കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെട്ടു കൊണ്ടുള്ള തര്‍ക്കങ്ങളും അവയെ കൊളോണിയല്‍ വത്കരിച്ച് പൊളിച്ചെഴുതാനുള്ള ശ്രമങ്ങളും നടക്കുന്ന അവസരത്തില്‍ അതിന്റെ യാഥാര്‍ഥ്യം അന്വേഷിച്ചുള്ള പഠനത്തിന് പ്രസക്തിയുണ്ട്. കാലാനുസൃതമായി കടന്നുകൂടുന്ന ജീര്‍ണതകളില്‍നിന്നു ശുദ്ധീകരിച്ച് മതത്തെ അതിന്റെ തനിമയില്‍ നിലനിര്‍ത്തേണ്ടത് പണ്ഡിതന്‍മാരുടെ ദൗത്യമാണ്. വേലി തന്നെ വിള തിന്നു കൊണ്ടിരുന്ന ഒരുകാലത്ത് അത്യധികം സാഹസപ്പെട്ട് സൃഷ്ടിച്ചെടുത്ത ഉണര്‍വിനെ കൊളോണിയല്‍ പ്രേരിതമെന്ന് അധിക്ഷേപിക്കുന്നത് ചരിത്രത്തോട് നീതി പുലര്‍ത്താത്ത പ്രസ്താവനയാണ്. മുജീബുര്‍റഹ്മാന്‍ കിനാലൂരിന്റെ 'മുസ്‌ലിം നവോത്ഥാനവും ആധുനികതയും' എന്ന പഠനം നവോത്ഥാന പ്രസ്ഥാനത്തിനും നായകന്‍മാര്‍ക്കുമെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയുന്ന മികച്ച രചനയാണ്.
ഇസ്‌ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിലേക്കും പ്രവാചക ചര്യയിലേക്കുമുള്ള തിരിച്ചുവിളിക്കലായിരുന്നു കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ കാതലായ വശം. പ്രമാണങ്ങളോടൊപ്പം തന്നെ യുക്തിക്കും തുല്യമായ പ്രാധാന്യം ഇസ്‌ലാഹീ നായകന്‍മാര്‍ നല്കിയിരുന്നു. സഊദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലുണ്ടായിട്ടുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സമ്യക്കായി ഉള്‍ചേര്‍ന്നതായിരുന്നു കേരളത്തിലെ മുസ്‌ലിം നവോത്ഥാനമെന്ന് ചുരുക്കം.
കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ അമരക്കാരനായ വക്കം മൗലവിയെ പ്രധാനമായും പ്രചോദിപ്പിക്കുന്നത് ഈജിപ്തില്‍ ഉണ്ടായിട്ടുള്ള അല്‍ മനാര്‍ ചിന്താ പ്രസ്ഥാനമാണ്. ജഡാവസ്ഥയില്‍ നിലകൊണ്ടിരുന്ന ഇസ്‌ലാമിനെ കാലോചിതമായി പരിഷ്‌കരിച്ച് നൂതന വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമാക്കുകയായിരുന്നു സയ്യിദ് റശീദ് റിദ അല്‍ മനാര്‍ പ്രസ്ഥാനത്തിലൂടെ. താന്‍ ജീവിച്ച കാലഘട്ടത്തിലെ അനിസ്‌ലാമിക ആചാരങ്ങളെ തുടച്ചുനീക്കാന്‍ പ്രമാണവും യുക്തിയും ഇഴചേരണമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ജമാലുദ്ധീന്‍ അഫ്ഗാനിയുടെ രാഷ്ട്രീയ നവോത്ഥാനവും മുഹമ്മദ് അബ്ദുവിന്റെ വൈജ്ഞാനിക നവോത്ഥാനവും ഒരുപോലെ ഒത്തിണക്കി ഇവ രണ്ടിന്റെയും പ്രസക്തി വരച്ചുകാട്ടുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് റിദ നടപ്പിലാക്കിയിരുന്നത്. വക്കം മൗലവിയിലൂടെ കേരളത്തിലേക്ക് കടന്നു വന്നതും ഇതു തന്നെയായിരുന്നു. അല്ലാമ റശീദ് റിദയുടെയും അല്‍ മനാറിന്റെയും ചിന്താപദ്ധതികളാല്‍ സ്വാധീനിക്കപ്പെടാത്ത നവോത്ഥാന-ധൈഷണിക ചലനങ്ങള്‍ പില്‍ക്കാലത്ത് ലോകത്തെവിടെയും ഉണ്ടായിട്ടില്ലെന്ന നിരീക്ഷണം ശ്രദ്ധേയമാണ്.
നവോത്ഥാന പ്രവര്‍ത്തനങ്ങളെ അവ കടന്നുവന്ന കാലഘട്ടങ്ങളുടെ ഉല്‍പന്നമായിട്ടാണ് വിലയിരുത്തേണ്ടത്. നവോത്ഥാന പ്രവര്‍ത്തനങ്ങളെ അവയുടെ കാലഘട്ടങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് വായിക്കാന്‍ ശ്രമിച്ചാലുണ്ടാകുന്ന അബദ്ധങ്ങളേ 'പൊളിച്ചെഴുത്തുകാര്‍ക്ക്' ഉണ്ടായിട്ടുള്ളൂ. 'കൊളോണിയല്‍ ആധുനികതയുടെ കൊടുങ്കാറ്റടിച്ച കാലത്ത്, ഇസ്‌ലാമിക ധിഷണ ഏറ്റെടുത്ത നവോത്ഥാന വ്യവഹാരങ്ങളില്‍ ചില അതിരു കവിച്ചിലുകളും യുക്തിയുടെ അമിതാശ്ലേഷ വ്യഗ്രതയുമൊക്കെ വന്നു പോയിരിക്കാം' എന്ന ലേഖകന്റെ അഭിപ്രായം നീതിപൂര്‍വമായ ചരിത്ര വായന കൂടിയാണ്.
തീവ്രവാദ, ഭീകരവാദ ചിന്താധാരകളെ വഹ്ഹാബിസവുമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്ന അമേരിക്കന്‍ ബുദ്ധിജീവികള്‍ക്ക് പാശ്ചാത്യ ലോകത്ത് നിന്നു തന്നെ വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിന്റെ ചിന്തകളെ പ്രതിനിധീകരിക്കുന്ന വഹ്ഹാബി ധാരയും സയ്യിദ് ഖുതുബിന്റെ ആദര്‍ശങ്ങളെ വിഭാവനം ചെയ്യുന്ന വഹ്ഹാബി ധാരയും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഖുതുബിസമാണ് ബിന്‍ ലാദനെ പോലുള്ളവരെ സ്വാധീനിച്ചത്. വഹ്ഹാബിസത്തിന്റെ ഉല്‍പന്നമായി തീവ്രവാദത്തെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങളുടെ മുനയൊടിക്കുന്നുണ്ട് ലേഖകന്‍ ഈ രചനയിലൂടെ.
തീവ്രവാദ, ഭീകരവാദ ചിന്താധാരകളെ വഹ്ഹാബിസവുമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്ന അമേരിക്കന്‍ ബുദ്ധിജീവികള്‍ക്ക് പാശ്ചാത്യ ലോകത്ത് നിന്നു തന്നെ വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിന്റെ ചിന്തകളെ പ്രതിനിധീകരിക്കുന്ന വഹ്ഹാബി ധാരയും സയ്യിദ് ഖുതുബിന്റെ ആദര്‍ശങ്ങളെ വിഭാവനം ചെയ്യുന്ന വഹ്ഹാബി ധാരയും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഖുതുബിസമാണ് ബിന്‍ ലാദനെ പോലുള്ളവരെ സ്വാധീനിച്ചത്. വഹ്ഹാബിസത്തിന്റെ ഉല്‍പന്നമായി തീവ്രവാദത്തെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങളുടെ മുനയൊടിക്കുന്നുണ്ട് ലേഖകന്‍ ഈ രചനയിലൂടെ.
മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ |
സ്ത്രീസമൂഹത്തില്‍ ഉണര്‍വ് പ്രകടമാക്കേണ്ട ദൗത്യം നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കുണ്ട്. എങ്കില്‍ മാത്രമേ നവോത്ഥാനം എന്ന പ്രയോഗത്തിന് പൂര്‍ണത കൈവരികയുള്ളൂ. കേരളത്തില്‍ സംജാതമായിട്ടുള്ള ഉണര്‍വില്‍ ആകൃഷ്ടരായി വനിതകള്‍ സ്വന്തമായി പത്രമാസികകള്‍ ഇറക്കിയിരുന്നു. നവോത്ഥാന പ്രവര്‍ത്തനങ്ങളിലെ സ്ത്രീകളുടെ പങ്കിനെ കുറിച്ച് ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് ലേഖകന്‍ ഓര്‍മപ്പെടുത്തുന്നു.
നവോത്ഥാന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സാര്‍ത്ഥമാക്കുന്നതില്‍ പത്രപ്രസിദ്ധീകരണങ്ങള്‍ക്കുള്ള പങ്ക് സുവിദിതമാണ്. മഹിതമായ പ്രസിദ്ധീകരണ പാരമ്പര്യം കേരള മുസ്‌ലിംകള്‍ക്ക് അവകാശപ്പെടാനുണ്ട്. അവയെക്കുറിച്ചുള്ള ഗഹനമായ പഠനം ഈ കൃതിയെ അമൂല്യമാക്കുന്നതില്‍ പ്രധാന ഘടകമാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റെ വര്‍ത്തമാനവും ഭാവിയും ഒരധ്യായത്തിലൂടെ ചര്‍ച്ച ചെയ്യുന്നുണ്ട്. കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച് സമൂഹത്തിന് ഗുണകരമായ അജണ്ടകള്‍ നിര്‍മിക്കണമെന്ന് മുസ്‌ലിം നേതാക്കന്‍മാരെ അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. യുവത പ്രസിദ്ധീകരിച്ച ഈ പഠനം മികച്ച അകാഡമിക നിലവാരം പുലര്‍ത്തുന്നുണ്ട്. നവോത്ഥാന പ്രസ്ഥാന പ്രവര്‍ത്തകരും വിമര്‍ശകരും ഒരുപോലെ വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം. അതുപോലെതന്നെ, കേരള മുസ്‌ലിംകളെയും നവോത്ഥാനത്തെയും കുറിച്ച് പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും. ലേഖകന്റെ പ്രത്യാശപോലെ, കേരള മുസ്‌ലിം നവോത്ഥാനത്തെ കേന്ദ്രമാക്കി നടക്കുന്ന സംവാദ മണ്ഡലം വികസിപ്പിക്കാന്‍ ഈ കൃതി സഹായമാകുക തന്നെ ചെയ്യും.