Pages

Search This Blog

Friday, August 17, 2012

അസം: കുരുതിനിലങ്ങളിലെ കണ്ണീര്‍ക്കാഴ്‌ചകള്‍


ലക്ഷ്യം നേടാനായി സര്‍വ്വ സന്നാഹങ്ങളുമായി ഒരുപറ്റം അക്രമികള്‍ തുനിഞ്ഞിറങ്ങിയാല്‍ നിരാലംബരായവര്‍ എന്തുചെയ്യും? മുന്നില്‍ കണ്ടെതെല്ലാം വെട്ടിവീഴ്‌ത്തി അക്രമികള്‍ തേര്‍വാഴ്‌ച നടത്തുകയായിരുന്നു. കുറേ മനുഷ്യക്കോലങ്ങളെ ആ നരാധമന്‍മാര്‍ അരിഞ്ഞുതള്ളി, വെടിവെച്ചിട്ടു. അവരുടെ കുടിലുകള്‍ ഒരു കൂമ്പാരം ചാരമാക്കി തീര്‍ത്തു. ശക്‌തരായ രാഷ്‌ട്രീയ മേലാളന്‍മാരുടെ പിന്തുണയുമുണ്ടായിരുന്നു ആ അക്രമികള്‍ക്ക്‌. ഒടുവില്‍ ബലഹീനരായ ആ ജനങ്ങള്‍ക്ക്‌ അഭയംതേടി പലായനം ചെയ്യേണ്ടിവന്നു. ദുരിതാശ്വാസ ക്യാമ്പുകളുടെ ദുരിതപൂര്‍ണ്ണമായ അതിരുകളിലേക്ക്‌ നാലു ലക്ഷത്തോളം മുസ്‌ലിംകള്‍ വലിച്ചെറിയപ്പെട്ടതിങ്ങനെയാണ്‌. വിളറിപൂണ്ട സൂനാമിതിരകള്‍ നക്കിയെടുത്ത തീരങ്ങളെ പോലെ, വിളവെടുപ്പ്‌ കഴിഞ്ഞ നെല്‍പാടങ്ങളെ പോലെ കലാപം അവരെയും അവരുടെ ജീവിതത്തെയും മാറ്റിയിരിക്കുന്നു. 
വലിഞ്ഞുവന്നവര്‍/ നുഴഞ്ഞുകയറ്റക്കാര്‍/ പുറത്തുനിന്നു വന്നവര്‍/ വിദേശികള്‍ എന്നൊക്കെ കാലങ്ങളായി പഴികേള്‍ക്കുന്നവരാണ്‌ അക്രമത്തിന്‌ ഇരയായവര്‍. ധരിക്കാന്‍ മെച്ചപ്പെട്ട വസ്‌ത്രങ്ങളോ മറ്റ്‌ ജീവിതവിഭവങ്ങളോ അവരില്‍ കാണാന്‍ സാധിക്കില്ല. അക്രമം നടന്നപ്പോള്‍ ധരിച്ച വസ്‌ത്രങ്ങളുമായി മറ്റ്‌ യാതൊന്നും കയ്യില്‍ കരുതാതെ ജീവനുംകൊണ്ട്‌ ഓടിവന്നവരാണിവര്‍. സൈ്വര്യമായി കിടക്കാന്‍ സുരക്ഷിതമായ വീടുകള്‍ ആദ്യമേ ഇവര്‍ക്കുണ്ടായിരുന്നില്ല. മുളകള്‍കൊണ്ട്‌ മറച്ച്‌ ഓലവിരിച്ച മേല്‍ക്കുരകള്‍; അതായിരുന്നു ഇവരുടെ പാര്‍പ്പിടം. ഇപ്പോള്‍ പ്ലാസ്റ്റിക്‌ ഷീറ്റുകളുടെ ടെന്റുകളില്‍ പൊരിയുന്ന വെയിലിന്റെ ഉഷ്‌ണവും ഏറ്റുവാങ്ങി ഇവര്‍ നിമിഷങ്ങള്‍ തള്ളി നീക്കുന്നു. വിശുദ്ധ റമദാന്‍ മാസത്തില്‍ ഉപവാസത്തിലും ഉപാസനകളിലും കഴിഞ്ഞുകൂടേണ്ടവര്‍ അഭിമുഖീകരിക്കേണ്ടി വന്ന ഭീകരതകള്‍ പരസ്‌പരം പങ്കുവെച്ചിരിക്കുകയാണ്‌. തങ്ങളോട്‌ ഈ ക്രൂരതകള്‍ ചെയ്‌തവരോടുള്ള അമര്‍ഷമാണ്‌ ഇവരുടെ വാക്കുകളില്‍. തുടക്കത്തില്‍ കലാപത്തെ നിസ്സംഗതയോടെ നേരിട്ട ഭരണകൂടത്തോടുള്ള വെറുപ്പും ഇവര്‍ മറച്ചുവെക്കുന്നില്ല.

ആള്‍ ഇന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റിന്റെ പ്രതിനിധി സംഘത്തോടൊപ്പം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ഞങ്ങള്‍. ബോന്‍ഗോയ്‌ഗാവ്‌, ചിരാംങ്‌ ജില്ലകളിലുള്ള മൂന്ന്‌ ക്യാമ്പുകളാണ്‌ സന്ദര്‍ശിക്കാന്‍ സാധിച്ചത്‌. കലാപം തീവ്രമായി നടന്നിട്ടുള്ള കൊക്രജാറില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ അവിടം സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ചിരാങിന്റെ ഉള്‍പ്രദേശങ്ങളും ധുബ്‌രി ജില്ലയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അവിടങ്ങളിലുള്ള ക്യാമ്പുകളുടെയും മുസ്‌ലിംകളുടെയും അവസ്ഥ ഞങ്ങള്‍ കണ്ടെതിനേക്കാള്‍ ഭയാനകമായിരിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ. 
കുഴിഞ്ഞ്‌ അല്‍പം ഉള്ളോട്ട്‌ പോയ സജലങ്ങളായ മിഴികളുമായി നേരിട്ട ഭീകരത വിവരിച്ച അവരില്‍ നിന്നും ഗദ്‌ഗദങ്ങള്‍ മാത്രമാണ്‌ പലപ്പോഴും പുറത്തേക്ക്‌ വന്നത്‌. ഏതുനേരവും പൊട്ടിക്കരഞ്ഞേക്കുമെന്ന്‌ തോന്നിപ്പോയി. ``രണ്ടു ബൈക്കുകളില്‍ വന്ന ആറ്‌ ബോഡോ തീവ്രവാദികളാണ്‌ എന്റെ ഉമ്മയെ കൊന്നത്‌. അവര്‍ ആദ്യം വെടിവെച്ചു. വെടികൊണ്ടിട്ടും ഉമ്മ മരിച്ചില്ല. പിന്നീടവര്‍ കഴുത്തറുത്ത്‌ കൊല്ലുകയായിരുന്നു.'' എഴുപത്‌കാരിയായ ശുബ്‌ജാ ബേവയെ കൊന്ന വിവരം മകന്‍ സബൂ മണ്‌ഡല്‍ വിവരിക്കുകയായിരുന്നു. പിന്നീടയാള്‍ക്ക്‌ ഒന്നും പറയാന്‍ സാധിച്ചില്ല. കാട്ടാളത്തത്തിന്റെ കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകള്‍ ഞങ്ങളുടെ മനസ്സിനെ വല്ലാതെ നോവിച്ചു. 
``ഞങ്ങള്‍ ചെയ്‌ത അപരാധമെന്താണ്‌? ഞങ്ങളുടെ താമസസ്ഥലങ്ങള്‍, പശുക്കള്‍, കൃഷിയിടങ്ങള്‍ എല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇനി എപ്പോള്‍ തിരിച്ചു പോകാനാകുമെന്നറിയില്ല. അവര്‍ എല്ലാം നശിപ്പിച്ചു. ഞങ്ങള്‍ നോമ്പുകാരാണ്‌. അത്താഴത്തിനും നോമ്പ്‌ തുറക്കാനും പല ദിവസങ്ങളിലും ഭക്ഷണം ലഭിച്ചിട്ടുണ്ടായിരുന്നില്ല.'' വിതുമ്പലുകള്‍ക്കിടയില്‍ നിന്നും പൊട്ടിവീണ വാക്കുകള്‍. ഇത്രമാത്രം പറഞ്ഞ്‌ പ്രതിനിധി സംഘത്തെ നയിക്കുന്ന ഡോ. ഹുസൈന്‍ മടവൂരിന്റെ കാലുകളിലേക്കാണ്‌ അറുപതുകാരനായ അംജദ്‌ അലി വീണത്‌. മൊജോബാരി എം ഇ മദ്‌റസാ സ്‌കൂള്‍ ക്യാമ്പിലാണ്‌ അംജദ്‌ അലി താമസിക്കുന്നത്‌. 2860 പേര്‍ ഇവിടുത്തെ അന്തേവാസികളാണ്‌. 
``എം എല്‍ എ കൂടെയുണ്ടാകുമ്പോഴാണ്‌ അവര്‍ ഞങ്ങളുടെ വീട്‌ കത്തിച്ചത്‌. ഭവാനിപൂര്‍ പഞ്ചായത്ത്‌ ചെയര്‍മാന്‍ പൂര്‍ണ്ണവ്‌ ബിസ്‌നു, മെമ്പര്‍മാരായ റാഗിബ്‌, രാജര്‍ എന്നിവര്‍ അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ ഞങ്ങള്‍ക്ക്‌ നേരെ വെടിയുതിര്‍ത്തിട്ടുണ്ടായിരുന്നു.'' ഭരണകൂട ഭീകരതയുടെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ്‌ ഹപചാര ക്യാമ്പിലുള്ള രാജു അലിക്ക്‌ പറയാനുണ്ടായിരുന്നത്‌. ഹഗ്രാമയാണ്‌ ഇവര്‍ക്ക്‌ ആയുധങ്ങള്‍ നല്‍കിയത്‌. അവരുടെ എല്ലാവരുടെയും കയ്യില്‍ ആയുധങ്ങള്‍ ഉണ്ട്‌. അത്‌ തിരിച്ചുവാങ്ങാതെ ഞങ്ങള്‍ എങ്ങനെയാണ്‌ തിരിച്ചു പോകുകയെന്ന്‌ മുഹിബ്ബുറഹ്‌മാന്‍ ചോദിക്കുന്നു. ബോഡോ ലിബറേഷന്‍ ടൈഗേര്‍സ്‌ ഫോര്‍സിന്റെ മുന്‍ ചീഫാണ്‌ ഹഗ്രാമ മൊഹിലാരി. ബോഡോലാന്‍ഡ്‌ ടെറിട്ടോറിയല്‍ കൗണ്‍സിലിന്റെ ചീഫ്‌ എക്‌സികൂട്ടീവ്‌ മെമ്പര്‍ ആണ്‌ ഹഗ്രാമ ഇപ്പോള്‍. 
``അറുപത്‌ ആളുകള്‍ മരിച്ചുവെന്നാണ്‌ പറയുന്നത്‌. അത്രയും മൃതശരീരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നതാണ്‌ സത്യം. അതിലുമധികം എത്രയോ പേര്‍ മരിച്ചിട്ടുണ്ട്‌. അവരുടെ ശരീരങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണ്‌. കുറേ അവര്‍ പുഴയില്‍ എറിഞ്ഞതാണ്‌. പിന്നെ ചെളിപ്പാടങ്ങളില്‍ ചവിട്ടിത്താഴ്‌ത്തിയിട്ടുണ്ട്‌. അക്രമങ്ങള്‍ നടന്ന യഥാര്‍ത്ഥ സ്ഥലങ്ങളില്‍ ആരാണ്‌ പോയി നോക്കിയിട്ടുള്ളത്‌. അവിടെപ്പോയി നിങ്ങള്‍ പരിശോധിക്കൂ അപ്പോള്‍ യഥാര്‍ത്ഥ വിവരം ലഭിക്കും.'' രോഷം അടക്കാനാകാതെ മുഹിബ്ബുറഹ്‌മാന്‍ വാക്കുകള്‍ തുടരുകയാണ്‌. 
``പ്രശനങ്ങളെല്ലാം അവസാനിച്ചെന്നാണ്‌ അധികാരികള്‍ പറയുന്നത്‌. ഇപ്പോഴും ഉള്‍ഗ്രാമങ്ങള്‍ ബോഡോകളുടെ നിയന്ത്രണത്തിലാണ്‌. അവിടേക്ക്‌ അടുത്ത കാലത്തൊന്നും ഞങ്ങള്‍ക്ക്‌ തിരിച്ചുപോകാന്‍ സാധിക്കില്ല.'' ചിരാംങ്‌ ജില്ലയില്‍ നിന്ന്‌ ക്യാമ്പിലെത്തിയ അക്‌ബര്‍ അലിയുടേതാണ്‌ ഈ വാക്കുകള്‍. 
ക്യാമ്പുകളില്‍ സര്‍ക്കാര്‍ അരി, പരിപ്പ്‌, എണ്ണ എന്നിവയൊക്കെയാണ്‌ വിതരണം ചെയ്യുന്നത്‌. അതിലപ്പുറം കുട്ടികള്‍ക്ക്‌ ആവശ്യമായ ഭക്ഷണ സാധങ്ങള്‍, മരുന്നുകള്‍, വസ്‌ത്രങ്ങള്‍, കൊതുക്‌ വലകള്‍ എന്നിവ ധാരാളമായി ഇവിടെ ആവശ്യമുണ്ട്‌. നിസ്സീമമായ സഹായങ്ങള്‍ ഇവിടെയുള്ളവര്‍ക്ക്‌ നല്‌കാന്‍ സുമനസ്സുകള്‍ മുന്നോട്ട്‌ വരേണ്ടതുണ്ട്‌. ക്യാമ്പുകളിലെ അന്തേവാസികളുടെ എണ്ണത്തിന്‌ അനുപാതമായി വിഭവങ്ങള്‍ ഇല്ലായെന്നതാണ്‌ ദുരിതത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നത്‌.
നേപാല്‍പാറ, ദിയോല്‍ഗുരി, മൊജോബാരി എന്നീ മൂന്ന്‌ ഗ്രാമങ്ങളിലുള്ളവരാണ്‌ എം ഇ മദ്‌റസാ ക്യാമ്പിലുള്ളത്‌. ജൂലൈ 26ന്‌ വീടുകളില്‍ നിന്ന്‌ ജീവനുമായി അവര്‍ ഓടിവന്നതാണ്‌. 500 ഓളം പേരടങ്ങുന്ന ബോഡോ അക്രമികള്‍ കൂട്ടമായി പുഴ കടന്നുവന്ന്‌ ഇവരുടെ ഗ്രാമങ്ങള്‍ നശിപ്പിക്കുകയായിരുന്നു. പടക്കങ്ങള്‍ എറിഞ്ഞ്‌ പ്രദേശവാസികളെ ഭയചകിതരാക്കി പുറത്തേക്കോടിച്ചതിന്‌ ശേഷം വീടുകള്‍ക്ക്‌ തീയിടുകയായിരുന്നുവെന്ന്‌ ക്യാമ്പ്‌ സുരക്ഷക്കായി നിയോഗിക്കപ്പെട്ട പൊലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരുടെ കൂട്ടത്തില്‍ പെട്ട സെയ്‌തൂന്‍ ബേവ (55) എന്ന സ്‌ത്രീയുടെ കഴുത്തറുത്താണ്‌ അക്രമികള്‍ കൊന്നത്‌. 35ഓളം ബോഡോകള്‍ അടങ്ങിയ സംഘമാണ്‌ ബേവയെ വെട്ടികൊന്നതെന്ന്‌ മൊജോബാരി എം ഇ മദ്‌റസാ സ്‌കൂള്‍ ക്യാമ്പ്‌ ഡയറക്‌ടര്‍ ആരിഫ്‌ അലി ഭവാന്‍ പറഞ്ഞു. എഴുപതുകാരനായ റസുലുദ്ദീന്‍ മിയ ഭയന്നോടുന്നതിനിടയില്‍ വീണ്‌ കാലിന്‌ പറ്റിയ പരുക്ക്‌ കാണിച്ചു തരികയുണ്ടായി. പരുക്ക്‌ വൃണമായി മാറി നടക്കാന്‍ പ്രയാസപ്പെട്ടിരിക്കുകയാണ്‌ മിയ. പാടത്ത്‌ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റുകളില്‍ കഴിയുന്ന ഇവര്‍ക്ക്‌ കൊതുക്‌ ശല്യം വലിയ പ്രശ്‌നമാണ്‌ സൃഷ്‌ടിക്കുന്നത്‌. 
1600 ഓളം പേര്‍ വസിക്കുന്ന ഹപചാര ക്യാമ്പിലെ അവസ്ഥ വളരെ മോശമാണ്‌. അവര്‍ക്ക്‌ ആകെ രണ്ട്‌ കക്കൂസുകള്‍ മാത്രമാണ്‌ പ്രാഥമിക കര്‍മ്മങ്ങള്‍ക്കുള്ളത്‌. രണ്ട്‌ ദിവസം മുമ്പ്‌ രോഗബാധിതയായി ഒരു സ്‌ത്രീ ഇവിടെ മരണപ്പെട്ടിരുന്നു. ഇഷ്‌ടികകള്‍ അടുക്കില്ലാതെ പാകിയ നിലങ്ങളില്‍ പ്ലാസ്റ്റിക്‌ ഷീറ്റുകള്‍ വിരിച്ചാണ്‌ ഇവിടെയുള്ളവര്‍ കിടന്നുറങ്ങുന്നത്‌. ആകെ ഒരു വാട്ടര്‍ ഫില്‍ട്ടറാണ്‌ ഇവര്‍ക്കൊന്നാകെ വെള്ളം കുടിക്കാനായുള്ളത്‌. 
കാജല്‍ ഗാവിലുള്ള ബോഡോ ക്യാമ്പും ഇസ്‌ലാഹി സംഘം സന്ദര്‍ശിക്കുകയുണ്ടായി. 1000 ത്തോളം ബോഡോകളാണ്‌ ഈ ക്യാമ്പിലുള്ളത്‌. ഭയം മൂലം വീട്‌ വിട്ടിറങ്ങി വന്നവരാണിവര്‍. ഇവരുടെ വീടുകളും മറ്റും സുരക്ഷിതമായി തന്നെ നിലനില്‍ക്കുന്നുണ്ട്‌. ഈ ക്യാമ്പിലുള്ള അധികപേരും തിരിച്ച്‌ അവരുടെ പ്രദേശങ്ങളിലേക്ക്‌ തന്നെ മടങ്ങിക്കൊണ്ടിരിക്കുകയാണ്‌. 
വര്‍ഷങ്ങളായി ഉന്നംവെക്കപ്പെട്ടവരാണ്‌ അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍. ബോഡോലാന്‍ഡ്‌ ടെറിട്ടോറിയല്‍ കൗണ്‍സില്‍ അധികാര പ്രദേശങ്ങളില്‍ നിന്ന്‌ ഇവരെ തുടച്ചുനീക്കി അവിടം സ്വയം ഭരണ അധികാരമുള്ള സ്റ്റെയ്‌റ്റാക്കി മാറ്റാനാണ്‌ അക്രമം അഴിച്ചുവിട്ടിരിക്കുന്നത്‌. സ്വദേശികളായ ബോഡോകളും വിദേശികളായ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളും തമ്മിലുള്ള ഒരു വംശീയ കലാപം മാത്രമാണ്‌ ഇതെന്ന്‌ ധരിച്ചാല്‍ തെറ്റി. അതിലപ്പുറം ഫാസിസം മസ്‌തിഷ്‌കങ്ങളെ ഗ്രസിച്ച വര്‍ഗീയവാദികളുടെ മതവെറി കൂടി ഇതിനുപിന്നിലുണ്ട്‌. അക്രമത്തില്‍ പങ്കെടുത്ത ബോഡോകള്‍ ഹിന്ദു, ക്രിസ്‌ത്യന്‍ മതവിഭാഗങ്ങളില്‍ പെടുന്നവരാണ്‌. ഇന്ത്യാവിഭജനത്തിന്‌ ശേഷം രാജ്യത്ത്‌ നടന്ന വര്‍ഗീയ കലാപങ്ങളെ പോലെ മുസ്‌ലിംകളെ ഉന്‍മൂലനം ചെയ്യുകയെന്ന സമാന ഫാസിസ്റ്റ്‌ അജണ്ട തന്നെയാണ്‌ ഇവിടെയും ഉണ്ടായിട്ടുള്ളത്‌. അഹ്‌മദാബാദ്‌, ഭഗല്‍പൂര്‍, ജബല്‍പൂര്‍, മീററ്റ്‌, ഭീവണ്ടി, നെല്ലി, മുംബൈ, ഗുജറാത്ത്‌ തുടങ്ങി വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്‌തങ്ങളായ കാരണങ്ങള്‍ കലാപത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. എന്നാല്‍ ചരിത്രപരമായി സ്ഥായിയായ ചില കാരണങ്ങള്‍ എല്ലാ കലാപങ്ങള്‍ക്കും പിന്നിലുമുണ്ട്‌. അതില്‍ പ്രധാനമാണ്‌ `പുറമെനിന്ന്‌ വന്നവര്‍' എന്ന അധിക്ഷേപം. ആട്ടിയോടിക്കപ്പെടേണ്ടവരാണ്‌ രാജ്യത്തെ മുസ്‌ലിംകളെന്ന രോഗാതുരമായ മനസ്സുകളുടെ രോദനങ്ങള്‍ അസമിലും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌. 
അസം വിദ്യാഭ്യാസ സഹമന്ത്രി റഖിബുദ്ദീന്‍ അഹ്‌മദ്‌ സംസ്ഥാനത്തെ സ്ഥിതിയെ കുറിച്ച്‌ ഞങ്ങള്‍ക്ക്‌ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‌കിയിരുന്നു. അസം ഡി ജി പി ജയന്ത നാരായണ്‍ ചൗധരി, എ ഡി ജി പി ചന്ദ്രനാഥ്‌, ബോന്‍ഗോയ്‌ഗാവ്‌ ഡിസ്‌ട്രിക്‌ കമ്മിഷണര്‍ എസ്‌ പി നന്തി, പൊലീസ്‌ സൂപ്രണ്ട്‌ നികുല്‍ ഗൊഗോയി തുടങ്ങി സംസ്ഥാനത്തുള്ള സിവില്‍, പൊലീസ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിഭാഗങ്ങള്‍ ഇസ്‌ലാഹി സംഘത്തിന്‌ സര്‍വ്വ സൗകര്യങ്ങളും ഒരുക്കിത്തരികയുണ്ടായി. പൊലീസ്‌ സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ ഇസ്‌ലാഹി സംഘം ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്‌. വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരത്തിന്‌ ശേഷം ഉലുബാരി മസ്‌ജിദിലെ ഇമാം മൗലാനാ ഫൈസുല്‍ ജലാലിന്റെ മുസ്‌ലിംകള്‍ക്ക്‌ വേണ്ടിയുള്ള ഹൃദയഭേദകമായ പ്രാര്‍ഥനകള്‍ വിവരിക്കാന്‍ ഞങ്ങളുടെ ഭാഷാപരിജ്ഞാനം പരിമിതമാണ്‌.

Sunday, August 12, 2012

അസം: മുസ്‌ലിംവേട്ടയുടെ വേരുകള്‍


അസമിലെ വംശവെറി നരമേധത്തിന്‌ വഴിവെച്ചിരിക്കുകയാണ്‌. അസഹിഷ്‌ണുതയുടെ പുതുചരിത്രം രചിച്ചുനടന്ന മുസ്‌ലിം കൂട്ടക്കൊല മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനെക്കാള്‍ ഭീതിതമാണ്‌. അടങ്ങാത്ത പകയും ഒടുങ്ങാത്ത വൈരവും ഒരു ജനവിഭാഗത്തിന്റെ തന്നെ സ്വാസ്ഥ്യം കെടുത്തിയിരിക്കുന്നു. പിറന്നുവീണ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കാതെ ആട്ടിയോടിക്കപ്പെടുന്നതിനെക്കാള്‍ വലിയ അപരാധമെന്താണുള്ളത്‌? ബോഡോകളും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളും തമ്മിലുള്ള സംഘര്‍ഷം ഇന്ത്യാവിഭജനത്തിന്‌ ശേഷം രാജ്യം കണ്ട വര്‍ഗീയ ലഹളകളിലെ മറ്റൊരു കറുത്ത അധ്യായമായി മാറിയിരിക്കുന്നു. 
മെയ്‌ 30ന്‌ ഒരു മുസ്‌ലിം തൊഴിലാളി കൊല്ലപ്പെട്ടതു മുതല്‍ പുകഞ്ഞുതുടങ്ങിയതാണ്‌ പുതിയ പ്രശ്‌നങ്ങള്‍. ജൂലൈ ആറിന്‌ അജ്ഞാതരായ തോക്കുധാരികള്‍ രണ്ട്‌ മുസ്‌ലിം ചെറുപ്പക്കാരെ വെടിവെച്ചു കൊന്നതാണ്‌ പിന്നീട്‌ കലാപത്തിന്‌ തിരികൊളുത്തിയത്‌. ഓള്‍ ബോഡോലാന്‍ഡ്‌ മൈനോറിറ്റി സ്റ്റുഡന്‍സ്‌ യൂനിയന്‍, ഓള്‍ അസം മൈനോറിറ്റി സ്റ്റുഡന്‍സ്‌ യൂനിയന്‍ എന്നീ സംഘടനകളുടെ നേതാക്കളായ നൂറുല്‍ ഹഖ്‌, മുജീബുര്‍റഹ്‌മാന്‍ എന്നിവരുടെ മരണത്തിന്‌ പിന്നില്‍ ബോഡോ ലിബറേഷന്‍ ടൈഗേര്‍സ്‌ ഫോഴ്‌സാണെന്ന ആരോപണമുയര്‍ന്നിരുന്നു. അസമിലെ കോണ്‍ഗ്രസ്‌ മന്ത്രിസഭയിലെ സഖ്യകക്ഷിയായ ബോഡോലാന്‍ഡ്‌ പീപ്പിള്‍സ്‌ ഫ്രണ്ടിന്റെ തന്നെ മറ്റൊരു കൂട്ടായ്‌മയാണ്‌ ലിബറേഷന്‍ ടൈഗേര്‍സ്‌. ഈ കൊലപാതകങ്ങള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതില്‍ സംസ്ഥാന ഗവണ്‍മെന്റ്‌ കാലതാമസം വരുത്തിയിരുന്നു. ഇതിനിടയിലാണ്‌ ബോഡോ ലിബറേഷന്‍ ടൈഗേര്‍സ്‌ ഫോഴ്‌സിന്റെ നാല്‌ മുന്‍ പ്രവര്‍ത്തകര്‍ അക്രമികളാല്‍ ജിയാപൂര്‍ ഗ്രാമത്തില്‍ വധിക്കപ്പെടുന്നത്‌. ഇത്‌ പിന്നീട്‌ രാജ്യത്തെ നടുക്കിയ മറ്റൊരു വര്‍ഗീയ കലാപത്തിന്‌ തുടക്കമിടുകയായിരുന്നു. കൊക്രജാര്‍ ജില്ലയില്‍ ആരംഭിച്ച കലാപം മറ്റ്‌ ബോഡോലാന്‍ഡ്‌ പ്രദേശങ്ങളായ ചിരാംങ്‌, ഉദല്‍ഗുരി, ധുബ്‌രി, ബോന്‍ഗോയ്‌ഗാവ്‌, സോനിത്‌പൂര്‍, രാംപൂര്‍, പചര്‍കാത എന്നിവിടങ്ങളിലേക്കും വളരെ വേഗത്തില്‍ വ്യാപിച്ചു. അഞ്ഞൂറോളം ഗ്രാമങ്ങളില്‍ കലാപം പടര്‍ന്നതായാണ്‌ ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്‌.
ഔദ്യോഗിക കണക്കുപ്രകാരം 58 പേരുടെ മരണമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. എന്നാല്‍ 200നും 300നുമിടക്ക്‌ മരണം നടന്നിട്ടുണ്ടെന്നതാണ്‌ വിശ്വസനീയമായ റിപ്പോര്‍ട്ട്‌. മുസ്‌ലിം ഗ്രാമങ്ങളിലെ ചെളിപ്പാടങ്ങളും സെപ്‌റ്റിക്‌ ടാങ്കുകളും മൃതശരീരങ്ങള്‍ ഒഴുകി നടക്കുന്ന നിലയിലാണെന്നാണ്‌ അവിടം സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. നാല്‌ ലക്ഷത്തോളം പേര്‍ വീടുകള്‍ ഉപേക്ഷിച്ച്‌ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്‌. 14,400 മുസ്‌ലിംകള്‍ കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നു. 410 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്‌. ഇതില്‍ 235 എണ്ണം മുസ്‌ലിം അഭയാര്‍ഥികള്‍ക്ക്‌ വേണ്ടിയാണ്‌. അഭയാര്‍ഥി ക്യാമ്പുകളിലെ അവസ്ഥ അത്യന്തം പരിതാപകരമാണ്‌. ക്യാമ്പുകളില്‍ കയറിയും അക്രമികള്‍ വെടിയുതിര്‍ത്തതായി ഉര്‍ദു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്‌.
അസമിലെ മുസ്‌ലിംകള്‍
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ അസമില്‍ മുസ്‌ലിംകളുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും അസമിലേക്കുള്ള കടന്നുകയറ്റമുണ്ടായിട്ടുള്ളത്‌. ഫലഭൂയിഷ്‌ഠ പ്രദേശമായ അസമിലെ തദ്ദേശവാസികള്‍ അലസന്മാരായിരുന്നു. കൃഷിക്കുവേണ്ടി ഈസ്റ്റ്‌ ബംഗാളി കര്‍ഷകരെ അസമിലേക്ക്‌ കൊണ്ടുവരുന്നത്‌ ബ്രട്ടീഷുകാരാണ്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ തേയില തോട്ടങ്ങളിലും ചണ വ്യവസായത്തിലും കഠിനാധ്വാനികളും ഉല്‍സുകരുമായ ഈ ജനങ്ങള്‍ സജീവമായിരുന്നു. ഈ സമയത്ത്‌ ധാരാളം കുടിയേറ്റങ്ങളുണ്ടായിട്ടുണ്ട്‌. തദ്ദേശീയര്‍ ഈ കുടിയേറ്റത്തെ എതിര്‍ത്തെങ്കിലും ബ്രിട്ടീഷുകാര്‍ അത്‌ വകവെച്ചില്ല. ചരിത്രപരമായ ഈ വസ്‌തുതകളെ മറച്ചുവെച്ചുകൊണ്ടാണ്‌ കുടിയേറ്റത്തിന്‌ ഭീകരതയുടെയും തീവ്രവാദത്തിന്റെയും വര്‍ണം നല്‍കുന്നത്‌. ഈ കുടിയേറ്റം ഇന്ത്യാ-പാകിസ്‌താന്‍ വിഭജനസമയത്തും തുടര്‍ന്നിരുന്നു.
അസമിലെ കുടിയേറ്റത്തിലെ മുസ്‌ലിം അനുപാതം പരിശോധിക്കേണ്ടത്‌ വിവാദ പശ്ചാത്തലത്തില്‍ അനിവാര്യമായിരിക്കുകയാണ്‌. 1951 ലെ സെന്‍സസ്‌ പ്രകാരം സംസ്ഥാന ജനസംഖ്യയില്‍ 26.60% മുസ്‌ലിംകളായിരുന്നു. 30.90% മാണ്‌ 2001ലെ കണക്കുപ്രകാരം അസമിലെ മുസ്‌ലിം ജനസംഖ്യ. അമ്പത്‌ വര്‍ഷത്തിനിടയ്‌ക്ക്‌ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലുള്ള മുസ്‌ലിംകളുടെ വളര്‍ച്ചാനിരക്കിനെക്കാള്‍ ഇത്‌ കുറവാണെന്ന്‌ കാണാം. പിന്നെ എങ്ങനെയാണ്‌ ഇപ്പോഴും അനധികൃതമായ കുടിയേറ്റമുണ്ടെന്ന്‌ പറയുന്നത്‌. തുടര്‍ന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശി കുടിയേറ്റമാണ്‌ കലാപ കാരണമെന്നാണ്‌ ബി ജെ പി നേതാവ്‌ എല്‍ കെ അദ്വാനി ഗുവാഹത്തിയില്‍ പത്രസമ്മേളനം നടത്തി പറഞ്ഞത്‌. ബി ജെ പിയുടെ വര്‍ഗീയ രാഷ്‌ട്രീയവും കോണ്‍ഗ്രസിന്റെ ഭൂരിപക്ഷ പ്രീണന വോട്ടുബാങ്ക്‌ രാഷ്‌ട്രീയവുമാണ്‌ യാഥാര്‍ഥത്തില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നത്‌.
മൂന്നാംകിട പൗരന്‍മാര്‍
ഇന്ത്യന്‍ ഭരണഘടനപ്രകാരം രണ്ട്‌ തരത്തിലുള്ള പൗരത്വമാണുള്ളത്‌. എന്നാല്‍ അസമില്‍ മൂന്നാമതൊന്നു കൂടി നിലവിലുണ്ട്‌. ഡി-വോട്ടേര്‍സ്‌ (ഡൗട്ട്‌ഫുള്‍-സംശയാസ്‌പദമായ വോട്ടര്‍മാര്‍) എന്നാണ്‌ അവര്‍ക്ക്‌ നാമകരണം ചെയ്‌തിട്ടുള്ളത്‌. ന്യൂനപക്ഷങ്ങള്‍ക്ക്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരു തന്ത്രമായാണ്‌ ഇതിനെ മുസ്‌ലിം നേതാക്കള്‍ കാണുന്നത്‌. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുകുടിയേറ്റക്കാരെ അഭയാര്‍ഥികളെന്നും മുസ്‌ലിംകളെ അനധികൃത നുഴഞ്ഞുകയറ്റക്കാരെന്നും മുദ്രകുത്തുന്ന വൃത്തികെട്ട രാഷ്‌ട്രീയമാണ്‌ ഇപ്പോഴുള്ളതെന്നാണ്‌ വസ്‌തുത. ഡി-വോട്ടേര്‍സ്‌ ലിസ്റ്റിലുള്ള പല ഹിന്ദുക്കള്‍ക്കും കാലക്രമേണ പൗരത്വം നല്‍കിയ ചരിത്രമാണുള്ളത്‌. ഉദാഹരണത്തിന്‌ റിട്ടയേര്‍ഡ്‌ സി ആര്‍ പി എഫ്‌ ജവാന്‍ അനത്‌ ബാന്ധു ബിശ്വാസും അദ്ദേഹത്തിന്റെ ഭാര്യ ആരതി ബിശ്വാസും 1996 വരെ ഡി-വോട്ടേര്‍സ്‌ ലിസ്റ്റിലുള്ളവരായിരുന്നു. എന്നാല്‍ അവരുടെ മക്കള്‍ ഈ ലിസ്റ്റില്‍ പെട്ടവരല്ല. ഇത്‌ മുസ്‌ലിംകള്‍ക്ക്‌ അനുവദിക്കാത്തതുകൊണ്ടുതന്നെ 80% ഡി-വോട്ടേര്‍സ്‌ ലിസ്റ്റിലുള്ളവര്‍ മുസ്‌ലിംകളാണെന്നതാണ്‌ മറ്റൊരു ഞെട്ടിക്കുന്ന കാര്യം.
നേരിയ തോതിലുള്ള കുടിയേറ്റമുണ്ടാകുന്നുണ്ടെന്നത്‌ വസ്‌തുതയാണ്‌. അതുമൂലം നൂറ്റാണ്ടുകളായി ഇവിടം താമസിച്ചുകൊണ്ടിരിക്കുന്നവരെ `പുറത്തുനിന്ന്‌ വന്നവര്‍' എന്നാക്ഷേപിക്കുന്നത്‌ ന്യായീകരിക്കാനാകുമോ? 1950ല്‍ കൊണ്ടുവന്ന കുടിയേറ്റ നിരോധന നിയമത്തിലെ സെക്ഷന്‍ രണ്ടുപ്രകാരം ബംഗ്ലാദേശില്‍ നിന്നുവന്ന ഹിന്ദുക്കളെ സംരക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ നിയമം ഇപ്പോഴും മുസ്‌ലിംകള്‍ക്ക്‌ ബാധകമാക്കുന്നില്ല. അസമിലുള്ള മുസ്‌ലിംകളെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദം മാത്രമാണ്‌ കുടിയേറ്റം. അതുകൊണ്ടുതന്നെ മുസ്‌ലിം നേതാക്കളും സംഘടനകളും ഇതിനെ എല്ലായ്‌പ്പോഴും ശക്‌തമായി അപലപിച്ചിട്ടുണ്ട്‌.
ബോഡോ ദേശീയത
അസമിലെ തദ്ദേശീയരായ ജനവിഭാഗമാണ്‌ ബോഡോകള്‍. ബോഡോ ദേശീയത തലപൊക്കുന്നതോടു കൂടിയാണ്‌ അസം കൂടുതല്‍ സംഘര്‍ഷഭരിതമാകുന്നത്‌. 1980കളില്‍ ആര്‍ എസ്‌ എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ അസമില്‍ ശക്തിപ്പെടുകയുണ്ടായി. ബോഡോകളെ മുസ്‌ലിംകള്‍ക്കെതിരില്‍ അണിനിരത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ്‌ ആര്‍ എസ്‌ എസ്‌ വഹിച്ചിട്ടുള്ളത്‌. 1996ല്‍ പ്രേംസിംഗ്‌ ബ്രഹ്‌മയുടെ നേതൃത്വത്തില്‍ ബോഡോ ലിബറേഷന്‍ ടൈഗേര്‍സ്‌ ഫോഴ്‌സ്‌ (ബി എല്‍ ടി എഫ്‌) രൂപീകരിച്ചതോടു കൂടിയാണ്‌ ബോഡോകള്‍ക്ക്‌ വേണ്ടിയുള്ള ഭൂസമരം ശക്തമാകുന്നത്‌. ബി എല്‍ ടി എഫിന്റെ ശക്തമായ സായുധസമരങ്ങള്‍ കൊണ്ട്‌ 2003ല്‍ കേന്ദ്രം ഭരിച്ചിരുന്ന ബി ജെ പി സര്‍ക്കാര്‍ മെമ്മോറാന്‍ഡം ഓഫ്‌ സെറ്റില്‍മെന്റിന്റെ അടിസ്ഥാനത്തില്‍ ബോഡോലാന്‍ഡ്‌ ടെറിട്ടോറിയല്‍ കൗണ്‍സില്‍ രൂപീകരിച്ചു നല്‍കി. കൊക്രജാര്‍, ഉദല്‍ഗുരി, ബസ്‌ക, ചിരാങ്‌ എന്നീ നാല്‌ ജില്ലകളാണ്‌ ബോഡോലാന്‍ഡ്‌ സ്വയംഭരണാവകാശ പ്രദേശങ്ങള്‍. അതുമുതല്‍ വംശീയവാദികളായ ബോഡോകളും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളും തമ്മില്‍ ദേശീയതയുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുകയായിരുന്നു.
നെല്ലി കൂട്ടക്കൊല
അസം കണ്ടതില്‍ ഏറ്റവും ഭീകരമായ വംശീയ സംഘര്‍ഷം 1983ല്‍ നെല്ലിയില്‍ നടന്നതാണ്‌. ആറുമണിക്കൂറുകൊണ്ട്‌ 5000ത്തോളം (ഔദ്യോഗിക കണക്കുപ്രകാരം 2191) ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെയാണ്‌ കൂട്ട നരഹത്യ നടത്തിയത്‌. മംഗല്‍ദോയി ലോക്‌സഭാ സീറ്റില്‍ ഹീരാലാല്‍ പത്‌വാരിയുടെ മരണത്തെ തുടര്‍ന്ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടത്തുന്നതുമായി ബന്ധപ്പെട്ടാണ്‌ കലാപമുണ്ടായത്‌. വോട്ടര്‍പട്ടികയില്‍ കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി ഉണ്ടെന്നും അത്‌ ഒഴിവാക്കിയതിന്‌ ശേഷം മാത്രം തെരഞ്ഞെടുപ്പ്‌ നടത്തിയാല്‍ മതിയെന്നും ആള്‍ അസാം സ്റ്റുഡന്റ്‌സ്‌ യൂനിയന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്‌ പരിഗണിക്കാതിരുന്നതാണ്‌ ഇത്തരമൊരു നരമേധത്തിന്‌ കാരണമായത്‌. കലാപത്തെ കുറിച്ചന്വേഷിച്ച തിവാരി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ഇപ്പോഴും തുറക്കാതെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്‌.
ഭരണകൂട ഭീകരത
ഇപ്പോള്‍ നടന്ന കലാപത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ തുടക്കത്തിലുള്ള നിസ്സംഗത വലിയ തോതില്‍ കാരണമായിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ സര്‍ക്കാറിന്റെ തന്നെ സഖ്യകക്ഷിയായ ബോഡോ പീപ്പിള്‍സ്‌ പ്രോഗ്രസ്സീവ്‌ ഫ്രണ്ടിന്‌ കലാപത്തില്‍ പങ്കുണ്ടെന്നത്‌ ഒരു ആക്ഷേപം മാത്രമല്ല, വസ്‌തുത കൂടിയാണ്‌. ഇപ്പോള്‍ സംഘര്‍ഷം ഉണ്ടായതിന്റെ ഉത്തരവാദിത്വം തരുണ്‍ ഗൊഗോയി സര്‍ക്കാറിനാണെന്ന്‌ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ്‌ അസം ഘടകം പ്രസിഡന്റ്‌ ദിലേര്‍ ഖാര്‍ ആരോപിച്ചിരുന്നു. പട്ടാളക്കാരുടെ വേഷത്തില്‍ ആയുധങ്ങളുമായി വന്നെത്തിയ കലാപകാരികള്‍ക്ക്‌ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന്‌ തെറ്റിദ്ധരിച്ച്‌ ഗ്രാമങ്ങളിലേക്ക്‌ വഴിയൊരുക്കി കൊടുത്തത്‌ കലാപത്തിന്റെ ഭീകരത വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്‌. ന്യൂനപക്ഷവിഭാഗങ്ങളുടെ താമസസ്ഥലങ്ങള്‍ മാത്രം തെരഞ്ഞുപിടിച്ച്‌ നശിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ബോഡോ കലാപകാരികളാണ്‌ ഇവരെന്ന്‌ മനസ്സിലാക്കിയതെന്നും ദിലേര്‍ ഖാന്‍ പറയുന്നുണ്ട്‌.
റഹ്‌മാന്‍ഖാനെ പോലെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളും സംസ്ഥാനത്തുള്ള മുസ്‌ലിം എം പിമാരും മുഖ്യമന്ത്രിക്കെതിരായി പരസ്യമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. സര്‍ക്കാറില്‍ നിന്നും കലാപം അടിച്ചമര്‍ത്താന്‍ സഹായങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഐ പി എസ്‌ ഓഫിസര്‍ നാരായണ്‍ ദാസ്‌ രാജിവെച്ച വിവരവും ഞെട്ടിപ്പിക്കുന്നതാണ്‌. ഗുജറാത്ത്‌ കലാപങ്ങളിലെ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനോടാണ്‌ തരുണ്‍ ഗൊഗോയിയുടെ നിസ്സംഗതയെ ശാഹി ഇമാം മൗലാനാ സയ്യിദ്‌ അഹ്‌മദ്‌ ബുഖാരി താരതമ്യപ്പെടുത്തിയത്‌. തരുണ്‍ ഗൊഗോയിയുടെ കുറ്റകരമായ നിസ്സംഗത മുസ്‌ലിം നേതാക്കളുടെ വ്യാപകമായ ആപേക്ഷങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുമുണ്ട്‌.
ദുരിതാശ്വാസത്തിനായി 300 കോടി രൂപ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പ്രഖ്യാപിച്ചത്‌ ഇപ്പോഴുണ്ടായ കലാപത്തിന്റെ ആഴം സൂചിപ്പിക്കുന്നതാണ്‌. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി പി ചിദംബരവും ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്‌ ആശ്വാസകരമായ കാര്യം തന്നെ. വര്‍ഗീയ കലാപങ്ങളുടെ കാരണങ്ങള്‍ ആകസ്‌മികമാണെങ്കിലും സംഘര്‍ഷങ്ങളെ വളരെ ആസൂത്രിതമായി ഫാസിസ്റ്റ്‌ ശക്തികള്‍ ഉപയോഗപ്പെടുത്തുന്നതാണ്‌ ഭീകരമായ നാശനഷ്‌ടങ്ങള്‍ക്ക്‌ കാരണം. മാത്രമല്ല ഒരു മതവിഭാഗത്തെ മാത്രം ഉന്നംവെച്ച്‌ ഇത്തരം കലാപങ്ങള്‍ നടക്കുന്നുവെന്നതും ഫാസിസ്റ്റ്‌ അജണ്ട വ്യക്തമാക്കുന്നതാണ്‌. വോട്ട്‌ബാങ്ക്‌ രാഷ്‌ട്രീയം മാറ്റിവെച്ച്‌ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും തയ്യാറായാല്‍ ഒരു പരിധിവരെ അസമിനെ ശാന്തമാക്കാന്‍ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കാം.