സാഹചര്യം ഇന്ന്‌ കേരളീയ മുസ്‌ലിം സ്‌ത്രീക്കുണ്ട്‌. വിദ്യാഭ്യാസ കാര്യത്തിലും പരമ്പരാഗതമായി നിലനിന്ന പിന്നാക്കാവസ്ഥയെ മറികടക്കുന്നതിന്‌ അവര്‍ കാര്യമായി പ്രയത്‌നിക്കുന്നുമുണ്ട്‌. എന്നാല്‍ നിര്‍ണായക അധികാര മണ്‌ഡലങ്ങളില്‍ എത്തിച്ചേരുന്നതിന്‌ സമൂഹത്തിലെ ആണ്‍കോയ്‌മാ വീക്ഷണം അവര്‍ക്ക്‌ തടസ്സമാവുന്നു.

ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ഒരു പ്രധാന പ്രശ്‌നമാണ്‌ അവര്‍ക്കിടയില്‍ പല പ്രദേശങ്ങളിലും നിലനില്‍ക്കുന്ന ജാതീയത. ദളിത്‌ മുസ്‌ലിംകള്‍ അനുഭവിക്കുന്ന അകറ്റിനിര്‍ത്തലുകള്‍ പഠനങ്ങളിലൂടെ മാത്രമല്ല സമ്പര്‍ക്കങ്ങളിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. കേരളീയ സമൂഹത്തിലും കുറച്ചൊക്കെ അതുണ്ടെന്നാണ്‌ എന്‍റെ അഭിപ്രായം. ആഭ്യന്തരമായ വലിയയൊരു വെല്ലുവിളിയാണിത്‌.

കേരള മുസ്‌ലിംകളുടെ നിലവിലെ സാഹചര്യം സൃഷ്‌ടിച്ച പ്രേരണാശക്തികള്‍ എന്തൊക്കെയാണ്‌?

വ്യത്യസ്‌ത ഘട്ടങ്ങളിലെ വിഭിന്ന ധാരകളിലൂടെ വളര്‍ന്നുവന്ന ഒന്നാണത്‌. കേരളത്തില്‍ അനേക സംസ്‌കൃതികളുടെ അടുക്കുകള്‍ നമുക്ക്‌ കാണാന്‍ സാധിക്കും. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ ഇതില്ലായെന്ന്‌ പറയാന്‍ സാധിക്കുകയില്ല. ഇസ്‌ലാം വരുന്നതിന്‌ മുമ്പ്‌ തന്നെ അറബികളുമായി കേരളീയര്‍ക്ക്‌ അടുപ്പമുണ്ടായിരുന്നു. ഇസ്‌ലാമിന്‌ ശേഷം കൂടുതല്‍ വിപുലമായ കൊടുക്കല്‍ വാങ്ങലുകള്‍ ഇവിടെ നടന്നിട്ടുണ്ട്‌. കേരളീയ സമൂഹത്തിന്‍റെ വൈവിധ്യപൂര്‍ണമായ വിപുലതയ്‌ക്കും സാമ്പത്തികവും സാംസ്‌കാരികവുമായ സമ്പന്നതയ്‌ക്കും അത്‌ കനത്ത സംഭാവന നല്‍കിയിട്ടുണ്ട്‌.

ഹിന്ദുക്കള്‍ വിഷുവിന്‌ കണികാണുമ്പോള്‍ ബര്‍ക്കത്ത്‌ ഉണ്ടാകട്ടെയെന്നാണ്‌ എന്‍റെ നാട്ടിലൊക്കെ പറയുന്നത്‌. ഏറ്റവും പ്രധാനപ്പെട്ട ഒരാധ്യാത്മിക സന്ദര്‍ഭത്തിലും ബര്‍ക്കത്ത്‌ എന്ന അറബി വാക്കാണ്‌ ഹിന്ദു സമൂഹം ഉപയോഗിക്കുന്നത്‌. അനുഗ്രഹത്തെയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്ന ഒരു വാക്ക്‌ മാത്രമായല്ല ഒരു സംസ്‌കാരത്തെയാണ്‌ നാം സര്‍വാത്‌മനാ സ്വീകരിക്കുന്നത്‌. അതുകൊണ്ടാണ്‌ മലയാളി എന്ന നിലയില്‍ നമ്മുടെ സ്വത്വത്തെ ഇസ്‌ലാമിക ലോകം സ്വാധീനിച്ചിട്ടുണ്ട്‌ എന്ന്‌ ഞാന്‍ പറയുന്നത്‌. സാംസ്‌കാരികവും ചരിത്രപരവും സമകാലികവുമായ വൈവിധ്യങ്ങളിലൂടെയാണ്‌ നിലവിലുള്ള ബന്ധങ്ങള്‍ രൂപപ്പെടുന്നത്‌. അതിനെ ഏകമാനരൂപത്തിലേക്ക്‌ കൊണ്ടുപോകരുതെന്നാണ്‌ എന്‍റെ അഭിപ്രായം.

കേരളീയ പൊതുസമൂഹത്തിന്‌ ഇസ്‌ലാമിക സംസ്‌കാരം നല്‍കിയിട്ടുള്ള സംഭാവനകളെ കുറിച്ച്‌ പലവിധത്തിലുള്ള പഠനങ്ങളും നടന്നിട്ടുണ്ട്‌. അത്‌ ജനങ്ങളിലേക്ക്‌ എത്രത്തോളമെത്തിയിട്ടുണ്ടെന്നത്‌ മറ്റൊരു കാര്യം. പക്ഷേ, അതവരുടെ ജീവിതപ്രക്രിയകളില്‍ അലിഞ്ഞ്‌ ചേര്‍ന്നിട്ടുണ്ട്‌; അവ ഇന്ന്‌ തിരിച്ചറിയപ്പെടുന്നില്ലെങ്കിലും. അങ്ങനെ വരുമ്പോള്‍ ഇന്ന്‌ മാധ്യമങ്ങള്‍ നടത്തുന്ന വേട്ടയാടലുകളെ സാമൂഹികമായി നേരിടാന്‍ വൈവിധ്യപൂര്‍ണവും സമ്പന്നവുമായ നമ്മുടെ കൊള്ളകൊടുക്കലുകളെ ആയുധമാക്കേണ്ടതുണ്ട്‌.

കേരള മുസ്‌ലിംകളില്‍ നടന്നിട്ടുള്ള നവോത്ഥാനത്തെ എങ്ങനെയാണ്‌ വിലയിരുത്തുന്നത്‌?

വക്കം മൗലവി, മക്തി തങ്ങള്‍ തുടങ്ങിയവര്‍ വ്യത്യസ്‌ത രീതിയില്‍ നേതൃത്വം കൊടുത്ത ആധുനിക സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങള്‍ പ്രധാനമാണ്‌. മുസ്‌ലിം നവോത്ഥാനനായകന്‍ എന്ന്‌ സാധാരണ വിളിക്കുന്ന മുഹമ്മദ്‌ അബ്‌ദുവില്‍ നിന്ന്‌ ഊര്‍ജം സ്വീകരിച്ച്‌ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ വക്കം മൗലവിയെ പോലുള്ളവര്‍ക്ക്‌ സാധിച്ചിരുന്നു. അന്നവര്‍ നടത്തിയ ഇടപെടലുകള്‍ പ്രസക്‌തമായിരുന്നു. എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞ പോലെ സമകാലിക അറിവും ലോകപരിചയവുമായി ബന്ധപ്പെടുത്തി ഇസ്‌ലാമിനെ മനസ്സിലാക്കുന്ന രീതിയുടെ അഭാവം ഇന്ന്‌ വലിയ തോതില്‍ കേരള മുസ്‌ലിം സമൂഹത്തില്‍ പ്രതിഫലിക്കുന്നുണ്ട്‌. ഏകമാന ഇസ്‌ലാമെന്ന്‌ ഞാന്‍ പറഞ്ഞ ഇസ്‌ലാമിസത്തിന്‌ ഇന്ന്‌ ആധിപത്യം കിട്ടിവരികയാണ്‌. സമകാലിക മാറ്റത്തിന്‌ ഉതകുന്ന പുതിയ ഇടപെടലുകളും വ്യാഖ്യാനങ്ങളുമൊക്കെയാണ്‌, അല്ലെങ്കില്‍ ഒരു പുതിയ ഇജ്‌തിഹാദ്‌ തന്നെയാണ്‌ പുതിയ സാഹചര്യത്തില്‍ ഉണ്ടാകേണ്ടത്‌.

വക്കം മൗലവിയുടെ ദീപികയിലാണ്‌ `സ്‌ത്രീസ്വാതന്ത്ര്യവാദം' എന്ന വാക്ക്‌ ഞാന്‍ ആദ്യമായി കാണുന്നത്‌. പലര്‍ക്കും ഇത്‌ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഫെമിനിസം അഥവാ സ്‌ത്രീസ്വാതന്ത്ര്യവാദം ഇസ്‌ലാമിക ലോകത്തിന്‌ അന്യമല്ല. ദീപികയില്‍ പകുതി ശാസ്‌ത്രവിഷയങ്ങളായിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും അഫ്‌ഗാനിയെയും അബ്‌ദുവിനെയും മറ്റനേകം ചിന്തകരെ കുറിച്ചുള്ള ലേഖനങ്ങളും അതില്‍ ഉള്‍ചേര്‍ത്തിരുന്നു. എന്നാല്‍ വ്യത്യസ്‌തതകളെ ഉള്‍ക്കൊള്ളാനോ അവയെ പഠന വിധേയമാക്കാനോ ഇന്നുള്ളവര്‍ മടികാണിക്കുന്നു.

നവോത്ഥാനത്തിന്‌ തുടര്‍ച്ച ഉണ്ടായിട്ടില്ലെന്നാണോ?

തുടര്‍ച്ച ഉണ്ടായിട്ടില്ലെന്നത്‌ സത്യമാണ്‌. അതേസമയം, സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളെ അതിന്‍റെ സാഹചര്യത്തില്‍ നിന്ന്‌ പൂര്‍ണമായും അടര്‍ത്തി മാറ്റി കാണേണ്ടതില്ല. അത്‌ ആ കാലവുമായി ബന്ധപ്പെട്ടതാണ്‌.

കേരള മുസ്‌ലിം നവോത്ഥാനത്തിന്‍റെ പ്രേരണകള്‍ എന്തൊക്കെയായിരുന്നു?

അതിന്‌ മൂന്ന്‌ തലങ്ങള്‍ ഉണ്ട്‌. കേരളീയ മുസ്‌ലിം സമൂഹത്തിന്‍റെ അവസ്ഥയാണ്‌ ഒന്നാമത്തേത്‌. രണ്ടാമത്തേത്‌ കേരളീയ പൊതുസമൂഹവും അതിലെ പുതിയ പോരാട്ടങ്ങളും. മൂന്നാമത്തേത്‌ ആഗോള മുസ്‌ലിം സമൂഹത്തില്‍ നിന്ന്‌ പുറപ്പെട്ട ശക്‌തമായ മാറ്റത്തിന്‍റെ സ്വരങ്ങള്‍. സ്വസമുദായത്തിലെ മുരടിപ്പുകളെ ആധുനികമായ ഉള്‍കാഴ്‌ചയോടെ മറികടക്കാനുള്ള അഭിവാഞ്‌ഛ ഒട്ടേറെ മുസ്‌ലിം ബുദ്ധിജീവികള്‍ക്കുണ്ടായിരുന്നു. കേരള മുസ്‌ലിംകള്‍ക്കിടയിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്‌ മറ്റു സമൂഹങ്ങള്‍ക്കിടയില്‍ മാറ്റത്തിന്‍റെ ചലനങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ്‌. അതാണ്‌ അതിലെ കേരളീയ സാഹചര്യം. ഇതേ സമയത്ത്‌ തന്നെ ഇസ്‌ലാമിക ലോകത്ത്‌ ജമാലുദ്ദീന്‍ അഫ്‌ഗാനിയുടെയും മുഹമ്മദ്‌ അബ്‌ദുവിന്‍റെയും ആശയങ്ങള്‍ക്ക്‌ സ്വാധീനം ലഭിച്ചുകൊണ്ടിരിക്കുന്ന സമയവുമാണ്‌. ഈ വ്യത്യസ്‌ത ധാരകളും പ്രവണതകളും തമ്മിലുള്ള ഇഴചേരലാണ്‌ കേരള മുസ്‌ലിംകള്‍ക്കിടയിലെ പരിഷ്‌കരണങ്ങള്‍ക്ക്‌ ഭൂമികയായത്‌.

നവോത്ഥാനം കൊണ്ടുവന്ന ആധുനികത ഇസ്‌ലാമികമായ സത്തയില്ലാത്ത, കൊളോണിയല്‍ മൂല്യങ്ങള്‍ നിറഞ്ഞതായിരുന്നു എന്ന വാദമുണ്ട്‌. മുഹമ്മദ്‌ അബ്‌ദു യൂറോപ്യനല്ലല്ലോ. അദ്ദേഹത്തിന്‍റെ ജ്ഞാനമണ്ഡലം യൂറോപ്പല്ല. അദ്ദേഹം ഈജിപ്‌തിലെ മുഫ്‌തിയായിരുന്നു. പക്ഷേ, അന്ന്‌ യൂറോപ്പില്‍ ഉത്ഭവിച്ചിട്ടുണ്ടായിരുന്ന ആധുനികമായ അറിവിനോട്‌ വിമുഖത പുലര്‍ത്തിയയാളുമായിരുന്നില്ല അദ്ദേഹം. ചൈനയില്‍ പോയിട്ടെങ്കിലും അറിവ്‌ നേടണമെന്നത്‌ ഇസ്‌ലാമിക വീക്ഷണമാണ്‌. അപ്പോള്‍ അറിവില്‍ കൊളോണിയല്‍ എന്ന വേര്‍തിരിവ്‌ കൊണ്ടുവരേണ്ടതില്ല.

ഇനി അങ്ങനെയുള്ള കൊളോണിയല്‍ അംശം അറിവില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അതിനെ വിമര്‍ശനാത്മകമായി പഠിക്കാവുന്നതേയുള്ളൂ. ജ്ഞാനമണ്‌ഡലത്തെ ആകമാനം കൊളോണിയല്‍ എന്നാക്ഷേപിക്കുന്നത്‌ മൂഢത്വമാണ്‌. അതുകൊണ്ട്‌ നമുക്കിടയില്‍ നടന്നിട്ടുള്ള പരിഷ്‌കരണം പാശ്ചാത്യമാണെന്ന്‌ പറയുന്നതില്‍ അര്‍ഥമില്ല. അങ്ങനെയാണെങ്കില്‍ നമ്മുടെ ദേശീയവാദങ്ങളും പാശ്ചാത്യമാണെന്ന്‌ പറയേണ്ടിവരും. അറിവിനെ പാശ്ചാത്യ/പൗരസ്‌ത്യ വല്‍ക്കരിക്കുന്നതില്‍ അര്‍ഥമില്ല. ഇതിനര്‍ഥം കൊളോണിയല്‍ ജ്ഞാനപ്രക്രിയകളുടെ വിമര്‍ശനം വേണ്ടെന്നല്ല. അതും അത്യാവശ്യമാണ്‌. എന്‍റെ തന്നെ അകാദമിക പ്രബന്ധങ്ങളില്‍ പലതും അധീശ ജ്ഞാന വ്യവസ്ഥയുടെ വിമര്‍ശനങ്ങളാണ്‌. എന്നാല്‍ അവ ജ്ഞാനത്തെ തന്നെ തള്ളിക്കളയാന്‍ ഒരുവിധത്തിലും ആവശ്യപ്പെടുന്നില്ല.

കേരള മുസ്‌ലിം നവോത്ഥാനവും ഇതര സമൂഹങ്ങളിലുണ്ടായ- ഈഴവ, നായര്‍, നമ്പൂതിരി- നവോത്ഥാന മുന്നേറ്റങ്ങളും പരസ്‌പര പൂരകങ്ങളായിരുന്നോ?

അതെ. ഇവ തമ്മില്‍ പലതലങ്ങളിലുള്ള ബന്ധങ്ങളുണ്ടായിരുന്നു. നാരായണ ഗുരുവും വക്കം മൗലവിയും അടുത്തിടപഴകുകയും ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുമായിരുന്നു. മൗലവി ദീപികയില്‍ അന്ന്‌ നമ്പൂതിരി യുവാക്കള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പുകഴ്‌ത്തിയെഴുതിയിരുന്നു. അതേ സമയത്ത്‌ നമ്പൂതിരിമാരോ ഈഴവരോ ഒന്നുമില്ലാത്ത ഇസ്‌ലാമിക ലോകത്ത്‌ നിന്നുള്ള അറിവും ഇങ്ങോട്ട്‌ കൊണ്ടുവരുന്നുണ്ട്‌.

കേരളീയ മുസ്‌ലിം സമൂഹത്തോട്‌ പ്രത്യേകിച്ചെന്തെങ്കിലും

ഇസ്‌ലാം മുസ്‌ലിംകളുടെ മാത്രമല്ല, പൊതുവില്‍ കേരളീയരുടെ തന്നെ സ്വത്വം നിര്‍ണയിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടെന്നത്‌ ഊന്നേണ്ടുന്ന കാര്യമാണ്‌. ഏതെങ്കിലും തരത്തില്‍ എന്നെപ്പോലുള്ളവരിലൊക്കെ കുറച്ച്‌ ഇസ്‌ലാമിക സംസ്‌കാരമുണ്ട്‌. ഇസ്‌ലാമിക ലോകത്ത്‌ നടക്കുന്ന മാറ്റങ്ങളെ വിമര്‍ശനാത്മകമായി മനസ്സിലാക്കുക, മറ്റു മതസ്ഥരുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുക, ആ അടുപ്പങ്ങള്‍ക്ക്‌ വിഘാതമായി വരുന്ന ഏത്‌ നീക്കങ്ങളെയും ധൈര്യമായി എതിര്‍ക്കുക അങ്ങനെ കുറേ കാര്യങ്ങളാണ്‌ പറയാനുള്ളത്‌.

(2010 മാര്‍ച്ച് 26ന് ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നത്)

Sunday, March 21, 2010

വര്‍ത്തമാനലോകത്തെ അഭിമുഖീകരിക്കുമ്പോള്‍


പ്രൊഫ. എ കെ രാമകൃഷ്‌ണന്‍ /കെ ടി അന്‍വര്‍സാദത്ത്‌

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ വെസ്റ്റേഷ്യന്‍ സ്റ്റഡീസില്‍ പ്രൊഫസറും മുസ്‌ലിം ലോകകാര്യങ്ങളില്‍ വിദഗ്‌ധനുമാണ്‌ പ്രൊഫ. എ കെ രാമകൃഷ്‌ണന്‍. തന്റെ ലോകാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിനെയും മുസ്‌ലിംലോകത്തെയും കേരളീയ നവോത്ഥാനത്തെയും കുറിച്ചുള്ള സ്വതന്ത്ര നിരീക്ഷണങ്ങള്‍ പങ്കുവെക്കുകയാണ്‌ ഈ അഭിമുഖത്തില്‍

കുടുംബപശ്ചാത്തലവും ആദ്യകാല വിദ്യാഭ്യാസവും വിവരിച്ചുകൊണ്ട്‌ തുടങ്ങാം

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലുള്ള അന്നൂര്‍ ഗ്രാമത്തിലാണ്‌ ഞാന്‍ ജനിച്ചത്‌. അച്ഛന്‍ കെ പി കുഞ്ഞിക്കണ്ണ പൊതുവാള്‍. അമ്മ ജയരത്‌നം. സംസ്‌കൃത പണ്ഡിതനായിരുന്ന അച്ഛന്‍ ആയുര്‍വേദ വൈദ്യന്‍ കൂടിയായിരുന്നു. നാല്‌ സഹോദരിമാരുണ്ട്‌. ഭാര്യ എലിസബത്ത്‌. ഫെമിനിസ്റ്റ്‌ ആക്‌ടിവിസ്റ്റാണ്‌. ദല്‍ഹി യൂനിവേഴ്‌സിറ്റിയിലാണ്‌ ഏകമകന്‍ കബീര്‍ പഠിക്കുന്നത്‌. അന്നൂര്‍ യു പി സ്‌കൂള്‍, പയ്യന്നൂര്‍ ഗവര്‍മെന്റ്‌ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക പഠനം. ശേഷം പയ്യന്നൂര്‍ കോളേജില്‍ നിന്ന്‌ ഫിസിക്‌സില്‍ ബിരുദം നേടി. പിന്നീട്‌ മൈസൂര്‍ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന്‌ മിഡില്‍ ഈസ്റ്റേണ്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം. എം എഫില്‍ ദല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌. എം എഫില്‍ പൂര്‍ത്തിയാക്കിയയുടനെ എം ജി യൂനിവേഴ്‌സിറ്റില്‍ അധ്യാപകനായി ചേര്‍ന്നു. അവിടെ ജോലി ചെയ്‌തു കൊണ്ടിരിക്കുന്നതിനിടയില്‍ പി എച്ച്‌ ഡി പൂര്‍ത്തീകരിക്കുകയും ചെയ്‌തു. അമേരിക്ക ഇറാനോട്‌ സ്വീകരിക്കുന്ന നിലപാടിനെ കുറിച്ചായിരുന്നു എന്റെ പഠനം.

ഫിസിക്‌സില്‍ നിന്ന്‌ മിഡില്‍ ഈസ്റ്റണ്‍ സ്റ്റഡീസില്‍ എത്തിയത്‌ വിചിത്രമായി തോന്നുന്നു!

ഡോ. കിസര്‍ അലി ഖാന്‍ എന്ന പ്രശസ്‌തനായ പേര്‍ഷ്യന്‍ പണ്ഡിതനുമായുള്ള സമ്പര്‍ക്കവും ദീര്‍ഘമായ സംഭാഷണങ്ങളുമാണ്‌ ഈ മാറ്റത്തിന്റെ കാരണം. കേംബ്രിഡ്‌ജ്‌ യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ഇദ്ദേഹം പ്രശസ്‌തനായ ഓറിയന്റലിസ്റ്റ്‌ റയ്‌നോള്‍ഡ്‌
നിക്കോള്‍സന്റെ ശിഷ്യനായിരുന്നു. ബിരുദ പഠനത്തിന്‌ ശേഷം മൈസൂരിലെ ബന്ധുവീട്ടില്‍ പോയ ഞാന്‍ വളരെ യാദൃച്ഛികമായാണ്‌ ഡോ. കിസര്‍ അലി ഖാനെ പരിചയപ്പെട്ടത്‌. തുടര്‍ന്ന്‌ വൈകുന്നേരങ്ങളിലുണ്ടായിരുന്ന ദീര്‍ഘസംഭാഷണങ്ങള്‍ എന്നെ ഈ വിഷയം പഠിക്കാന്‍ തല്‌പരനാക്കി കഴിഞ്ഞിരുന്നു. ഡിഗ്രി പരീക്ഷാഫലം വരുന്നതിന്‌ മുമ്പേ മാനസികമായി ഞാന്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നുവെന്ന്‌ പറയുന്നതാണ്‌ അഭികാമ്യം. അദ്ദേഹത്തിന്റെ ഈ വിഷയങ്ങളിലുള്ള അഗാധമായ അറിവ്‌ എന്നെ ഇങ്ങനെയൊരു തലത്തിലേക്ക്‌ എത്തിച്ചുവെന്ന്‌ പറയുന്നത്‌ കൂടിയായിരിക്കും ശരി. ജലാലുദ്ദീന്‍ റൂമിയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.

ചെറുപ്പകാലത്തും കോളേജ്‌ പഠനകാലത്തും മുസ്‌ലിം സുഹൃത്തുക്കളുമായുള്ള ബന്ധം

സ്വാഭാവികമായും വടക്കന്‍ മലബാറില്‍ നിന്നുള്ള ഒരാള്‍ക്ക്‌ ധാരാളം മുസ്‌ലിം സുഹൃത്തുക്കളുണ്ടായിരിക്കും. അത്‌ ജീവിതത്തിന്റെ ഭാഗമാണ്‌. മുസ്‌ലിം വീടുകളില്‍ പോകുക, അവര്‍ നമ്മുടെ വീടുകളില്‍ വരിക എന്നതൊക്കെ സാധാരണമായി നടക്കുന്നതാണ്‌. വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ധാരാളം മുസ്‌ലിം സുഹൃത്തുക്കള്‍ ഇപ്പോഴും എനിക്കുണ്ട്‌. വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ലഭിച്ചവരും എന്റെ വിദ്യാര്‍ഥികളുമായ, ആണ്‍ പെണ്‍ ഭേദമന്യേയുള്ള ഒരു വലിയ സുഹൃദ്‌ വലയം.

ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിം ലോകത്തെക്കുറിച്ചും വളരെ അവഗാഹമുള്ള ഒരാളാണ്‌ താങ്കള്‍. മുസ്‌ലിം സമൂഹത്തെക്കുറിച്ച്‌ പഠിക്കാനിടയായ സാഹചര്യം?

സുഹൃത്തുക്കളുമായുള്ള ബന്ധങ്ങള്‍ അല്ലെങ്കില്‍ വിപുലമായ സുഹൃദ്‌ വലയം എനിക്ക്‌ ഇസ്‌ലാമിനെ കുറിച്ച്‌ കൂടുതലായി മനസ്സിലാക്കാന്‍ സഹായിച്ചിട്ടില്ലായെന്നതാണ്‌ വസ്‌തുത. പക്ഷേ, സാംസ്‌കാരികമായ വിവിധ രീതികള്‍ അറിയാന്‍ അത്തരം ബന്ധങ്ങള്‍ സഹായകമായിട്ടുണ്ട്‌. മൈസൂര്‍ യൂനിവേഴ്‌സിറ്റിയിലെ പഠനകാലത്താണ്‌ ഇസ്‌ലാമിനെ ഗഹനമായി പഠിക്കുന്നത്‌. മിഡില്‍ ഈസ്റ്റിനെ കുറിച്ചുള്ള പഠനം നിങ്ങള്‍ പറഞ്ഞതുപോലെ അതില്‍ അവഗാഹമുള്ളവനാക്കിയെന്നതാകും ശരി.

മുസ്‌ലിംകളുടെ ഭൂതകാല ചരിത്രവും വര്‍ത്തമാനവും താരതമ്യം ചെയ്യാമോ?

ഇസ്‌ലാമിക ചരിത്രത്തിന്‌ ഒരു കൈവഴി മാത്രമല്ല ഉള്ളത്‌. പ്രവാചകന്‍ ഒരു ചരിത്ര പുരുഷനായിരുന്നു. ആ ജീവിതത്തെ കുറിച്ച്‌ ധാരാളമായി മനസ്സിലാക്കാനുള്ള ചരിത്ര സാമഗ്രികള്‍ ലഭ്യമാണ്‌. പ്രവാചകന്റെ ജീവിതവും അദ്ദേഹത്തിന്റെ സഹചാരികളുടെ ജീവിതവും മനസ്സിലാക്കാന്‍ അതുകൊണ്ടുതന്നെ ഇന്ന്‌ നമുക്ക്‌ സാധിക്കും. ആ പ്രാഥമിക ഘട്ടത്തിന്‌ ശേഷമുള്ള ഇസ്‌ലാമിന്റെ വളര്‍ച്ച വളരെ വിപുലമായിരുന്നു. വ്യത്യസ്‌ത സംസ്‌കാരങ്ങള്‍ക്കിടയില്‍, വ്യത്യസ്‌ത സമൂഹങ്ങള്‍ക്കിടയില്‍ വളരുന്ന ഇസ്‌ലാമിനെയാണ്‌ പിന്നീട്‌ നമ്മള്‍ കാണുന്നത്‌. അതില്‍ നിന്ന്‌ വ്യത്യസ്‌ത മുഖങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്‌. വളരെ വിപുലമായിട്ടുള്ള ഒരു ധൈഷണിക ചരിത്രം യഥാര്‍ഥത്തില്‍ ഇസ്‌ലാമിനുണ്ട്‌. അതേ പോലെതന്നെ വിപുലമായ ഒരു സാമൂഹ്യ ചരിത്രവുമുണ്ട്‌. ഇങ്ങനെ രണ്ട്‌ തരത്തിലും അത്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അതില്‍ ധൈഷണികവും സൈദ്ധാന്തികവുമായിട്ടുള്ള ഭിന്ന ധാരകള്‍ ഇഴചേര്‍ന്നിട്ടുണ്ട്‌. വ്യത്യസ്‌ത സമൂഹങ്ങളെ തമ്മില്‍ ഈ ചിന്താധാരകള്‍ അടുപ്പിച്ചിട്ടുമുണ്ട്‌. വക്കം മൗലവിയെയും മുഹമ്മദ്‌ അബ്‌ദുവിനെയും പോലെ. മുഹമ്മദ്‌ അബ്‌ദുവിന്റെ ഒരുപാട്‌ ആശയങ്ങള്‍ വക്കം മൗലവിയെ സ്വാധീനിച്ചിട്ടുണ്ട്‌. വക്കം മൗലവി ഈ ആശയങ്ങള്‍ കേരളീയ സമൂഹത്തിന്‌ പരിചയപ്പെടുത്തുകയും, നമ്മുടെ സാഹചര്യത്തിന്‌ അനുയോജ്യമായി വികസിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതുപോലെയുള്ള കൊള്ളക്കൊടുക്കകള്‍ ലോകത്തിലാകമാനമുള്ള ഇസ്‌ലാമിക സമൂഹങ്ങളില്‍ നടന്നിട്ടുണ്ട്‌.

അപ്പോള്‍ വ്യത്യസ്‌ത കൈവഴികളില്‍ വിഭിന്ന കാലങ്ങളില്‍ ഇസ്‌ലാമിനെ കാണാമെങ്കിലും അതിനിടക്ക്‌ ഈ കൊണ്ടുകൊടുക്കലുകള്‍ നടക്കുന്നുമുണ്ട്‌. അതുപോലെതന്നെ വ്യത്യസ്‌ത ധാരകള്‍ തമ്മില്‍ സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്‌. അത്‌ ശീഅ- സുന്നി സംഘര്‍ഷമെന്ന നിലയില്‍ മാത്രമല്ല, നിയമ സംഹിതകളുടെ ഏറ്റുമുട്ടലുകള്‍ ആയിട്ടും നടന്നിട്ടുണ്ട്‌. ഇസ്‌ലാമിക പാരമ്പര്യത്തെ വ്യാഖ്യാനിക്കുന്നതിലുള്ള വളരെ വ്യത്യസ്‌തമായ സമ്പ്രദായങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ വളരെ സമ്പന്നമായ പൈതൃകം മുസ്‌ലിംകള്‍ക്കുണ്ടെന്ന്‌ പറയാം.

അതൊരു പാരമ്പര്യമായി മാത്രം നില്‍ക്കുകയല്ല; അതിന്റെ സമകാലികതയും പ്രധാനമാണ്‌. ഇസ്‌ലാമിക സമൂഹങ്ങളുടെ ഈ വൈവിധ്യം പലപ്പോഴും അതിനെ ഏകമാനമായി കാണുന്നവരില്‍ വിഷമമുണ്ടാക്കാം. പക്ഷേ, ആ വൈവിധ്യം വളരെ സമ്പന്നമാണെന്ന്‌ എടുത്ത്‌ പറയാതിരിക്കാന്‍ വയ്യ. മനുഷ്യന്‍ അവരവരുടെ തന്നെ സാഹചര്യങ്ങളുടെയും സമയത്തിന്റെയും തടവറയില്‍ കഴിയുന്നതായി കാണാന്‍ സാധിക്കും. അതുകൊണ്ട്‌ ഇന്ന്‌ ഇസ്‌ലാമിലുള്ള ധാരകളാണ്‌ എന്നും നിലനിന്നതെന്നും ഇങ്ങനെയാണ്‌ ഇസ്‌ലാം പ്രവര്‍ത്തിച്ചതെന്നുമുള്ള ധാരണകള്‍ പലര്‍ക്കുമുണ്ടാകും. സത്യം അങ്ങനെയായികൊള്ളണമെന്നില്ല. ചരിത്രപരമായ പല കാരണങ്ങളാലും ഭൂമിശാസ്‌ത്രപരമായ കാരണങ്ങളാലും പല സമൂഹങ്ങളില്‍ വ്യത്യസ്‌ത ധാരകള്‍ ഉണ്ടായിട്ടുണ്ട്‌. അതിനൊരുദാഹരണം പറയാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അഫ്‌ഗാനിസ്ഥാനെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ ഉസാമ ബിന്‍ലാദിനെക്കുറിച്ചായിരിക്കും പെട്ടെന്ന്‌ ഓര്‍മവരിക. ആ നാട്ടുകാരനല്ലെങ്കിലും അയാളുടെ രൂപമായിരിക്കും മനസ്സിലേക്ക്‌ വരിക. അത്‌ നമ്മള്‍ ഈ സമയത്ത്‌ ഉള്ളതുകൊണ്ടാണ്‌. പക്ഷേ, ആ ഒരു പ്രദേശത്തിന്റെ, ഇറാനും അഫ്‌ഗാനിസ്ഥാനും ഉള്‍ചേരുന്ന ഭൂമിയുടെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ നമുക്കവിടെ ജമാലുദ്ദീന്‍ അഫ്‌ഗാനിയെ കാണാന്‍ സാധിക്കും. അഫ്‌ഗാനി ഒരു ആഗോള ബുദ്ധിജീവിയായിരുന്നു. ഇന്ത്യ, ഇറാന്‍, തുര്‍ക്കി, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌ തുടങ്ങിയവിടങ്ങളില്‍ അദ്ദേഹം താമസിച്ചിട്ടുണ്ട്‌. ഫ്രാന്‍സില്‍ ഏണസ്റ്റ്‌ റനാനുമായി ദേശീയ വാദത്തെക്കുറിച്ച്‌ സംഭാഷണം നടത്തിയിട്ടുണ്ട്‌. അപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒരു ആഗോള ബുദ്ധിജീവിയായിട്ടുള്ള, ഇസ്‌ലാമിനെ കാലികമായി വായിക്കുകയും ആധുനികതയുമായി സംവദിക്കുകയുമൊക്കെ ചെയ്‌തിട്ടുള്ള ഒരാളിലൂടെയാണ്‌ അഫ്‌ഗാനിസ്ഥാന്‍ അറിയപ്പെട്ടതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അതറിയപ്പെടുന്നത്‌ ഉസാമ ബിന്‍ലാദിനിലൂടെയാണ്‌. ലാദിന്‌ ഇസ്‌ലാമിനെകുറിച്ച്‌ എത്ര അറിവുണ്ടെന്ന്‌ നമുക്കറിയില്ല. കാരണം വൈജ്ഞാനിക, ധൈഷണിക മേഖലകളില്‍ അയാളുടെ യാതൊരു സംഭാവനകളുമില്ല. കാലത്തിന്റെ തടവറയില്‍ കഴിയുന്നത്‌ കൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ഈ ധാരണകളെ നാം പൊളിച്ചെറിയേണ്ടതുണ്ട്‌.

ഇസ്‌ലാമിന്‌ മൗലികമായ അടിത്തറ ഉണ്ടെന്നതും ഈ വൈവിധ്യങ്ങളെ വിലയിരുത്തുമ്പോള്‍ നാം ഓര്‍മിക്കേണ്ടതാണ്‌. ഈ പ്രമാണങ്ങള്‍ക്കപ്പുറമാണ്‌ ജീവിക്കുന്ന ഇസ്‌ലാം (living Islam). ഇത്‌ വളരെ പ്രധാനപ്പെട്ടതാണ്‌. അതത്‌ സമൂഹങ്ങള്‍, വിഭിന്ന സംസ്‌കാരങ്ങള്‍ തുടങ്ങിയവ കരുപിടിപ്പിച്ചെടുത്തതാണത്‌. അതുപോലെ തന്നെ സാമൂഹ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട്‌ വളര്‍ന്നു വന്നതുമാണ്‌. അപ്പോള്‍ തത്വസംഹിതകളില്‍ അധിഷ്‌ഠിതമായ ഇസ്‌ലാം (textual Islam) മാത്രമല്ല, ലിവിംഗ്‌ ഇസ്‌ലാം കൂടിയുണ്ട്‌. ഇത്‌ രണ്ടും എത്രമാത്രം യോജിപ്പിക്കാമെന്നതാണ്‌ പുതിയ കാലത്ത്‌ ഇസ്‌ലാമിന്റെ ഭാവി നിശ്ചയിക്കുന്ന പ്രധാന ഘടകം.

കാലഘട്ടങ്ങള്‍ക്കനുസരിച്ച്‌ ഈ ലിവിംഗ്‌, ടെക്‌സ്‌ച്വല്‍ ഇസ്‌ലാമുകളില്‍ മാറ്റം വരാമെന്നാണോ?

ചരിത്രപരമായി ഏഴാം നൂറ്റാണ്ടില്‍ വളര്‍ന്ന ഒരു മതത്തെ സമകാലികവല്‌കരിക്കുന്നതെങ്ങനെയാണ്‌? നാം ജീവിക്കുന്ന സമൂഹവുമായി ബന്ധപ്പെടുത്തുന്നതെങ്ങനെയാണ്‌? വിശ്വാസസംഹിതകള്‍ വിശ്വാസികളെ സംബന്ധിച്ചേടത്തോളം മാറ്റങ്ങള്‍ക്ക്‌ വിധേയമാകാത്തതാണ്‌. എന്നാല്‍ കാലാനുസൃതമായി ഖുര്‍ആനിക ആശയങ്ങളെ പഠനവിധേയമാക്കാം. ഇതാണല്ലോ ഇജ്‌തിഹാദ്‌. സമകാലിക സമൂഹത്തില്‍ ഖുര്‍ആനിന്റെ പ്രസക്തി, അതിനെ നാം എങ്ങനെ അപഗ്രഥിക്കുന്നു എന്നതിനെ അപേക്ഷിച്ചാണ്‌. ഇജ്‌തിഹാദ്‌ എന്നത്‌ വെറും ഗവേഷണം മാത്രമല്ല. യുക്തി ഉപയോഗിച്ച്‌ കൊണ്ടുള്ള അപഗ്രഥനമാണത്‌.
ഇത്‌ സാധിക്കണമെങ്കില്‍ രണ്ട്‌ കാര്യങ്ങള്‍ നിര്‍ബന്ധമാണ്‌. ഒന്ന്‌, മതപരമായ പ്രമാണങ്ങളില്‍ അഗാധജ്ഞാനം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അതിനെ വ്യാഖ്യാനിക്കാന്‍ സാധിക്കുകയില്ല. രണ്ട്‌, നമ്മള്‍ ഇന്നാണ്‌ വ്യാഖ്യാനിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ സമകാലികമായ അറിവുകളും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതുണ്ട്‌. ആധുനിക ധൈഷണിക ചക്രവാളങ്ങളെക്കുറിച്ച്‌, തത്വശാസ്‌ത്രങ്ങളെക്കുറിച്ച്‌, രാഷ്‌ട്രീയ പ്രക്രിയകളെക്കുറിച്ച്‌, സാമൂഹിക മേഖലകളെക്കുറിച്ച്‌ എല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്‌. വേദഗ്രന്ഥങ്ങളിലുള്ള അറിവും സമകാലിക വിജ്ഞാനവും യോജിക്കുമ്പോള്‍ മാത്രമേ ശരിയായിട്ടുള്ള ഇജ്‌തിഹാദ്‌ സാധ്യമാകുകയുള്ളൂ. നിര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ, ഈ രണ്ടറിവുകളും വിരുദ്ധ ധ്രുവങ്ങളില്‍ നിലകൊള്ളുന്നതായിട്ടാണ്‌ പലപ്പോഴും കാണാന്‍ സാധിക്കുന്നത്‌. മതപരമായ കാര്യങ്ങളില്‍ അറിവുള്ള ഒരു വിഭാഗവും ആധുനിക ശാസ്‌ത്രങ്ങളില്‍ മികവ്‌ നേടിയിട്ടുള്ള മറ്റൊരു വിഭാഗവുമാണ്‌ കൂടുതലായുമുള്ളത്‌. അതുകൊണ്ട്‌ തന്നെ സമകാലിക പ്രസക്തമായ ഇസ്‌ലാമിക വ്യാഖ്യാനങ്ങള്‍ വേണ്ടത്ര ഉണ്ടാകുന്നില്ല. വര്‍ത്തമാനത്തേക്കാള്‍ ചരിത്രത്തെ പ്രതിനിധീകരിക്കേണ്ടുന്ന സ്ഥിതി മുസ്‌ലിംകള്‍ക്ക്‌ ഇപ്പോഴുണ്ട്‌. ഇത്‌ മറികടക്കാനായി ഓര്‍ഗാനിക്‌ ഇന്റലെക്‌ച്യുല്‍സ്‌ ഉണ്ടാകേണ്ടിയിരിക്കുന്നു.

ധിഷണാസമ്പന്നമായ ഒരു ഭൂതകാലം മുസ്‌ലിം സമൂഹത്തിനുണ്ടായിരുന്നു. താങ്കള്‍ സൂചിപ്പിച്ചതുപോലെ ഭൗതിക വിജ്ഞാനത്തിലും ആത്മീയ വിജ്ഞാനത്തിലും പ്രാവീണ്യം നേടിയ പണ്ഡിതന്‍മാരായിരുന്നു ഒരു കാലഘട്ടത്തില്‍ മുസ്‌ലിം ലോകത്തിന്റെ പ്രതിനിധികള്‍

വളരെ ശരിയാണത്‌. മുഖദ്ദിമയുടെ രചയിതാവായ ഇബ്‌നു ഖല്‍ദൂന്‍, ഇബ്‌നുസീന, ഇമാം റാസി തുടങ്ങിയവര്‍ അത്തരമൊരു കാലഘട്ടത്തിന്റെ പ്രതിനിധികളാണ്‌. അവരെല്ലാം തന്നെ ബഹുമുഖ പ്രതിഭകളായിരുന്നു. അങ്ങനെ വ്യത്യസ്‌ത സമൂഹങ്ങളില്‍ വിഭിന്ന ചിന്താധാരകളെ സംയോജിപ്പിച്ച ചരിത്രം ഇസ്‌ലാമിനുണ്ട്‌. സമകാലികമായി അങ്ങനെ തീരെയില്ല എന്നല്ല. പലയിടങ്ങളിലായി ധിഷണാശാലികളായ പണ്ഡിതന്മാര്‍ ഇന്നുമുണ്ട്‌. നമ്മുടെ സാമൂഹിക ചുറ്റുപാടുകള്‍ക്ക്‌ അനുയോജ്യമായ അന്വേഷണങ്ങള്‍ നടക്കണം. ഇന്ത്യന്‍ പണ്ഡിതസമൂഹവും പ്രത്യേകിച്ച്‌ കേരളീയ നേതൃത്വവും അങ്ങനെ ഉയര്‍ന്നുവരണം. പലപ്പോഴും കേരളത്തിന്‌ പുരോഗമനാത്മകമായ മുഖംമൂടിയുണ്ട്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്‌ലാമിക സമൂഹങ്ങളിലൂടെ കടന്നുപോകാന്‍ ഭാഗ്യം ലഭിച്ച ഒരാളാണ്‌ ഞാന്‍. അവിടുത്തെ സ്ഥിതിഗതികള്‍ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്‌. ആ സമൂഹങ്ങളുമായുള്ള ആ വിധത്തിലുള്ള പരസ്‌പര കൈമാറ്റത്തിന്റെ അഭാവമാണ്‌ മുഖ്യ പ്രശ്‌നം. നമ്മുടെ ബന്ധപ്പെടലുകള്‍ കാര്യമായിട്ടും രാജഭരണങ്ങള്‍ നിലനില്‍ക്കുന്ന ഗള്‍ഫ്‌ രാജ്യങ്ങളുമായിട്ടാണ്‌.

മുസ്‌ലിംകള്‍ സാമൂഹികമായി ഒറ്റപ്പെടുന്ന വല്ല സാഹചര്യങ്ങളും ഇന്ന്‌ ലോകത്തുണ്ടെന്ന്‌ കരുതുന്നുണ്ടോ?

ഒരു മതവിഭാഗമെന്ന രീതിയില്‍ മുസ്‌ലിംകളെ അകറ്റി നിര്‍ത്തുന്ന ആഗോള സാഹചര്യമുണ്ട്‌. അത്‌ ഒരുവിധത്തില്‍ ആധുനിക രാഷ്‌ട്രീയത്തിന്റെ തന്നെ ഉല്‍പന്നമാണ്‌. സ്വത്വം അംഗീകരിക്കാതെ അന്യത്വം കല്‍പ്പിച്ച്‌ മാറ്റിനിര്‍ത്തുന്നതിനെ മുസ്‌ലിംകള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്നതാണ്‌ പ്രധാനം. ആധുനിക യൂറോ-അമേരിക്കന്‍ ആധിപത്യപരമായ ആശയഗതികള്‍ മുസ്‌ലിംകളെ അകറ്റി നിര്‍ത്തുമ്പോള്‍ എങ്ങനെ അതിനെ നേരിടുന്നുവെന്നതും നിര്‍ണായകമാണ്‌. ഈ സാംസ്‌കാരിക സംഘട്ടനത്തില്‍ അതേ ഭാഷയില്‍ അതിന്ന്‌ മറുപടി പറയുകയല്ല വേണ്ടത്‌. വൈവിധ്യങ്ങളെ അംഗീകരിക്കുകയാണെങ്കില്‍ സാംസ്‌കാരിക സംഘട്ടനവാദത്തിന്‌ യാതൊരു പ്രസക്തിയുമില്ല.

അപരത്വം അനുഭവപ്പെടുമ്പോള്‍ ഇസ്‌ലാമിക സമൂഹത്തില്‍ നിന്ന്‌ ഭയത്തോടെയുള്ള ഉള്‍വലിയല്‍ ഉണ്ടാകുന്നുണ്ടോ?

സ്വാഭാവികമായും അതുണ്ട്‌. ഒരു വിഭാഗത്തില്‍ നമുക്കത്‌ കാണാനും സാധിക്കും. സാമ്രാജ്യത്വ രാജ്യങ്ങളുടെ സൈനിക, ധൈഷണിക ശക്തി ഇത്തരം മാറ്റിനിര്‍ത്തലുകള്‍ക്ക്‌ വേണ്ടി ഉപയോഗപ്പെടുത്തുകയാണ്‌. അപ്പോള്‍ സ്വാഭാവികമായും ഭയമുണ്ടാകും. പക്ഷേ, ഉള്‍വലിയലല്ല അതിനുള്ള പോംവഴി. കൂടുതല്‍ വിശാലമായ സാമൂഹിക, സാംസ്‌കാരിക ഭൂമിക ഉണ്ടാക്കുകയെന്നതും അതില്‍ ഇടപെടുകയെന്നതുമാണ്‌ ഇതിന്‌ പരിഹാരം. അതിന്‌ വ്യത്യസ്‌ത മതവിഭാഗങ്ങളുടെ കൂട്ടായ്‌മ, കൊണ്ടുകൊടുക്കലുകളിലൂടെയുള്ള പുതിയ ആശയഗതികളുടെ ആവിര്‍ഭാവം തുടങ്ങിയവ ആവശ്യമാണ്‌.

(2010 മാര്‍ച്ച് 19ന് ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നത്)