Pages

Search This Blog

Saturday, September 17, 2011

തുടരുന്ന സ്‌ഫോടനങ്ങളും തീരാത്ത ആശങ്കയും

തലസ്ഥാന നഗരിയെ രക്തപങ്കിലമാക്കി മറ്റൊരു ബോംബ്‌ സ്‌ഫോടനം കൂടി. ദല്‍ഹി ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ പ്രവേശന കവാടത്തിന്‌ സമീപം രാജ്യദ്രോഹികള്‍ ആസൂത്രണം ചെയ്‌തു നടപ്പിലാക്കിയ സ്‌ഫോടനത്തില്‍ 13 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്‌. തൊണ്ണൂറോളം പേര്‍ക്ക്‌ പരുക്കേറ്റിട്ടുമുണ്ട്‌. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. സ്‌ഫോടക വസ്‌തു നിറച്ച ബ്രീഫ്‌കേസ്‌ പ്രവേശന കവാടത്തിന്‌ സമീപം ഉപേക്ഷിച്ച്‌ തീവ്രവാദികള്‍ കടന്നുകളഞ്ഞതായിരുന്നു.

രാജ്യസുരക്ഷയെ കൊഞ്ഞനം കുത്തി എവിടെ വേണമെങ്കിയും ഏത്‌ സമയത്തും ഭീകരാവസ്ഥ സൃഷ്‌ടിക്കാന്‍ മാത്രം തങ്ങള്‍ വളര്‍ന്നിട്ടുണ്ടെന്ന തീവ്രവാദികളുടെ ഈ പ്രഖ്യാപനം ആഭ്യന്തര മന്ത്രാലയത്തിന്റെ ശീതീകരിച്ച മുറിയിലിരിക്കുന്നവരുടെ കാര്യപ്രാപ്‌തിയെ വെല്ലുവിളിക്കുന്നതാണ്‌. കഴിഞ്ഞ മെയ്‌ മാസത്തില്‍ ഹൈക്കോടതി പരിസരത്ത്‌ സമാന രീതിയിലുള്ള ഒരു സ്‌ഫോടനം നടന്നിരുന്നു. ആളപായങ്ങളില്ലാതിരുന്ന ആ സ്‌ഫോടനം ഇപ്പോള്‍ നടത്തിയതിന്റെ മുന്നൊരുക്കമായാണ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്‌.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയ്‌ക്ക്‌ ദല്‍ഹിയില്‍ നടക്കുന്ന പത്താമത്തെ ഭീകരവാദി ആക്രമണമാണിത്‌. നിരപരാധികളായ നൂറിലധികം പേരുടെ ജീവനുകളെങ്കിലും ഈ സ്‌ഫോടനങ്ങളിലൂടെ അപഹരിക്കപ്പെട്ടിട്ടുണ്ട്‌. സാധാരണത്തേതില്‍ നിന്ന്‌ വിഭിന്നമായി പൊട്ടിത്തെറി നടന്നയുടന്‍ തന്നെ പ്രതികളെന്ന്‌ കരുതുന്നവരുടെ രേഖാ ചിത്രം ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്‌. രേഖാചിത്രത്തിലുള്ളവരുമായി സാമ്യമുള്ള രണ്ടു പേരെ രാജസ്ഥാനില്‍ നിന്ന്‌ അറസ്റ്റുചെയ്‌തതായാണ്‌ ഒടുവില്‍ ലഭിക്കുന്ന വിവരം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ രണ്ട്‌ ഭീകരവാദ സംഘങ്ങള്‍ രംഗത്തെത്തിയിട്ടുണ്ടെന്നതാണ്‌ മറ്റൊരു വിശേഷം. നാലു ഇ-മെയില്‍ സന്ദേശങ്ങള്‍ ഇതുവരെ ഈ ആക്രമണവുമായി ബന്ധപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ച്‌ കഴിഞ്ഞിട്ടുണ്ട്‌. ഹുജി (ഹര്‍ക്കത്തുല്‍ ജിഹാദി അല്‍ ഇസ്‌ലാമി)യാണ്‌ ആദ്യമായി അവകാശവാദമുന്നയിച്ച്‌ ഇമെയില്‍ സന്ദേശം അയച്ചത്‌. ഈ സന്ദേശമയച്ചത്‌ ജമ്മു കാശ്‌മീരിലെ കിസ്‌ത്വാറെന്ന പ്രദേശത്തുള്ള ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നാണെന്നും കഫേ ഉടമയെയും ബന്ധുക്കളെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടി അറിയാന്‍ സാധിക്കുന്നു.

ഇന്ത്യന്‍ മുജാഹിദീന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ സന്ദേശമയച്ചത്‌ ബംഗാളില്‍ നിന്നാണെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. സുരക്ഷാ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച്‌ അയച്ച സന്ദേശത്തില്‍ മറ്റൊരു സ്‌ഫോടനത്തെ കുറിച്ചുള്ള മുന്നറിയിപ്പും കൂടി നല്‍കുന്നുണ്ടവര്‍. ഏതായിരുന്നാലും ഒരു സ്‌ഫോടനം നടന്നതുകൊണ്ട്‌ സുരക്ഷാ ക്രമീകരണങ്ങളില്‍ കുറച്ചു ദിവസത്തേക്കെങ്കിലും ജാഗ്രത പാലിക്കുമെന്ന്‌ പ്രതീക്ഷിക്കാം. ആവര്‍ത്തിക്കപ്പെടുന്ന ഈ പൊട്ടിത്തെറികള്‍ക്കും നിലയ്‌ക്കാത്ത ആശങ്കകള്‍ക്കും ശാശ്വതമായ പരിഹാരമുണ്ടാക്കേണ്ടതുണ്ട്‌. സിവിലിയന്‍മരുടെ ജീവിത സുരക്ഷ ഒരാക്രമണം നടക്കുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. നിതാന്ത ജാഗ്രതയും സൂക്ഷ്‌മമായ സുരക്ഷാ പരിശോധനകളും ഇവ്വിശയകമായി ഉണ്ടാകേണ്ടതുണ്ട്‌.

ഉന്നതമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിയിരുന്ന ഹൈക്കോടതി പോലെയുള്ള സ്ഥാപനങ്ങളില്‍ സി സി ടി വി ക്യാമറകള്‍ പോലും ഉണ്ടായിരുന്നില്ലെന്നത്‌ ആശങ്കാജനകമാണ്‌. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന്‌ കാലതാമസം വരുത്താന്‍ ഇത്‌ ഇടയാക്കും. പൗരന്‍മാരുടെ എണ്ണത്തിന്‌ അനുസൃതമായി നമ്മുടെ രാജ്യത്ത്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഇല്ലായെന്നതും ഗൗരവത്തിലെടുക്കേണ്ടതാണ്‌. 1037 സിവിലിയന്‍മാര്‍ക്ക്‌ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ്‌ ഇപ്പോഴുള്ളത്‌. എന്നാല്‍ ഇത്‌ മറ്റു രാജ്യങ്ങളില്‍ 333 ന്‌ ഒരാള്‍ എന്ന അനുപാതത്തിലാണ്‌. ആറ്‌ ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. അടിയന്തര ശ്രദ്ധയെത്തേണ്ട ഒരു വിഷയമാണിത്‌.

പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട്‌ തടവില്‍ കഴിയുന്ന അഫ്‌സല്‍ ഗുരുവിന്റെ മോചനമാവശ്യപ്പെട്ടാണ്‌ സ്‌ഫോടനം നടത്തിയതെന്നാണ്‌ ഹുജി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്‌. അതിനുവേണ്ടി നിരപരാധികളുടെ ജീവനെടുക്കലല്ല പോംവഴി. സമാധാനപൂര്‍ണ്ണമായ മാര്‍ഗങ്ങളിലൂടെ അധികാരികളുടെ മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അവതരിപ്പിക്കുകയാണ്‌ വേണ്ടത്‌. പൊതുജനങ്ങളെ അത്‌ ബോധ്യപ്പെടുത്താന്‍ അവര്‍ മുന്നോട്ടു വരികയായിരുന്നു അഭികാമ്യം. രാജ്യത്തെ പരമോന്നത നീതി പീഠം കുറ്റവാളിയെന്ന്‌ കണ്ടെത്തി ശിക്ഷിക്കാന്‍ വിധിച്ച ഒരാളെ ഈ രീതിയിലുള്ള നരഹത്യകളിലൂടെ മോചിപ്പിക്കാന്‍ സാധിക്കുമെന്ന്‌ വിശ്വസിക്കുന്നവര്‍ വിഡ്‌ഢികളുടെ സ്വര്‍ഗത്തിലാണെന്നല്ലാതെ എന്തു പറയാന്‍ !.

2002ല്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ (തെഹല്‍ക പോലെയുള്ള മാധ്യമങ്ങളുടെ കണ്ടെത്തല്‍) മുസ്‌ലിംകളെ ഉന്‍മൂലനം ചെയ്യാന്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയ വര്‍ഗീയ കലാപങ്ങളുടെ പ്രതികാരത്തിന്നായി രൂപീകൃതമായ തീവ്രവാദ സംഘടനയായാണ്‌ ഇന്ത്യന്‍ മുജാഹിദീന്‍ തങ്ങളെ സ്വയം പരിചയപ്പെടുത്തുന്നത്‌. ജയ്‌പൂര്‍, അജ്‌മീര്‍ എന്നിടങ്ങളില്‍ 2008ല്‍ സ്‌ഫോടനങ്ങള്‍ നടത്തിയാണ്‌ ഇവര്‍ രംഗപ്രവേശം ചെയ്യുന്നത്‌. തുടര്‍ന്നങ്ങോട്ട്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള പൊട്ടിത്തെറികള്‍ക്ക്‌ പിന്നിലുള്ള കറുത്ത കരങ്ങള്‍ ഇവരുടേതാണെന്നാണ്‌ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ പകല്‍വെളിച്ചത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ ഇതേവരേക്കും നമ്മുടെ സുരക്ഷാ സംവിധാനങ്ങള്‍ക്ക്‌ സാധിച്ചിട്ടെല്ലന്നത്‌ ഖേദകരമാണ്‌. മാത്രമല്ല പലപ്പോഴായി ഇന്ത്യന്‍ മുജാഹിദീനിന്റെ നേതാക്കളെ തന്നെ മാറ്റി പറയുന്ന കൗതുകകരമായ അവസ്ഥയ്‌ക്ക്‌ സാക്ഷികളാകേണ്ടിയും വന്നു നമ്മള്‍. എന്നാല്‍ രാജ്യത്തെ നടുക്കിയ പല സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നിലും സവര്‍ണ്ണ ഫാസിസത്തിന്റെ കരങ്ങളാണ്‌ പ്രവര്‍ത്തിച്ചതെന്ന പുതിയ വെളിപ്പെടുത്തലുകള്‍ തീവ്രവാദവുമായി ബന്ധപ്പെട്ട്‌ നാം നിര്‍മിച്ചിട്ടുള്ള ചില വാര്‍പ്പു ചിന്തകളെ പുനപരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടിവരും എന്നതിലേക്കാണ്‌ എത്തിക്കുന്നത്‌. ഹുജിയെയും ഇന്ത്യന്‍ മുജാഹിദീനിനെയുമെല്ലാം `ഇരുട്ടിന്റെ ശക്‌തികളായി' അല്ലെങ്കില്‍ `സജീവ തീവ്രവാദ' ഗ്രൂപ്പുകളായി നിലനിര്‍ത്തേണ്ടത്‌ ഇത്തരം ഹിന്ദുത്വ ഭീകരതയ്‌ക്ക്‌ കൂടി അനിവാര്യമാണ്‌.

രാജ്യത്തെ പിടിച്ചുലക്കാന്‍ മാത്രം പോന്ന രാഷ്‌ട്രീയ ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും കുംഭകോണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനും ചിലര്‍ ബോധപൂര്‍വം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്‌ സ്‌ഫോടനങ്ങളെന്ന്‌ ഒരാള്‍ വിശ്വസിച്ചാല്‍ അയാളെ കുറ്റം പറയാനൊക്കില്ല. കാരണം ആര്‍ എസ്‌ എസ്‌ നേതാവ്‌ ഇന്ദ്രേഷ്‌ കുമാറിനെതിരായ ബോംബ്‌ സ്‌ഫോടനക്കേസുകള്‍ സജീവമായി അന്വേഷിക്കാന്‍ ആരംഭിച്ചപ്പോഴാണ്‌ മുംബൈയിലെ സാവേരി ബസാറില്‍ ഇന്ത്യന്‍ മുജാഹിദീന്‍ സ്‌പോണ്‍സേര്‍ഡ്‌ പൊട്ടിത്തെറി നടക്കുന്നത്‌. ആര്‍ എസ്‌ എസ്‌ നേതാവിന്‌ ഇന്ത്യന്‍ മുജാഹിദീന്‍ ആക്രമണം ഗുണകരമായെന്ന്‌ ചുരുക്കം. കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണം കത്തി നിന്നപ്പോഴും രാജ്യത്ത്‌ നടന്നിട്ടുള്ള ഭീകരാക്രമണങ്ങളും ആര്‍ എസ്‌ എസ്‌ ബാന്ധവവും സജീവ ചര്‍ച്ചയായപ്പോഴും അതിന്റെ ഭാഗമായി കേണല്‍ പുരോഹിതും സ്വാമി അസീമാനന്ദയും സ്വാമിനി പ്രജ്ഞാസിംഗ്‌ ഠാക്കൂറും ഇന്ദ്രേഷ്‌ കുമാറുമെല്ലാം പ്രതി പട്ടികയിലേക്ക്‌ ചേക്കേറാന്‍ ആരംഭിച്ചപ്പോഴും നിരപരാധികളുടെ ജീവനപഹരിക്കുന്ന ഉഗ്രസ്‌ഫോടനങ്ങള്‍ നമ്മുടെ രാജ്യത്ത്‌ നടന്നിട്ടുണ്ട്‌. ഇവ ചേര്‍ത്ത്‌ വായിക്കാന്‍ നാം ധൈര്യം കാണിക്കണം.

വോട്ടിന്‌ കോഴ നല്‍കിയെന്ന കേസിന്റെ ഭാഗമായി ഫഗ്ഗാന്‍ സിംഗ്‌, മഹാവീര്‍ ഭഗോറ എന്നീ ബി ജെ പിയുടെ രണ്ട്‌ മുന്‍ എം പി മാരെ അറസ്റ്റു ചെയ്യുകയും കേസന്വേഷണം എല്‍ കെ അദ്വാനിയിലേക്ക്‌ കൂടി നീളുകയും ചെയ്‌തപ്പോഴാണ്‌ മറ്റൊരു സ്‌ഫോടനം ദല്‍ഹിയില്‍ നടന്നിട്ടുള്ളതെന്നത്‌ ഒരുപക്ഷേ സ്വാഭാവികമാകാം. എന്നിരുന്നാലും ഇവ തമ്മില്‍ ബന്ധമുണ്ടോയെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. ആഭ്യന്തര മന്ത്രി പി ചിദംബരം മുംബൈയില്‍ അടുത്ത കാലത്ത്‌ നടന്ന ഭീകര ആക്രമണത്തില്‍ സവര്‍ണ്ണ ഫാസിസ്റ്റുകളുടെ കൈകളുണ്ടോയെന്ന്‌ അന്വേഷിക്കുമെന്ന്‌ പറഞ്ഞിരുന്നു. അതിനുള്ള നടപടികള്‍ ഈ കേസിലും ഉണ്ടാകണമെന്നാണ്‌ നിയമവാഴ്‌ചയിലും നീതിയിലും തുല്യതയിലും പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ ആഗ്രഹിക്കുന്നത്‌. അണ്ണാ ഹസാരെയും കൂട്ടരും തലസ്ഥാനത്ത്‌ നടത്തിയ സമരവും ജനലോക്‌പാല്‍ ബില്ല്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള അനുമതി നേടുന്നതില്‍ വിജയിച്ചതും ഭരണ കക്ഷിക്ക്‌ ക്ഷീണം വരുത്തിവെച്ച കാര്യങ്ങളാണ്‌. ഈ ക്ഷീണമകറ്റാനുള്ള ശ്രമവും തള്ളിക്കളയേണ്ടതില്ല.

ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന്‌ അനുശാസിക്കുന്ന ഭരണഘടനയുടെയും നീതിന്യായ വ്യവസ്ഥയുടെയും അവകാശികളാണ്‌ നമ്മള്‍. തീവ്രവാദം പോലുള്ള വളരെ അപകടം പിടിച്ച ആരോപണങ്ങള്‍ ചുമത്തി ഒരു മതത്തിലെ ചെറുപ്പക്കാരെ വേട്ടയാടുന്നതും ശരിയായ കുറ്റപത്രം പോലും സമര്‍പ്പിക്കാതെ വര്‍ഷങ്ങളോളം അവരെ തടവിലിടുന്നതും ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കുകയില്ല. ഒരു വ്യക്തിയിലുപരി അയാളുടെ കുടുംബത്തെ തന്നെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ അകറ്റി നിര്‍ത്താന്‍ ഇത്തരം ആരോപണങ്ങള്‍ കാരണമാകാറുണ്ട്‌. ഇവ ബാലിശങ്ങളാണെങ്കില്‍ ആ നിരപരാധികള്‍ കൂടി അക്രമത്തിന്റെ മാര്‍ഗങ്ങളിലൂടെ തങ്ങളെ ഒറ്റപ്പെടുത്തിയവരോട്‌ പ്രതികരിച്ചെന്നു വരാം. അതുകൊണ്ടുതന്നെ തീവ്രവാദ കേസുകള്‍ നീട്ടിവെക്കാതെ പെട്ടെന്ന്‌ തീര്‍പ്പാക്കേണ്ടതുണ്ട്‌. അതിനായി പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കുകയും വിചാരണയിലൂടെ കുറ്റവാളികള്‍ക്ക്‌ മാതൃകാപരമായ കനത്ത ശിക്ഷയും നിരപരാധികള്‍ക്ക്‌ വളരെ വേഗത്തിലുള്ള മോചനവും നല്‍കാന്‍ സാധിക്കണം.

No comments:

Post a Comment